ബിജെപിയുടെ തന്ത്രങ്ങള്‍ പിഴക്കുന്ന കർണാടക: ലിംഗായത്ത് പൂർണ്ണമായും കൈവിടുമോ, കോണ്‍ഗ്രസ് ചിരിക്ക് പിന്നില്‍
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അധികാരം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ബി ജെപി കർണാടകയില്‍ വിവിധ പദ്ധതികളായിരുന്നു ആരംഭിച്ചിരുന്നത്. സംസ്ഥാനത്തെ പ്രബല സമുദയാങ്ങളായ ലിംഗായത്തുകളേയും വൊക്കലിംഗരേയും ഒപ്പം നിർത്താനാണ് മുസ്ലിങ്ങളുടെ സംവരണം ഇല്ലാതാക്കി അവ മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്കിടയില്‍ വീതിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബി ജെ പിയെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞ് മറഞ്ഞിരിക്കുകയാണ് സംസ്ഥാനത്ത്.
അടുത്തിടെ പാർട്ടിയിലുണ്ടായ കലാപം, ഭരണവിരുദ്ധത, അഴിമതി ആരോപണങ്ങൾ, ജാതി രാഷ്ട്രീയം തുടങ്ങിയ നിരവധി ഘടകങ്ങള്‍ കർണാടകയില്‍ ബി ജെ പിയുടെ വോട്ട് ബാങ്കിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്. കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബി ജെ പി വിട്ടതോടെ ലിംഗായത്തുകള്‍ക്കിടയില്‍ പാർട്ടിയോടുള്ള മനോഭാവം വലിയ രീതിയില്‍ പ്രതികൂലമാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിലായി ലിംഗായത്തുകളാണ് കർണാടകയിലെ ബി ജെ പിയുടെ ശക്തി. എന്നാല്‍ ഇത്തവണ അത് നേരേ കോണ്‍ഗ്രസിലേക്ക് മറിയുമോയെന്നാണ് ഭരണ പക്ഷത്തിന്റെ ആശങ്ക. ഷെട്ടാറും സവാദിയും പുറത്തായതോടെ ബിജെപി ലിംഗായത്ത് വിരുദ്ധ പാർട്ടിയാണെന്ന ധാരണ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് വലിയ ശ്രമമാണ് നടത്തുന്നത്. കർണാടകയിലെ ലിംഗായത്തുകളുടെ ഏക സംരക്ഷകൻ ബിജെപിയാണെന്ന ധാരണ പൊള്ളയാണെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
ഈ തന്ത്രങ്ങൾ വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിഞ്ഞാൽ അത് പാർട്ടിയെ വളരെയധികം സഹായിക്കുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍. 25 ശതമാനം മുതൽ 30 ശതമാനം വരെ ലിംഗായത്ത് വോട്ടുകൾ പോലും പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ അത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കും. കോൺഗ്രസിന് എല്ലാ ലിംഗായത്ത് വോട്ടുകളും നേടാൻ കഴിയില്ല, എന്നാൽ ഈ 25-30 ശതമാനം പോലും വോട്ടെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാൻ സഹായിച്ചേക്കാം. ലിംഗായത്ത് സമുദായത്തിലെ ഒരു പ്രധാന വിഭാഗം കോൺഗ്രസിന് അനുകുലമായി ചിന്തിച്ചാല്‍ ബിജെപിക്ക് തകരും.
യുവാക്കൾക്ക് വഴിയൊരുക്കാൻ ബിജെപി ഉന്നതർ തന്നോട് ആവശ്യപ്പെട്ടതായി ഷെട്ടാർ നേരത്തെ അവകാശപ്പെട്ടിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പോലും ബിജെപിയെ ന്യായീകരിക്കുകയും യുവതലമുറയ്ക്ക് അവസരം നൽകുന്നതിന് ചില സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നിഷേധിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഗുജറാത്ത്, ഗോവ എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഈ മാതൃക വിജയകരമായിരുന്നുവെന്ന് ചില വിദഗ്ധർ പറയുന്നു, എന്നാൽ കർണാടകയിൽ ഇത് പ്രധാനമായും ജാതി, ഉപജാതി (എസ്‌ടി, എസ്‌സി, ഒബിസി) അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നതിനാൽ പ്രാവർത്തികമാവാന്‍ സാധ്യതയില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് പാർട്ടികൾ മാറുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്തവണ അത് കൂടുതല്‍ പ്രകടവും ഏറെക്കുറെ ഏകപക്ഷീയവുമാണ്. രണ്ട് പാർട്ടികളും പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടുന്നുണ്ടെങ്കിലും എന്നാൽ പ്രധാന ലിംഗായത്ത് നേതാക്കൾ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയത് കോണ്‍ഗ്രസിന് കൂടുതല്‍ അനുകൂല സാഹചര്യം ഒരുക്കിയേക്കും. 224 അംഗ നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് ന് നടക്കും.
ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചോളൂ: മുടി കൊഴിച്ചില്‍ മുതല്‍ മുഖക്കുരു വരെ പമ്പ കടക്കും












Click it and Unblock the Notifications