കര്‍ണാടകയിലെ കൂട്ടബലാല്‍സംഗം ഹീനമെന്ന് മുഖ്യമന്ത്രി; 2 പ്രതികള്‍ അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടകയില്‍ ഇസ്രായേല്‍ യുവതിയും ഹോം സ്റ്റേ ഉടമയായ യുവതിയും കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പ്രതികളെയാണ് പൊലീസിന് പിടികൂടാനായത്. മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. ഗംഗാവതി സ്വദേശികളായ ചേതന്‍ സായ്, സായ് മല്ലു എന്നിവരാണ് പിടിയിലായത്.
സംഭവത്തെ അപലപിച്ച സിദ്ധരാമയ്യ സംസ്ഥാനത്തേക്ക് വരുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സംരക്ഷണം നല്‍കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. സംഭവത്തെ ഏറ്റവും ഹീനമായ പ്രവൃത്തി എന്നാണ് സമൂഹ മാധ്യമമായ എക്സിലൂടെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ പൊലീസില്‍ നിന്ന് വിശദീകരണം തേടുകയും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടാന്‍ ഉത്തരവിടുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹംപിക്കു സമീപം കൊപ്പല്‍ ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് വ്യാഴാഴ്ച്ച രാത്രി കര്‍ണാടകയെ നടുക്കിയ സംഭവം ഉണ്ടായത്. 27 കാരിയായ ഇസ്രായേല്‍ വിനോദസഞ്ചാരിയും 29 കാരിയായ ഹോംസ്റ്റേ ഉടമയുമാണ് കൂട്ടബലാത്സംഗത്തിനിരയായത്. യുവതികളുടെ ഒപ്പമുണ്ടായിരുന്ന വിനോദ സഞ്ചാരികളായ മൂന്ന് പുരുഷന്‍മാരെ കനാലിലേക്ക് തള്ളിയിട്ട ശേഷമായിരുന്നു കൂട്ടബലാത്സംഗം. ഇതില്‍ ഒഡീഷ സ്വദേശിയായ യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു. ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്ന്് അവശനിലയിലായ യുവതികള്‍ സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് അയിച്ചു.
യുഎസ് സ്വദേശിയായ ഡാനിയേല്‍ എന്ന യുവാവ്, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിബാഷ് എന്നിവരാണ് യുവതികള്‍ക്ക് ഒപ്പം ഉണ്ടായിരുന്നത്. ഇതില്‍ ബിബാഷാണ് മുങ്ങിമരിച്ചത്. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. തിരച്ചിലിനൊടുവിലാണ് ബിബാഷിന്റെ മൃതദേഹം പുലര്‍ച്ചയോടെ കനാലില്‍ നിന്ന് കണ്ടെടുത്തത്.
സംഭവത്തില്‍ ഹോം സ്റ്റേ ഉടമയായ യുവതി പരാതി നല്‍കിയിരുന്നു. യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്. 'രാത്രി ഭക്ഷണം കഴിച്ചശേഷം താനും ഹോം സ്റ്റേയില്‍ എത്തിയ നാല് വിനോദ സഞ്ചാരികളും കനാലിന്റെ തീരത്ത് നക്ഷത്ര നിരീക്ഷണത്തിന് പോയി. പ്രതികള്‍ ബൈക്കില്‍ എത്തി ആദ്യം പെട്രോള്‍ എവിടെ കിട്ടുമെന്നാണ് ചോദിച്ചത്. പിന്നെ 100 രൂപ ആവശ്യപ്പെട്ടു. പണം കൊടുക്കാതെ വന്നതോടെ തങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന പുരുഷന്‍മാരെ ആക്രമിച്ച് കനാലില്‍ തള്ളിയിട്ടു. തുടര്‍ന്ന് തങ്ങളെ പീഡിപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു'.












Click it and Unblock the Notifications