കർണാടക ബന്ദ്: ബസ് സർവ്വീസുകള്‍ മുടങ്ങിയേക്കും; പിന്തുണച്ച് യൂണിയന്‍, മെട്രോ ഉണ്ടാകുമോ?
ബെംഗളൂരു: മാർച്ച് 22 ന് കർണാടകയിൽ സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ച് കന്നഡ സംഘടനകള്‍. ബെലഗാവിയിൽ മറാത്തി ഗ്രൂപ്പുകൾ കെ എസ് ആർ ടി സി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആക്ടിവിസ്റ്റ് വാട്ടൽ നാഗരാജിന്റെ നേതൃത്വത്തിലുള്ള കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ 'കന്നഡ ഒക്കൂട്ട 'യാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ടി എ നാരായണ ഗൗഡയും പ്രവീൺ ഷെട്ടിയും നയിക്കുന്ന കർണാടക രക്ഷണ വേദികെ പോലുള്ള ശക്തമായ സംഘടനകൾ ബന്ദിനെ പിന്തുണച്ചിട്ടില്ലെങ്കിലും, ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ട്രാൻസ്‌പോർട്ട് അസോസിയേഷനുകളും ഏതാനും സ്വകാര്യ ബസ് അസോസിയേഷനുകളും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബാംഗ്ലൂർ നഗരത്തിലെ മാളുകളും അന്നേ ദിവസം അടച്ചിടും.

കെ എസ് ആർ ടി സി ബസ് കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും മുഖത്ത് മറാത്തി പ്രതിഷേധക്കാർ മഷി ഒഴിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കാണ് സംസ്ഥാനത്ത് ഇടയാക്കിക്കൊണ്ടിരിക്കുന്നത്. മാറത്തി സംസാരിച്ചില്ലെന്ന് ആരോപിച്ചുകൊണ്ടായരുന്നു സർക്കാർ ജീവനക്കാർക്കെതിരായ ആക്രമണം. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും കന്നഡ അനുകൂല പ്രവർത്തകർ ആവശ്യപ്പെടുന്നു.
കർണാടകയിൽ മറാത്തി ഏകീകരണ സമിതിയെ നിരോധിക്കണമെന്നും ശിവസേന അംഗങ്ങളെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കണമെന്നും കന്നഡ വാദി സംഘടനകള്‍ ആവശ്യപ്പെടുന്നു. 'ബന്ദ് ദിവസം ഒരു ഡ്രൈവർമാരും വാഹനമോടിക്കരുത്. സംസ്ഥാനത്തെ ഡ്രൈവർമാരുടെ ആത്മാഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും പ്രശ്നമാണിത്'. കന്നഡ ഒക്കൂട്ട നേതാവ് വാട്ടൽ നാഗരാജ് പറഞ്ഞു
ശനിയാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ എസ് ആർ ടി സി, ബി എം ടി സി എന്നിവയുൾപ്പെടെയുള്ള ട്രാൻസ്പോർട്ട് ജീവനക്കാരുടെ യൂണിയനുകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 'കഴിഞ്ഞ മാസം ഒരു ട്രാൻസ്പോർട്ട് തൊഴിലാളി ആക്രമിക്കപ്പെട്ടു. സംഭവത്തിനെതിരെ പ്രതിഷേധിക്കുന്ന കന്നഡ അനുകൂല പ്രവർത്തകരോട് ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കെ എസ് ആർ ടി സി, ബി എം ടി സി തൊഴിലാളികൾ കർണാടക ബന്ദിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നു' ട്രാൻസ്പോർട്ട് ജീവനക്കാരുടെ യൂണിയൻ പ്രസിഡന്റ് ചന്ദ്രു വ്യക്തമാക്കി.
അതേസമയം, ബന്ദ് ദിനത്തിലെ മെട്രോ സർവീസുകൾ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. മെട്രോ പതിവ് പോലെ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോട്ടൽ, സിനിമാ വ്യവസായ മേഖലകള്‍ ബന്ദിന് ധാർമിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്നേ ദിവസം സ്ഥാപനങ്ങള്‍ അടച്ചിടില്ല.












Click it and Unblock the Notifications