'കോണ്‍ഗ്രസിന് ഒന്നും പേടിക്കാനില്ല': കർണാടകയില്‍ കൃത്യമായ ഭൂരിപക്ഷത്തില്‍ അധികാരം പിടിക്കും: സർവെ
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകർന്ന് മറ്റൊരു സർവ്വേ കൂടി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരം തിരിച്ചുപിടിക്കുമെന്നാണ് ഇന്ന് പുറത്ത് വന്ന 'ലോക് പോൾ' നടത്തിയ പ്രീ-പോൾ സർവേയും പ്രവചിക്കുന്നത്. 'ലോക് പോൾ' മൂന്നാമത്തേതും അവസാനത്തേതുമായ സർവ്വേയിൽ കോൺഗ്രസ് നേരത്തേയുള്ള സാഹചര്യത്തില്‍ നിന്നും നില മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ഫെബ്രുവരി മാസത്തിൽ നടത്തിയ സർവേയിൽ നിന്നും ബിജെപിയുടെ എണ്ണത്തിൽ കൂടുതൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15000 പേരെ സാമ്പിളുകളാക്കി 'ലോക് പോൾ' നടത്തിയ അഭിപ്രായ സർവേയിൽ കോൺഗ്രസ് 129 മുതല്‍ 134 വരെ സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്നാണ് അവകാശപ്പെടുന്നത്. നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് 59 മുതല്‍ 65 സീറ്റുകളും ജെ ഡി എസിന് 23 മുതല്‍ 28 സീറ്റുകളുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 0 മുതല്‍ 2 വരെ സീറ്റുകളും ലഭിക്കുമെന്നും പ്രവചനമുണ്ട്.

ബിജെപിക്ക് 30-32 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്ന് സർവേ പ്രവചിക്കുമ്പോൾ കോൺഗ്രസ് 42-45 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കും. ഫെബ്രുവരിയില്‍ നടത്തിയ സർവേയില്‍ കോണ്‍ഗ്രസിന് 116 മുതല്‍ 122 വരെ സീറ്റായിരുന്നു ലോക് പോള്‍ സർവ്വേ പ്രവചിച്ചിരുന്നത്. ബി ജെ പിക്ക് 77 മുതല്‍ 83 വരേയും ജെ ഡി എസിന് 21 മുതല്‍ 27 വരേയും സീറ്റുകളും പ്രവചിക്കപ്പെട്ടു.
മാർച്ചില്‍ രണ്ടാം ഘട്ട സർവ്വേ നടത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ സീറ്റ് നില വീണ്ടും മെച്ചപ്പെട്ടു. ഇത്തവണ 128 മുതല്‍ 131 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് അവകാശവാദം. ബി ജെ പി 66 മുതല്‍ 69 വരെ സീറ്റുകള്‍ നേടി ഏറെ പിന്നോക്കം പോവും. ജെ ഡി എസ് 21 മുതല്‍ 25 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു രണ്ടാം ഘട്ടത്തിലെ പ്രവചനം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന പ്രധാന സർവ്വേകളെല്ലാം അഭിപ്രായപ്പെടുന്നത് സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ്. സീ ന്യൂസ്-മാട്രിസൈസ്ന്റെ അഭിപ്രായ സർവേ മാത്രമാണ് സംസ്ഥാനത്ത് ബി ജെ പിയായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് അവകാശപ്പെടുന്നത്.
എ ബി പി ന്യൂസ്-സിവോട്ടർ അഭിപ്രായ സർവേ പ്രകാരം കർണാടകയിലെ 224 നിയമസഭാ സീറ്റുകളിൽ 107 മുതൽ 119 വരെ സീറ്റുകൾ കോൺഗ്രസ് നേടിയേക്കും. ബി ജെ പിക്ക് 74 മുതൽ 86 സീറ്റുകളും ജെ ഡി (എസ്)ന് 23 മുതൽ 35 വരെ സീറ്റുകളും ലഭിക്കും. വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ ഭരണകക്ഷിയായ ബി ജെ പി കോൺഗ്രസിനേക്കാൾ അഞ്ച് ശതമാനം പിന്നിലാകുമെന്ന് സർവേ സൂചിപ്പിക്കുന്നു. കോൺഗ്രസിന് 40 ശതമാനവും ബിജെപിക്ക് 35 ശതമാനവും വോട്ട് നേടാനാകും












Click it and Unblock the Notifications