കർണാടക ബിജെപിയിൽ പൊട്ടിത്തെറി; തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് എംഎൽഎസിമാർ, പാർട്ടി വിട്ടേക്കും?

ബെംഗളൂരു: നേതാക്കളുടെ കൊഴിഞ്ഞ് പോക്കിൽ പുകഞ്ഞ് കർണാടക ബിജെപി നേതൃത്വം. നിയമസഭ തിരഞ്ഞെടുപ്പിൽ നിയമസഭ കൗൺസിൽ അംഗങ്ങൾ (എംഎൽസി) ടിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് ഇപ്പോഴത്തെ കൂട്ടകൊഴിഞ്ഞ് പോക്കിന് വഴി വെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് ബി ജെ പി എംഎൽസിമാർ രാജിവെച്ച് കോൺഗ്രസിൽ ചേർന്ന് കഴിഞ്ഞു. ഇനിയും മൂന്ന് പേർ കൂടി പാർട്ടി വിട്ടേക്കുമെന്നാണ് സൂചന.

ആവശ്യവുമായി മൂന്ന് പേർ
എംഎൽഎസി അംഗങ്ങൾക്ക് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് ബിജെപിയിലെ തീരുമാനം. എന്നാൽ ചില നേതാക്കൾക്ക് വേണ്ടി ഈ തീരുമാനം മാറ്റിയിട്ടുണ്ടെന്നാണ് സ്ഥാനാർത്ഥിത്വം ആവശ്യപ്പെടുന്നവർ ചൂണ്ടിക്കാട്ടുന്നത്. എംഎൽസിമാരായ ലക്ഷ്മൺ സവാദി, അയനൂർ മഞ്ജുനാഥ്, ആർ ശങ്കർ എന്നിവരാണ് ഇപ്പോൾ സ്ഥാനാർത്ഥിത്വത്തിനായി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ചരട് വലിച്ച് രമേശ് ജാർഖിഹോളി
അത്താനയിൽ നിന്നാണ് ലക്ഷ്മൺ സവാദി സീറ്റ് ആവശ്യപ്പെടുന്നത്. ഓപ്പറേഷൻ താമരയുടെ ഭാഗമായി കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ എത്തിയ മഹേഷ് കുമ്മത്തള്ളിയാണഅ ഇവിടെ നിന്നുള്ള എംഎൽഎ. 2018 ൽ സവാദിയെ പരാജയപ്പെടുത്തിയായിരുന്നു കുമ്മത്തള്ളി എംഎൽഎയായത്. മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് കുമ്മത്തള്ളി. എന്നാൽ ഇവിടെ തനിക്ക് സീറ്റ് നൽകണമെന്ന ഭീഷണിയാണ് സവാദി മുഴക്കുന്നത്. അതേസമയം മുൻ കോൺഗ്രസ് നേതാവും എംഎൽഎമാരെ കോൺഗ്രസിൽ നിന്നും ബി ജെ പിയിലെത്തിക്കുന്നതിൽ ചരടുവലിച്ച പ്രമുഖ നേതാവുമായ രമേശ് ജാർഖിഹോളി കുമ്മത്തള്ളിക്ക് വേണ്ടി രംഗത്തുണ്ട്.

എന്ത് നിലപാട് എടുക്കുമെന്നതാണ് ബി ജെ പിയെ കുഴക്കുന്നത്
കുമ്മത്തള്ളിയെ മത്സരിപ്പിച്ചില്ലെങ്കിൽ താൻ ഗോകക്ക് മണ്ഡലത്തിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് ജാർഖിഹോളി മുഴക്കുന്ന ഭീഷണി. ബെലഗാവി ജില്ലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് ജാർഖിഹോളി. ബിജെപി ജാർഖിഹോളിയെ പിണക്കിയാൽ ഇവിടെയുള്ള 18 സീറ്റുകളിൽ 7 വരെയുള്ള സീറ്റുകളിൽ ബി ജെ പി കനത്ത തിരിച്ചടി നേരിട്ടേക്കാം. ഈ സാഹചര്യത്തിൽ ഇവിടെ എന്ത് നിലപാട് എടുക്കുമെന്നതാണ് ബി ജെ പിയെ കുഴക്കുന്നത്.

മകന് വേണ്ടി ഇത്തവണ സീറ്റ് നൽകമമെന്നതാണ്
ശിവമോഗയാണ് പ്രതിസന്ധി നിലനിൽക്കുന്ന മറ്റൊരു മണ്ഡലം. മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെഎസ് ഈശ്വരപ്പയാണ് ഇവിടെ നിന്നുള്ള എംഎൽഎ. മുൻ എംി കൂടിയായ അയനൂർ മഞ്ജുനാഥാണ് ഇവിടെ നിന്ന് സീറ്റ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 32 വർഷമായി ഈശ്വരപ്പ മണ്ഡലത്തിൽ മത്സരിച്ച് വരികയാണെന്നും ഇനി തനിക്ക് അവസരം നൽകണമെന്നതുമാണ് മഞ്ജുനാഥിന്റെ ആവശ്യം. അതേസമയം തന്റെ മകന് വേണ്ടി ഇത്തവണ സീറ്റ് നൽകമമെന്നതാണ് ഈശ്വരപ്പയുടെ ആവശ്യം.

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുമുള്ള ഭീഷണി
ആർ ശങ്കറിന്റെ നോട്ടം റാണെബെണ്ണൂർ മണ്ഡലമാണ്. അരുൺകുമാർ പൂജാർ ആണ് നിലവിൽ ഇവിടുത്തെ എംഎൽഎ. 2018ലെ തിരഞ്ഞെടുപ്പിൽ കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി അംഗമായ ശങ്കർ റാണെബെണ്ണൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച് എംഎൽഎയായിരുന്നു. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ പിന്തുണച്ച അദ്ദേഹം പിന്നീട് ബിജെപിയെ പിന്തുണയ്ക്കാനായി സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. അതേസമയം ബി ജെ പി ശങ്കറിന് ഉപതിരഞ്ഞെടുപ്പിൽ ടിക്കറ്റ് അനുവദിച്ചിരുന്നില്ല. പാർട്ടി നടത്തിയ സർവ്വേയിൽ ശങ്കർ പരാജയപ്പെടുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടർന്ന് അരുണിനെ പാർട്ടി മത്സരിപ്പിക്കുകയായിരുന്നു. അതേസമയം ഇത്തവണ സീറ്റ് അനുവദിച്ചില്ലെങ്കിൽ താൻ ബി ജെ പി വിടുമെന്നും മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ അല്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുമുള്ള ഭീഷണിയാണ് ശങ്കർ ഉയർത്തുന്നത്. നേതാക്കൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ എന്ത് ചെയ്യുമെന്നറിയാതെ നട്ടം തിരിയുകയാണ് നേതൃത്വം.












Click it and Unblock the Notifications