ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകില്ല, 5 വർഷവും സിദ്ധരാമയ്യ തന്നെ കർണാടക ഭരിക്കുമെന്ന് എംബി പാട്ടീല്‍
ബെംഗളൂരു: ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച ഡികെ ശിവകുമാറിനെ ഹൈക്കമാന്‍ഡ് ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ ഡികെയെ പ്രേരിപ്പിച്ചത് പ്രത്യേകമായ എന്തെങ്കിലും ഒത്തുതീര്‍പ്പ് ഫോര്‍മുലയാണോ എന്ന ചോദ്യം ഉത്തരമില്ലാതെ നില്‍ക്കുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനം രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഡികെ ശിവകുമാറിന് കൈമാറുമോ എന്നത് വ്യക്തമല്ല. അതാണോ ഫോര്‍മുലയെന്ന് ഡികെയും തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുക എന്നൊരു തീരുമാനം സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും ഇടയില്‍ ഉണ്ടായിട്ടില്ല എന്നാണ് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ എംബി പാട്ടീല്‍ വ്യക്തമാക്കുന്നത്.

അഞ്ച് വര്‍ഷവും കര്‍ണാടക മുഖ്യമന്ത്രിയുടെ കസേരയില്‍ സിദ്ധരാമയ്യ തന്നെ ആയിരിക്കുമെന്നും എംബി പാട്ടീല്‍ പറഞ്ഞു. അതേസമയം 30 മാസം വീതം ഇരുനേതാക്കളും മുഖ്യമന്ത്രി പദവി പങ്കിടും എന്നാണ് കര്‍ണാടക കോണ്‍ഗ്രസിലെ പല നേതാക്കളും പറയുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഡികെ തുടരുന്നത് കൂടാതെയാണ് ഈ മുഖ്യമന്ത്രി കസേര പങ്കിടല്‍.
ദില്ലിയില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സര്‍ക്കാരിന്റെ കാലാവധിയുടെ ആദ്യപകുതി തനിക്ക് വേണം എന്ന് ഡികെ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഭരണത്തിലാണ് തങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നായിരുന്നു ഡികെയുടെ മറുപടി.. മുഖ്യമന്ത്രിക്കസേര പങ്കിടലാണോ ഒത്തുതീര്‍പ്പ് ഫോര്‍മുല എന്നുളള ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ഡികെ മറുപടി നല്‍കി.












Click it and Unblock the Notifications