കർണാടകയിൽ മുഖ്യമന്ത്രിയാകാൻ ഖാർഗെ? ഡികെ ശിവകുമാറിന് നിരാശയോ? കെസി കോൺഗ്രസ് അധ്യക്ഷനായേക്കും
കർണാടകയിലെ അധികാര മാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയിൽ തീരുമാനമായില്ലെന്ന് റിപ്പോർട്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതൃത്വത്തെ കാണാൻ ഡൽഹിയിൽ എത്തിയത്. ഇന്ന് രാവിലെ മുതൽ നടക്കുന്ന ചർച്ചകളിൽ കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യം വന്നിട്ടില്ലെന്നാണ് കെസി വേണുഗോപാലിന്റെ പ്രതികരണം
"നിങ്ങൾ ആളുകൾ എന്തൊക്കെയാണോ ഊഹിച്ചെടുക്കുന്നത്, അതൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമാണ്. അതിൽ ഒട്ടും സത്യമില്ല. ഞങ്ങൾ രാജ്യസഭാ സീറ്റുകളെക്കുറിച്ചും കൗൺസിൽ സീറ്റുകളെക്കുറിച്ചും മാത്രമാണ് ചർച്ച ചെയ്തത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജാർഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെ സീറ്റുകൾക്കൊപ്പം കർണാടകയിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും. ഇതല്ലാതെ മറ്റൊന്നും ചർച്ച ചെയ്തിട്ടില്ല," വേണുഗോപാൽ പറഞ്ഞു.
സിദ്ധരാമയ്യയും ശിവകുമാറും മുതിർന്ന പാർട്ടി നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. കർണാടകയിൽ ഒരു അധികാര കൈമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് അനുകൂലമാണെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുമ്പോൾ സിദ്ധരാമയ്യയ്ക്കായി മറ്റ് ചില വഴികളും പാർട്ടി ആലോചിക്കുന്നുണ്ട്.

2023ൽ വൻ ഭൂരിപക്ഷത്തോടെ കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ പാർട്ടിയിൽ ഭിന്നതയോ നേതൃമാറ്റത്തിനായുള്ള ആവശ്യങ്ങളോ ഉയരാറുണ്ട്. പല പാർട്ടി എം.എൽ.എമാരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറിനെയാണ് പിന്തുണയ്ക്കുന്നത്. ബീഹാറിലേതിന് സമാനമായ തന്ത്രങ്ങളിലൂടെ സിദ്ധരാമയ്യ ഒടുവിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് പുതിയ സൂചനകൾ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനായി സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ്, മകൻ യതീന്ദ്രയ്ക്ക് മന്ത്രിസഭയിൽ ഒരു സ്ഥാനം എന്നിങ്ങനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വെയ്ക്കുന്ന വാഗ്ദാനങ്ങൾ. ഈ നീക്കം നടപ്പിലാകുകയാണെങ്കിൽ കുറച്ചു ആഴ്ചകൾക്ക് മുൻപ് ബീഹാറിൽ നടന്നതിന് സമാനമായ ഒന്നായിരിക്കും ഇത്. ബീഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് മാറുകയും, ഉപമുഖ്യമന്ത്രിയായിരുന്ന സാമ്രാട്ട് ചൗധരി ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൂടാതെ നിതീഷിന്റെ മകൻ നിശാന്ത് കുമാർ പട്നയിൽ പുതിയ ആരോഗ്യ മന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.
സിദ്ധരാമയ്യ രാജ്യസഭയിലേക്ക് മാറിയാലും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നില്ല. രാജ്യസഭാ സീറ്റ് സ്വീകരിക്കാൻ സിദ്ധരാമയ്യയെ കോൺഗ്രസ് സമ്മതിപ്പിച്ചാലും, ശിവകുമാർ തന്റെ പിൻഗാമിയാകാൻ അദ്ദേഹം ആഗ്രഹിച്ചേക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അങ്ങനെയെങ്കിൽ ഒരു ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നിർദ്ദേശിച്ചേക്കാം. ഇതോടെ കെസി വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷനായി എത്താനും സാധ്യതയുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള മത്സരത്തിൽ നിന്ന് പിന്മാറാൻ ഹൈക്കമാൻഡ് കെസി വേണുഗോപാലിന് മുന്നിൽ പാർട്ടി അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.














Click it and Unblock the Notifications