പ്രതിസന്ധികൾക്കിടെ കർണാടക നിയമസഭാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം; സർക്കാരിന് വീണ്ടും തിരിച്ചടി
ബെംഗളൂരു: കർണാടകയിലെ ഭരണ പ്രതിസന്ധിക്കിടെ നിയമസഭാ സമ്മേളനങ്ങൾ ഇന്ന് തുടങ്ങും. അന്തരിച്ച അംഗങ്ങൾക്ക് ആദരാജ്ഞലി അർപ്പിക്കലാണ് പ്രധാന അജണ്ട. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം വിധാൻ സൗധയിലെത്തി സ്പീക്കർക്ക് വീണ്ടും രാജി സമർപ്പിച്ച എഎൽഎമാർ മുംബൈയിലേക്ക് മടങ്ങി. വിമത എംഎൽഎമാരുടെ അസാന്നിധ്യം സർക്കാരിന് തിരിച്ചടിയാകും.
രാമലിംഗ റെഡ്ഡി ഉൾപ്പെടെ ചില വിമത എംഎൽഎമാർ ബെംഗളൂരുവിൽ തന്നെ തുടരുകയാണ്. എന്നാൽ ഇവർ സഭാ സമ്മേളനത്തിൽ പങ്കെടുക്കുമോയെന്ന കാര്യം സംശയമാണ്. എംഎൽഎമാരുടെ രാജിയിൽ മിന്നൽ വേഗത്തിൽ തീരുമാനം എടുക്കാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി കഴിഞ്ഞു. എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിലും അന്തിമ തീരുമാനം എടുക്കാൻ കൂടുതൽ തെളിവുകൾ വേണമെന്ന നിലപാടിലാണ് സ്പീക്കർ. ഇതോടെ അനുനയ ശ്രമം തുടരാൻ കുമാരസ്വാമി സർക്കാരിന് കൂടുതൽ സമയം ലഭിച്ചേക്കും.

സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നാണ് ബിജെപിയുടെ അവകാശവാദം. ഭൂരിപക്ഷം നഷ്ടമായ സർക്കാരുള്ളപ്പോൾ നിയമസഭ ചേരുന്നത് ചട്ടവിരുദ്ധമാണെന്നാണ് ബിജെപിയുടെ നിലപാട്. എങ്കിലും ബിജെപി എംഎൽഎമാർ സഭയിൽ എത്തുമെന്നാണ് റിപ്പോർട്ട്. വിമത എംഎൽഎമാരുടെ രാജി ഉന്നയിച്ച് സഭയിൽ വൻ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ ഫലമാണ് കൂട്ടരാജിയെന്നാണ് സർക്കാർ ആരോപിക്കുന്നത്. തിങ്കഴാഴ്ച ധനകാര്യ ബില്ല് മേശപ്പുറത്ത് വയ്ക്കും. ബിജെപി വോട്ടെടുപ്പ് ആവശ്യപ്പെട്ടേക്കും.
അതേസമയം വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ അടിയന്തിരമായി തീരുമാനം എടുക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിനെതിരെ സ്പീക്കർ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എംഎൽഎമാർ സ്വമേധയാ രാജിവെച്ചതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇതിന് കൂടുതൽ സമയം വേണമെന്നുമാണ് സ്പീക്കറുടെ നിലപാട്. ചീഫ് ജസ്റ്റിന് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.












Click it and Unblock the Notifications