കർണാടക ബന്ദ്: നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്, ഹോട്ടലുകളും ടാക്സികളും ലഭ്യമായേക്കില്ല
ബെംഗളൂരു: വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച അർദ്ധരാത്രി വരെ ബെംഗളൂരുവില്‍ നിരോധനാജ്ഞ (സെക്ഷൻ 144) പ്രഖ്യാപിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണർ. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ കർണാടക ബന്ദ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. മുന്‍കൂർ അനുമതി വാങ്ങിക്കാതെയുള്ള ഏതൊരു പ്രതിഷേധത്തേയും ശക്തമായി നേരിടുമെന്നും പൊലീസ് മേധാവി പറഞ്ഞു.
ബന്ദുമായി ബന്ധപ്പെട്ട് ഒരു സംഘടനയും പോലീസ് വകുപ്പിനെ സമീപിച്ചിട്ടില്ലെന്നും ബന്ദിന് അനുമതി വാങ്ങിയിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ചത്തെ ബന്ദിൽ നിയമം കയ്യിലെടുക്കുന്നവർക്ക് നിയമ നടപടികള്‍ നേരിടേണ്ടി വരും. ബലമായി കടകള്‍ അടപ്പിക്കാനോ യാത്രാ തടസ്സം സൃഷ്ടിക്കാനോ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

"സുപ്രീം കോടതി വിധിയും കർണാടക ഹൈക്കോടതി വിധിയും അനുസരിച്ച്, ബെംഗളൂരു നഗരത്തിൽ പ്രതിഷേധമോ ഘോഷയാത്രയോ റാലിയോ നടത്താൻ കഴിയില്ല. ഞങ്ങൾ ഇത് വളരെ കർശനമായി നടപ്പിലാക്കുകയാണ്. സെപ്തംബർ 28 അർദ്ധരാത്രി മുതൽ സെപ്റ്റംബർ 29 അർദ്ധരാത്രി വരെ.സെക്ഷൻ 144 സിആർപിസി പ്രകാരം ഞങ്ങൾ നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്." ബി ദയാനന്ദ വ്യക്തമാക്കി.
144 പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകളുടെ ഒത്തുചേരൽ അനുവദിക്കില്ല. എന്നിരുന്നാലും, പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ഫ്രീഡം പാർക്കിൽ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനമായ തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് സെപ്റ്റംബർ 29ന് ചില സംഘടനകള്‍ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്.
ബന്ദിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നഗരത്തിലെ ടൗൺ ഹാൾ മുതൽ ഫ്രീഡം പാർക്ക് വരെ വിപുലമായ പ്രതിഷേധ ജാഥയും പരിപാടികളും നടത്തുമെന്നാണ് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിക്കുന്നത്. ബന്ദ് മുഴുവൻ കർണാടകത്തിനും വേണ്ടിയാണെന്നും ഹൈവേകൾ, ടോൾ ഗേറ്റുകൾ, റെയിൽ സർവീസുകൾ, വിമാനത്താവളങ്ങൾ എന്നിവയുടെ പ്രവർത്തനം നിർത്തിക്കാന്‍ ശ്രമിക്കുമെന്നും സംഘാടകർ പറഞ്ഞു.
അതേസമയം, നിർബന്ധമായും ജോലിയിൽ ഹാജരാകണമെന്ന് ട്രാൻസ്‌പോർട്ട് ജീവനക്കാർക്ക് അധികൃതർ നിർദേശം നൽകിയതിനാൽ വെള്ളിയാഴ്ച ബിഎംടിസി, കെഎസ്ആർടിസി ബസുകൾ പതിവുപോലെ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവാര അവധിയിലും ദീർഘകാല അവധിയിലും ഉള്ളവർ ഒഴികെയുള്ള എല്ലാ ജീവനക്കാരും നിർബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകണമെന്നാണ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ അവരുടെ ജീവനക്കാർക്ക് വാക്കാൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മൈസൂർ റോഡിനും കെങ്കേരി സ്റ്റേഷനുകൾക്കുമിടയിലുള്ള മെട്രോ സർവീസുകൾ ആസൂത്രിത പരിശോധനാ ജോലികൾ കാരണം വെള്ളിയാഴ്ച നിർത്തിവച്ചതായി അറിയിച്ചു. മെട്രോയുടെ പർപ്പിൾ ലൈനിന്റെ അവിഭാജ്യ ഘടകമായ കെങ്കേരി മുതൽ ചള്ളഘട്ട വരെ അടുത്തിടെ നിർമ്മിച്ച വിപുലീകരണത്തിനായി മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) 'നിയമപരമായ സുരക്ഷാ പരിശോധന' നടത്തും. എന്നാല്‍ മൈസൂരു റോഡിലും ബൈയപ്പഹള്ളി റൂട്ടിലും മെട്രോ സർവീസുകൾ പതിവുപോലെ ലഭ്യമാകും. ഗ്രീൻ റൂട്ട് ട്രെയിൻ സർവീസുകളിൽ മാറ്റമില്ലെന്ന് ബിഎംആർസിഎൽ അറിയിച്ചു.
വഴിയോര കച്ചവടക്കാർ ബന്ദിന് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തുടനീളം വഴിയോരക്കച്ചവടക്കാരുടെ
സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകുമെന്ന് കർണാടക സ്ട്രീറ്റ് വെണ്ടർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രംഗസ്വാമി അറിയിച്ചു.
ബംഗളൂരു ഹോട്ടൽ അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ, ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയനും ഒല ഊബർ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷനും (OUDOA) ബന്ദിനെ പിന്തുണയ്ക്കുന്നു. അതിനാൽ തന്നെ യാത്രാ സൌകര്യങ്ങള്‍ പരിമിതമായിരിക്കും












Click it and Unblock the Notifications