തമിഴ്നാടിന് ഒരു തുള്ളി വെള്ളം കൊടുക്കില്ല; കര്‍ണാടകയെ സ്തംഭിപ്പിച്ച് കാവേരി ബന്ദ്
ബെഗളൂരു: കാവേരി നദിയില്‍ നിന്ന് തമിഴ് നാടിന് വെള്ളം നല്‍കുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് ആദ്യ മണിക്കൂറുകളില്‍ തന്നെ കര്‍ണാടകയെ സ്തംഭിപ്പിച്ചു. സംസ്ഥാനത്തെങ്ങുമുള്ള രണ്ടായിരത്തോളം സംഘടനകളുടെ പിന്തുണയോടെയാണ് കാവേരി ഹിതരക്ഷണ സമിതി ബന്ദ് പ്രഖ്യാപിച്ചത്.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാല് ദിവസത്തോളം നീണ്ട് നിന്ന പ്രക്ഷോഭത്തിനൊടുവിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പൊതു നിരത്തില്‍ വാഹനങ്ങള്‍ കുറവാണ്. മുഖ്യപ്രതിപക്ഷ കക്ഷികളായ ബിജെപിയും ജനതാദള്‍-എസും പ്രത്യക്ഷത്തിലും സംസ്ഥാന സര്‍ക്കാര്‍ പരോക്ഷമായും ബന്ദിന് പിന്തുണയ്ക്കുന്നുണ്ട്.

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു കോര്‍പ്പറേഷന്റെ കീഴിലുള്ള ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല. ഓട്ടോ-ടാക്‌സികള്‍ സര്‍വ്വീസ് നടത്തുന്നില്ല. കര്‍ണാടക സര്‍ക്കാരിന്റെ ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. മെട്രോ സര്‍വീസസ് മാത്രമാണ് ഏക ആശ്രയം. ആവശ്യ സര്‍വ്വീസുകളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളടക്കം ഒരു വാഹനവും നിരത്തിലിറങ്ങിയിട്ടില്ല.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അക്രമങ്ങളുണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ഇന്‍റലിജന്‍സ് അറിയിച്ചിട്ടുണ്ട്. ബെംഗളൂരു, മാണ്ഡ്യ, മൈസൂര്‍, കുടക്, ഹസ്സാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മ സേനയുടെ മൂന്ന് ബറ്റാലിയനുള്‍പ്പെടെ കേന്ദ്ര സേനയും സംസ്ഥാന പോലീസ് സേനയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

ഓട്ടോ ടാക്‌സി യൂണിയനുകള്‍, റസ്റ്ററന്റ് അസോസിയേഷനുകള്‍, ബാങ്ക് ജിവനക്കാരുടെ സംഘടനകള്‍. ചലച്ചിത്ര സംഘടനകള്‍ തുടങ്ങിയവയും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്. കര്‍ണാടകത്തില്‍ സംപ്രേഷണം ചെയ്യുന്ന അമ്പതോളം തമിഴ് ചാനലുകള്‍ ഇന്ന് സംപ്രേഷണം ചെയ്യില്ലെന്നാണ് കേബില്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അറിയിച്ചിട്ടുള്ളത്.
സുപ്രീം കോടതി നിര്‍ദേശപ്രകാരം തമിഴ്‌നാടിനു കാവേരിജലം വിട്ടുകൊടുക്കേണ്ടി വന്നതോടെ ചൊവ്വാഴ്ച മുതല്‍ കര്‍ണാടകയില്‍ സംഘര്‍ഷാന്തരീക്ഷം തുടരുകയാണ്. 10 ദിവസം കൊണ്ട് 15,000 ഘന അടി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
ഇത് പ്രകാരം ബുധനാഴ്ചയാണ് വെള്ളം കൊടുത്തു തുടങ്ങിയത്. വെള്ളം കൊടുത്തതില്‍ പ്രതിഷേധിച്ച് അന്ന് മണ്ഡ്യയില്‍ ബന്ദായിരുന്നു. കാവേരിനദീജലം തമിഴ്‌നാട്ടിലേക്ക് പോകുന്ന കനാലുകള്‍ വരെ തടയും എന്നാണ് പ്രതിഷേധക്കാരുടെ ഭീഷണി.
ജനജീവിതം സ്തംഭിപ്പിച്ച് കര്‍ണാടകയിലെ ബന്ദ്- ചിത്രങ്ങള്‍
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications