കര്‍ണാടക ബന്ദിന് സാന്‍ഡല്‍വുഡിന്റെ പിന്തുണ; ശിവരാജ്കുമാറും, ധ്രുവ സര്‍ജയും പ്രതിഷേധത്തിനെത്തും
ബെംഗളൂരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകയില്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിച്ച ബന്ദിന് പിന്തുണയുമായി കന്നഡ സിനിമാ താരങ്ങള്‍. കന്നഡ അനുകൂല സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്. സാന്‍ഡല്‍വുഡിലെ സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാര്‍, ധ്രുവ സര്‍ജ, പ്രജ്വല്‍ ദേവരാജ്, അജയ് റാവു തുടങ്ങിയവരാണ് ബന്ദിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
നടന്‍ യഷും, രവിചന്ദ്രയും വിദേശത്തായത് കൊണ്ട് പങ്കെടുക്കില്ലെന്നാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്‍എം സുരേഷ് അറിയിച്ചിരിക്കുന്നത്. അതേസമയം വെള്ളിയാഴ്ച്ച ബെംഗളൂരുവില്‍ സൂപ്പര്‍ താരങ്ങള്‍ അടക്കം ഒന്നിച്ച് യോഗം ചേരും. രാവിലെയാണ് ഈ യോഗം നടക്കുന്നത്.അതേസമയം സമാധാനപരമായി റാലി നടത്തുന്നതിന് ബെംഗളൂരു പോലീസില്‍ നിന്ന് അനുമതി ലഭിച്ചതായി സുരേഷ് വ്യക്തമാക്കി.

ബന്ദിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച കര്‍ണാടകയില്‍ സിനിമയുമായി ബന്ധപ്പെട്ട യാതൊരു പ്രവര്‍ത്തനവും ഉണ്ടാകില്ല. സിനിമാ മേഖലയിലുള്ളവര്‍ ബന്ദിന് സ്വമേധയാ പിന്തുണ അറിയിക്കുകയായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. ബന്ദിന് കര്‍ണാടക ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും പിന്തുണ നല്‍കിയിട്ടുണ്ട്. ബന്ദ് സമയത്ത് തിയേറ്ററുകള്‍ അടച്ചിടും. വൈകീട്ട് ആറിന് ബന്ദ് അവസാനിച്ചതിന് ശേഷം മാത്രമായിരിക്കും ഷോകള്‍ ഉണ്ടായിരിക്കുകയെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
ഓട്ടോ, ടാക്‌സി ഡൈവര്‍മാരും, ഒലി, യൂബര്‍ വെബ് ടാക്‌സികളും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്. അതേസമയം സാധാരണ ജനജീവിതം തടസ്സപ്പെടുമെന്ന് ഉറപ്പാണ്. കര്‍ണാടക രക്ഷണ വേദികെ, കന്നഡ ചലവലി, എന്നിവര്‍ അടങ്ങുന്ന കന്നഡ സംഘടനകള്‍ ബന്ദിന്റെ ഭാഗമാണ്. വിവിധ കര്‍ഷക സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടൗണ്‍ ഹാള്‍ മുതല്‍ ഫ്രീഡം പാര്‍ക്ക് വരെ നീളുന്ന വലിയൊരു പ്രതിഷേധ പ്രകടനം നാളെ രാവിലെ നടക്കും.
ഹൈവേകള്‍, ടോള്‍ ഗേറ്റുകള്‍ റെയില്‍ സര്‍വീസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം അടച്ചപൂട്ടാന്‍ ശ്രമിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഇത് മൊത്തം കര്‍ണാടകയുടെ ബന്ദാണ്. ബെംഗളൂരുവിന് മാത്രമായി ഉള്ളതല്ലെന്നും സംഘാടകര്‍ പറഞ്ഞു. തമിഴ്‌നാടിന് വെള്ളം കാവേരി നദിയില്‍ നിന്ന് വിട്ടുകൊടുക്കണമെന്ന് നേരത്തെ കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ കര്‍ണാടക വരള്‍ച്ചയെ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് വെള്ളം നല്‍കാനാവില്ലെന്ന നിലപാടിലാണ് കര്‍ണാടകയില്‍ കര്‍ഷകര്‍ അടക്കമുള്ളവര്‍.
ഹോട്ടലുകള്‍, ഓട്ടോറിക്ഷകള്‍, എന്നിവരെല്ലാം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച്ച അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച്ച രാത്രി വരെ ഇത് തുടരും. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ദയാനന്ദ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications