ഹിജാബ് സമരം; പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പരസ്യമാക്കി ബിജെപി, വിവാദമായപ്പോള്‍ പിന്‍വലിച്ചു
ബെംഗളൂരു: കര്‍ണാടകത്തില്‍ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പിയിലെ വിദ്യാര്‍ഥിനികളുടെ വിവരങ്ങള്‍ ബിജെപി പരസ്യപ്പെടുത്തി. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പെണ്‍കുട്ടികളുടെ വിലാസം ഉള്‍പ്പെടെ പങ്കുവച്ചത്. ഇത് പെണ്‍കുട്ടികളുടെ ജീവന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് ബിജെപി ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കതീലിന്റെ ട്വിറ്റര്‍ പേജിലും പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇതും പിന്‍വലിച്ചു.

ഇംഗ്ലീഷിലും കന്നഡയിലും ബിജെപി ട്വീറ്റുകള്‍ ചെയ്തിരുന്നു. ഹിജാബ് വിവാദത്തിലുള്ള അഞ്ച് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. രാഷ്ട്രീയത്തിന് വേണ്ടി ചെറിയ കുട്ടികളെ ഉപയോഗിക്കുന്നതില്‍ സോണിയക്കും രാഹുലിനും പ്രിയങ്കയ്്ക്കും പ്രശ്‌നമില്ലേ. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തരംതാണ കളിയാണ് നടക്കുന്നത്. ഇതാണോ പ്രിയങ്ക ഗാന്ധി ഉദ്ദേശിക്കുന്ന ലഡ്കി ഹൂ ലഡ് ശക്തി ഹൂന്‍ പദ്ധതി... ഉഡുപ്പിയിലെ വിദ്യാര്‍ഥിനികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയ ട്വീറ്റിനൊപ്പം ബിജെപി കുറിച്ചത് ഇങ്ങനെയായിരുന്നു.
അതേസമയം, ബിജെപിയുടെ ട്വീറ്റിനെതിരെ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. കൊച്ചുകുട്ടികളുടെ വിലാസം പങ്കുവച്ചാണോ പ്രതിപക്ഷത്തെ ആക്രമിക്കുന്നതെന്ന് അവര്‍ ചോദിച്ചു. ഇതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ബിജെപിക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക പോലീസ് തയ്യാറാകണമെന്നും കേന്ദ്രസര്‍ക്കാരും ട്വിറ്ററും വിഷയത്തില്‍ ഇടപെടണമെന്നും പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു.
കുട്ടികളുടെ വിവരങ്ങള്‍ പരസ്യമാക്കിയത് ക്രിമിനല്‍ കുറ്റമാണ്. ഒരിക്കലും അംഗീകരിക്കാനാകാത്ത നടപടിയാണിത്. ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടണെന്നും പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു. ഹിജാബ് ധരിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നതോടെ കര്‍ണാടകയിലെ സാമൂഹിക അന്തരീക്ഷം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിജെപി സമരത്തിലുള്ള പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പരസ്യമാക്കിയത്. ഇത് കുട്ടികള്‍ നിരന്തരം വേട്ടയാടപ്പെടാന്‍ ഇടയാക്കുമെന്നും അവരുടെ ജീവന് തന്നെ ഭീഷണിയാണെന്നും വിമര്‍ശനം ഉയര്‍ന്നു.
വിവാദവും പ്രതിഷേധവും ശക്തമായതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടാന്‍ കര്‍ണാടക സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പെണ്‍കുട്ടികളുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സ്‌കൂള്‍ തുറക്കാനും ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ മതപരമായ വസ്ത്രങ്ങളുമായി സ്‌കൂളിലെത്തരുതെന്നും നിര്‍ദേശിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വാദം കേട്ടിരുന്നു. വൈകാതെ കോടതി അന്തിമ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ നിലവില്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നില്ല. തട്ടം അഴിച്ചുവയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ചില സ്‌കൂളുകളില്‍ ഹിജാബ് ധരിച്ചെത്തുന്നവരെ പ്രവേശിപ്പിച്ചെങ്കിലും ഇവര്‍ക്ക് പഠിപ്പില്ലാതെ പ്രത്യേക ക്ലാസ് മുറിയില്‍ ഇരുത്തുകയാണ് ചെയ്തതെന്ന് രക്ഷിതാക്കള്‍ എന്‍ഡിടിവിയോട് പറഞ്ഞു.












Click it and Unblock the Notifications