'വിജയെ ഇവിടെ കാല് കുത്തിക്കില്ല', കർണാടകത്തിൽ ബന്ദിന് ആഹ്വാനം, മുഖ്യമന്ത്രിതല ചർച്ച നടന്നേക്കില്ല
ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കര്‍ണാടക സന്ദര്‍ശിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് കന്നട സംഘടനകള്‍. കാവേരി നദിയില്‍ നിന്നും വെള്ളം വേണ്ടെന്ന് വെയ്ക്കാതെ വിജയെ കര്‍ണാടകത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും വിമാനത്താവളത്തില്‍ വെച്ച് തടയുമെന്നും കന്നട സംഘടനകള്‍ വ്യക്തമാക്കി.
ആഗസ്റ്റ് 3 തിങ്കളാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും വിജയും തമ്മിലുളള കൂടിക്കാഴ്ച കാവേരി വിഷയത്തില്‍ നടക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. തമിഴ്‌നാടിന് അര്‍ഹിക്കുന്ന വെള്ളം കാവേരിയില്‍ നിന്ന് നല്‍കണമെന്ന് കഴിഞ്ഞ ദിവസം കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി കഴിഞ്ഞ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ കന്നട സംഘടനകള്‍ ആഗസ്റ്റ് 13ന് കര്‍ണാടകയില്‍ ബന്ദിനും ആസ്വാനം ചെയ്തിരിക്കുകയാണ്.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ബന്ദ്. കര്‍ണാടകത്തിലെ ജനങ്ങള്‍ മഴക്കുറവ് കാരണം കടുത്ത ജലക്ഷാമം അനുഭവിക്കുമ്പോള്‍ തമിഴ്‌നാടിന് വെള്ളം കൊടുക്കണം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കന്നട സംഘടനകളുടെ നിലപാട്. പ്രതിദിനം 3500 ക്യുസെക്‌സ് വെള്ളം 15 ദിവസം കര്‍ണാടക കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് വിട്ട് കൊടുക്കണം എന്നാണ് കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശം. എന്നാല്‍ ഇത് കര്‍ണാടകത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തേയും കൃഷിയേയും ബാധിക്കുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി നിര്‍ദേശത്തിന് എതിരെ കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിക്ക് നല്‍കിയ അപ്പീല്‍ തള്ളിയതോടെയാണ് കന്നട സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളേയും കര്‍ഷക സംഘടനകളേയും കന്നട സംഘടനകളേയും അടക്കം ഉള്‍പ്പെടുത്തി ആഗസ്റ്റ് 2ന് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്.
മാത്രമല്ല തമിഴ്‌നാട് മുഖ്യമന്ത്രിയുമായി 3ാം തിയ്യതി നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച ഡികെ ശിവകുമാര്‍ മാറ്റി വെയ്ക്കാനും നീക്കമുണ്ട്. കാവേരി തര്‍ക്ക പരിഹാരത്തിനായുളള കൂടിക്കാഴ്ചയ്ക്ക് വിജയ് ആണ് മുന്‍കൈ എടുത്തിരിക്കുന്നത്. എന്നാല്‍ നിലവിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ബെംഗളൂരുവിലേക്ക് വരേണ്ടതില്ലെന്ന് ഡികെ ശിവകുമാര്‍ വിജയെ അറിയിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് മുന്‍പ് 2012ലാണ് കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി തല ചര്‍ച്ച നടന്നിട്ടുളളത്. തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയും കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും തമ്മിലുളള ചര്‍ച്ച പരാജയമായിരുന്നു. 14 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രണ്ട് മുഖ്യമന്ത്രിമാര്‍ കവേരി വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്. അതേസമയം വിജയുടെ കര്‍ണാടക സന്ദര്‍ശനത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിപക്ഷമായ ഡിഎംകെ പ്രതിഷേധം ഉയര്‍ത്തുകയാണ്. മെക്കേദാട്ടു ഡാം വിഷയത്തില്‍ അടക്കം തര്‍ക്കം നിലനില്‍ക്കേ വിജയ് ചര്‍ച്ചയ്ക്കായി പോകുന്നത് അംഗീകരിക്കാനാകില്ലെന്നും മെക്കേദാട്ടു പ്രശ്‌നത്തില്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണം എന്നുളള തമിഴ്‌നാടിന്റെ ആവശ്യം ദുര്‍ബലപ്പെടുത്തുമെന്നും എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.




Click it and Unblock the Notifications