'മുറി അകത്ത് നിന്ന് പൂട്ടി, ശരീരത്തില്‍ അനുചിതമായി തൊട്ടു'; പോക്‌സോ കേസില്‍ യെഡിയൂരപ്പക്കെതിരെ കുറ്റപത്രം
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെഡിയൂരപ്പക്കെതിരെ പോക്‌സോ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കര്‍ണാടക സിഐഡി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബെംഗളുരുവിലെ വസതിയില്‍ വച്ച് യെഡിയൂരപ്പ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ മാര്‍ച്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാര്‍ച്ച് 14 ന് ബെംഗളൂരു സദാശിവനഗര്‍ പൊലീസ് സ്റ്റേഷനില്‍ യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട് എന്നും അത് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ് എന്നും ഒരു മുതിര്‍ന്ന കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥന്‍ ദി പ്രിന്റിനോട് പറഞ്ഞു.

ഫെബ്രുവരി 2 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ 11.15 ഓടെ 17 കാരിയും അമ്മയും യെഡിയൂരപ്പയെ കാണാനായി ഡോളേഴ്സ് കോളനിയിലെ വീട്ടിലെത്തിയിരുന്നു. ഒരു ബന്ധുവില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായെന്നും സഹായിക്കണം എന്നും ആവശ്യപ്പട്ടാണ് ഇരുവരും യെഡിയൂരപ്പയെ സന്ദര്‍ശിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത് എന്ന് ദിപ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യെഡിയൂരപ്പ അമ്മയുമായി സംസാരിക്കുമ്പോള്‍ ഇടതു കൈ കൊണ്ട് പെണ്‍കുട്ടിയുടെ വലതു കൈത്തണ്ടയില്‍ പിടിച്ചിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിന് ശേഷം അദ്ദേഹം കുട്ടിയെ ഹാളിനോട് ചേര്‍ന്നുള്ള മുറിയിലേക്ക് വിളിച്ച് അകത്ത് നിന്ന് പൂട്ടി. അവിടെ വെച്ച് പെണ്‍കുട്ടിയോട് തന്നെ ആക്രമിച്ചവരെക്കുറിച്ചും അവര്‍ എങ്ങനെയുണ്ടായിരുന്നുവെന്നും ചോദിച്ചതായി പറയുന്നു.
തന്നെ ആക്രമിച്ചവരുടെ മുഖം ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് പെണ്‍കുട്ടി രണ്ടു തവണ അതെ എന്ന് പറഞ്ഞു. തുടര്‍ന്ന് യെഡിയൂരപ്പ പെണ്‍കുട്ടിയോട് അവളുടെ പ്രായം ചോദിക്കുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതോടെ പെണ്‍കുട്ടി അദ്ദേഹത്തിന്റെ കൈ തള്ളി മാറ്റി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. യെഡിയൂരപ്പ തന്റെ പോക്കറ്റില്‍ നിന്ന് കുറച്ച് പണം എടുത്ത് അവളുടെ കൈയില്‍ വെച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയോട് തനിക്ക് അവരെ സഹായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കുറച്ച് പണം നല്‍കി അവരെ പറഞ്ഞയയ്ക്കുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു. അതിനിടെ ഫെബ്രുവരി 20 ന് പെണ്‍കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അപ്ലോഡ് ചെയ്തു. ഇതില്‍ അവര്‍ യെഡിയൂരപ്പയുമായി തര്‍ക്കിക്കുന്നതും മകളോട് എന്തിനാണ് അപമര്യാദയായി പെരുമാറിയത് എന്ന് ചോദിക്കുന്നതും കാണാം.
മുറിയിലേക്ക് മകളെ കൊണ്ടുപോയതിന് ശേഷം നിങ്ങള്‍ എന്താണ് ചെയ്തത് എന്ന് അമ്മ യെഡിയൂരപ്പയോട് ചോദിക്കുന്നുണ്ട്. മകളെ അനുചിതമായി സ്പര്‍ശിച്ചെന്നും വസ്ത്രത്തിനുള്ളിലൂടെ കൈയിട്ടു എന്നുമാണ് അമ്മ ആരോപിക്കുന്നത്. ഇതിന് താന്‍ എന്ത് ചെയ്തു എന്നും അവള്‍ എന്റെ കൊച്ചുമകളെ പോലെയാണ് എന്നുമാണ് യെഡിയൂരപ്പ പറയുന്നത്.
അവരോട് ഇരിക്കാന്‍ ആവശ്യപ്പെടുന്നതും അവള്‍ ഒരു നല്ല പെണ്‍കുട്ടിയാണെന്നും അവളെ നന്നായി വളര്‍ത്തണം, സാധ്യമായ എല്ലാ വഴികളിലും താന്‍ സഹായിക്കും എന്നും യെഡിയൂരപ്പ പറയുന്നതും വീഡിയോയിലുണ്ട്. അതേസമയം തന്റെ മകള്‍ നിരന്തരം ചൂഷണം ചെയ്യപ്പെട്ടെന്നും 54,000 കോള്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിയുമെന്നും അമ്മ പറയുന്നുണ്ട്.
ജസ്റ്റിസ് (റിട്ട) സന്തോഷ് ഹെഗ്ഡെയെപ്പോലെ വിരമിച്ച ജഡ്ജിയെ ഉള്‍പ്പെടുത്തി എസ് ഐ ടി രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതിനിടെ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നാരോപിച്ച് അതിജീവിതയുടെ കുടുംബം രംഗത്തെത്തി. മെയ് 26 ന്, ശ്വാസകോശ അര്‍ബുദം ബാധിച്ച് പെണ്‍കുട്ടിയുടെ അമ്മ മരിച്ചിരുന്നു. ഇവരുടെ മരണശേഷം അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം അരുണ്‍ വൈ എം, രുദ്രേഷ് എം, ജി മാരിസാസ്വാമി എന്നിവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീഡിയോ ഡിലീറ്റ് അമ്മയെ പ്രേരിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ഫോണില്‍ നിന്ന് വീഡിയോ നീക്കം ചെയ്യണമെന്നും വിഷയം പുറത്ത് പറയാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ നല്‍കിയെന്നുമാണ് ആരോപണം. ഈ പണം സി ഐ ഡിക്ക് കൈമാറിയിട്ടുണ്ട് എന്ന് പെണ്‍കുട്ടിയുടെ പറഞ്ഞു.
അതിനിടെ തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെഡിയൂരപ്പ കര്‍ണാടക ഹൈക്കോടതിയില്‍ രണ്ടാഴ്ച മുന്‍പ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജൂണ്‍ 13 ന് അതിവേഗ കോടതി യെഡിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച യെഡിയൂരപ്പക്ക് ജൂണ്‍ 17 ന് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം സെന്‍ട്രല്‍ ബംഗളൂരുവിലെ സിഐഡി ഓഫീസില്‍ മുന്‍ മുഖ്യമന്ത്രിയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications