കര്‍ണാടക നിയമസഭാ മുറ്റത്ത് ഗോമൂത്രം തളിച്ച് കോണ്‍ഗ്രസ്; ശിവകുമാര്‍ പറഞ്ഞത് നടപ്പാക്കി
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് ഇന്ന് നിയമസഭ 'ശുദ്ധീകരിച്ചു'. ഗോമൂത്രം തളിച്ചാണ് പ്രവര്‍ത്തകര്‍ വിധാന്‍ സഭയുടെ പരിസരം ശുദ്ധീകരിച്ചത്. തേങ്ങയുടയ്ക്കുകയും ചെയ്തു. ബിജെപിയുടെ അഴിമതി രാഷ്ട്രീയത്തിന് അന്ത്യമായെന്നും അവര്‍ ചെയ്ത അഴിമതികള്‍ കഴുകി കളയുകയാണെന്നും പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോമൂത്രം ഉപയോഗിച്ച് നിയമസഭ വൃത്തിയാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഗോമൂത്രവും ഡെറ്റോളും ഉപോയഗിച്ച് വൃത്തിയാക്കുമെന്നാണ് അന്ന് ഡികെ ശിവകുമാര്‍ പറഞ്ഞത്.

മെയ് 10നായിരുന്നു കര്‍ണാടകയ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 13ന് വോട്ടെണ്ണി. കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. 135 സീറ്റുകള്‍ നേടിയതോടെ മറ്റൊരു പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ കോണ്‍ഗ്രസിന് ഭരിക്കാന്‍ സാധിക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. കൂടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി.
ബിജെപിയില്ലാത്ത ദക്ഷിണേന്ത്യ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിച്ചിരുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ 66 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപിയുടെ അഴിമതി ഭരണം ജനങ്ങള്‍ തള്ളി എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
ബിജെപി ഭരണത്തെ 40 ശതമാനം സര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ ലഭിക്കുന്നതിന് കരാറുകാര്‍ മന്ത്രിമാര്‍ക്കും മറ്റു ബിജെപി നേതാക്കള്‍ക്കും 40 ശതമാനം കമ്മീഷന്‍ നല്‍കണം എന്ന വെളിപ്പെടുത്തലാണ് ഈ പരിഹാസത്തിന് കാരണം. ചില കരാറുകാര്‍ തന്നെയാണ് വിവരം പരസ്യമാക്കിയത്. എന്നാല്‍ ഇക്കാര്യം ബിജെപി തള്ളിയിരുന്നു.
പ്രചാരണത്തിനിടെ കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്ന അഞ്ച് പ്രഖ്യാപനങ്ങള്‍ അധികാരമേറ്റ ഉടനെ മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകരിച്ചു. വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, തൊഴില്‍ രഹിതര്‍ക്ക് ധന സഹായം, ബിപിഎല്‍ കുടുംബങ്ങല്‍ക്ക് ധാന്യം എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇനി 24 മന്ത്രിമാര്‍ കൂടി വൈകാതെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.












Click it and Unblock the Notifications