'ഹിന്ദു' എന്ന വാക്കിന് വൃത്തികെട്ട അർത്ഥമെന്ന് കോൺഗ്രസ് നേതാവ്, കർണാടകയിൽ വിവാദം
ബെംഗളൂരു: 'ഹിന്ദു' എന്ന വാക്കിന് അശ്ലീല അര്‍ത്ഥമാണെന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ സതീഷ് ലക്ഷ്മണ്‍റാവു ജാര്‍ഖിഹോളിയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ഹിന്ദു എന്ന വാക്ക് ഉത്ഭവിച്ചത് ഇന്ത്യയില്‍ അല്ലെന്നും പേര്‍ഷ്യയില്‍ നിന്നാണെന്നും സതീഷ് ജാര്‍ഖിഹോളി പറഞ്ഞു. ഇന്ത്യയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു വാക്കിനെ എങ്ങനെയാണ് ആളുകള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുക എന്നും ജാര്‍ഖിഹോളി ചോദിച്ചു.
ഹിന്ദു എന്ന വാക്ക് എവിടെ നിന്നുളളതാണ്. അത് നമ്മുടേതാണോ. അത് പേര്‍ഷ്യന്‍ വാക്കാണ്, ഇറാനും ഇറാഖും ഉസ്‌ബെസ്‌കിസ്ഥാനും കസാക്കിസ്ഥാനും അടക്കമുളള പ്രദേശത്തേത്. ഇന്ത്യയുമായി ഹിന്ദു എന്ന വാക്കിന് എന്ത് ബന്ധമാണ് ഉളളത്. പിന്നെ എങ്ങനെയാണ് അത് അംഗീകരിക്കാന്‍ സാധിക്കുക. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്, സതീഷ് ജാര്‍ഖിഹോളി പറഞ്ഞു. സതീഷ് ജാര്‍ഖിഹോളിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കോണ്‍ഗ്രസ് നേതാവിനെതിരെ ഭരണകക്ഷിയായ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. ഹിന്ദുക്കളെ അപമാനിക്കുന്നതും പ്രകോപിപ്പിക്കുന്നതുമാണ് സതീഷ് ജാര്‍ഖിഹോളിയുടെ പ്രസ്താവനയെന്ന് ബിജെപി പ്രതികരിച്ചു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ആവശ്യപ്പെട്ടു. നാടിന്റെ സംസ്‌ക്കാരത്തേയും ആളുകളുടെ വികാരത്തേയും മാനിക്കാന്‍ കോണ്‍ഗ്രസ് പഠിക്കണമെന്നും ഇത്തരം ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്നും കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. അശ്വത് നാരായണ്‍ സിഎന്‍ പ്രതികരിച്ചു.
അതേസമയം സതീഷ് ജാര്‍ഖിഹോളിയുടെ പ്രസ്താവനയെ തളളി കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്. പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയി എന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പ്രതികരിച്ചു. എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന ഒരു രാഷ്ട്രമാണ് കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയത്. അതാണ് ഇന്ത്യയുടെ സത്വം. ഹിന്ദു എന്നത് ഒരു ജീവിത രീതിയും സാംസ്‌ക്കാരിക യാഥാര്‍ത്ഥ്യവുമാണ്. സതീഷ് ജാര്‍ഖിഹോളിയുടെ പ്രസ്താവയെ പാര്‍ട്ടി അപലപിക്കുന്നുവെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications