ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ
ബെംഗളൂരു: ഉഗാദി, ശിവരാത്രി തുടങ്ങിയ ഹിന്ദു ഉത്സവദിനങ്ങളില്‍ മാംസം കഴിക്കാറുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജ്യോതിഷ വിശ്വാസങ്ങള്‍ പ്രകാരം അശുഭകരമായി കണക്കാക്കപ്പെടുന്ന രാഹുകാലത്തിന് ശേഷം ബജറ്റ് അവതരിപ്പിച്ചത് എങ്ങനെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം വിശ്വാസങ്ങളല്ല തന്നെ നയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ ശുഭകരമായ സമയം എന്നൊന്നുണ്ട് എന്ന് താന്‍ കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. 'രാഹു കാലത്തിലോ ഗുളിക കാലത്തിലോ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നയാളാണ്. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്റെ ഉദ്യോഗസ്ഥരുമായും ഭാര്യയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായും കൂടിയാലോചിച്ചിരുന്നു,' അദ്ദേഹം പറഞ്ഞു.

'രാഹു കാലത്തിനും ഗുളിക കാലത്തിനും ശേഷമാണ് ഞാന്‍ ബജറ്റ് അവതരിപ്പിച്ചത് എന്നത് ശരിയാണ്. എന്റെ ഭാര്യ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വാക്കുകള്‍ കേട്ട ശേഷമാണ് ഞാന്‍ ബജറ്റ് അവതരിപ്പിച്ചത്. കുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഉപദേശപ്രകാരമാണ് ഞാന്‍ ബജറ്റ് അവതരിപ്പിച്ചത്,' സിദ്ധരാമയ്യ നിയമസഭയില്‍ പറഞ്ഞു.
എന്നിരുന്നാലും മുമ്പ് രാഹുകാല സമയത്ത് ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ നിലപാടിനെ ന്യായീകരിച്ചു. 'മുമ്പ് ഞാന്‍ രാഹുകാലത്തിലും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. ഞാന്‍ ഒരിക്കലും രാഹുകാലമോ ഗുളികകാലമോ യമഗന്ധകാലമോ പരിഗണിച്ചിട്ടില്ല. ഉഗാദി, ശിവരാത്രി ദിവസങ്ങളില്‍ ആരെങ്കിലും മാംസം കഴിക്കാറുണ്ടോ, പക്ഷേ ഞാന്‍ അത് ചെയ്യുന്നു. ഇതെല്ലാം വ്യക്തിപരമായ വിശ്വാസമാണ്,' അദ്ദേഹം പറഞ്ഞു.
കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ പുതുവത്സരാഘോഷമായാണ് ഉഗാദി ആചരിക്കുന്നത്. ഈ ദിവസവും മഹാശിവരാത്രിയിലും ഹിന്ദുക്കള്‍ പൊതുവെ മാംസം കഴിക്കാറില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ധരാമയ്യയുടെ പ്രതികരണം ബി ജെ പി വിവാദമാക്കിയിട്ടുണ്ട്. അതേസമയം സിദ്ധരാമയ്യയുടെ ഇത്തരം വീക്ഷണങ്ങള്‍ക്കെതിരെ ബിജെപി രംഗത്തെത്തുന്നത് ഇതാദ്യമല്ല.
2022 ല്‍, ഒരു ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് മുമ്പ് അദ്ദേഹം സസ്യേതര ഭക്ഷണം കഴിച്ചിരുന്നു കഴിച്ചിരുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ അന്ന് താന്‍ മാംസാഹരം കഴിച്ചിരുന്നില്ല എന്ന് വ്യക്തമാക്കിയ സിദ്ധരാമയ്യ മതപരമായ ദേവതകള്‍ ഒരു വ്യക്തിയുടെ ഭക്ഷണശീലങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടോ എന്ന് തിരിച്ചു ചോദിക്കുകയും ചെയ്തിരുന്നു. 'ഞാന്‍ മാംസവും സസ്യാഹാരവും കഴിക്കാറുണ്ട്. അത് എന്റെ ശീലമാണ്. ചിലര്‍ മാംസം കഴിക്കാത്തത് അവരുടെ ശീലമാണ്' - എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.












Click it and Unblock the Notifications