മുസ്ലിം സംവരണം ഒഴിവാക്കി കർണാടക; മന്ത്രിസഭ തീരുമാനം ഇങ്ങനെ
ബെംഗളൂരു: കർണാടക മന്ത്രിസഭ മുസ്ലീങ്ങൾക്കുള്ള ഒബിസി സംവരണം റദ്ദാക്കി. മുസ്ലീങ്ങൾക്കുള്ള 4 ശതമാനം ഒബിസി സംവരണം എടുത്തുകളയാൻ വെള്ളിയാഴ്ചയാണ് കർണാടക മന്ത്രിസഭ തീരുമാനിച്ചത്. അവ 10 ശതമാനം EWS ക്വാട്ട ബാസ്‌ക്കറ്റിലേക്ക് മാറ്റും. അതേസമയം, മുസ്ലീങ്ങളുടെ 4 ശതമാനം ക്വാട്ട വൊക്കലിഗകൾക്കും (2 ശതമാനം), ലിംഗായത്തുകൾക്കും (2 ശതമാനം) നൽകും.
കർണാടക തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഈ തീരുമാനം വന്നിരിക്കുന്നത്. അതേസമയം, 2023 മാര്‍ച്ച് 31 നകം തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സംവരണവും ഒബിസി സംവരണവും സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. രാഷ്ട്രീയ പിന്നാക്കാവസ്ഥയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.

കാറ്റഗറി 2 ബിയിൽ വരുന്ന മുസ്‌ലിംകളെ 10 ശതമാനം വരുന്ന ഇഡബ്ല്യുഎസ് ക്വാട്ടയിലേക്ക് മാറ്റുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നത്. ഇതോടെ ബാക്കിവരുന്ന 4 ശതമാനത്തിൽ നിന്ന് വൊക്കലിംഗകൾക്കും ലിംഗായത്തുകൾക്കും രണ്ട് ശതമാനം വീതം അധിക സംവരണം ലഭിക്കും. ഒബിസി പൂളിൽ നിലവിൽ വൊക്കലിംഗകൾക്ക് 4 ശതമാനവും ലിംഗായത്തുകൾക്ക് 5 ശതമാനവുമാണ് സംരവരണമുള്ളത്. പുതിയ തീരുമാനത്തോടെ വൊക്കലിംഗകൾക്ക് 6 ശതമാനവും ലിംഗായത്തുകൾക്ക് 7 ശതമാനവും സംവരണം 2(സി), 2(ഡി) എന്നീ വിഭാഗങ്ങളിലായി ലഭിക്കും. നേരത്തെ അവർ 3 എ, 3 ബി വിഭാഗങ്ങൾക്ക് കീഴിലായിരുന്നു.
പുതിയ തീരുമാനത്തോടെ തങ്ങളുടെ ക്വാട്ടയിൽ വർദ്ധനവ് ആഗ്രഹിക്കുന്ന ഇരു സമുദായങ്ങളെയും സമാധാനിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബിജെപി . ലിംഗായത്തുകളിലെ കൂടുതലുള്ള ഉപവിഭാഗമായ പഞ്ചമസാലികളിൽ നിന്ന് സർക്കാറിന് ഏറെ സമ്മർദ്ദം നേരിട്ടിരുന്നു.''ഭരണഘടന പ്രകാരം മതന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകാൻ വ്യവസ്ഥയില്ല. ഒരു സംസ്ഥാനത്തും ഇല്ല.
ആന്ധ്രാപ്രദേശിൽ മതന്യൂനപക്ഷങ്ങൾക്കുള്ള സംവരണം കോടതി റദ്ദാക്കിയിരുന്നു.ബിആർ അംബേദ്കർ പോലും ജാതികൾക്കാണ് സംവരണം നൽകുകയെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്' കർണാടക മുഖ്യമന്ത്രി ബൊമ്മൈ മുസ്‌ലിം റിസർവേഷൻ മാറ്റിയ നടപടിയെ ന്യായീകരിച്ചു. മതന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകുന്നത് ഭാവിയിൽ ആരെങ്കിലും വെല്ലുവിളിച്ചേക്കാമെന്നും അതിനാലാണ് സർക്കാർ തീരുമാനമെടുത്തതെന്നും ബൊമ്മൈ പറഞ്ഞു.












Click it and Unblock the Notifications