കർണാടക തിരഞ്ഞെടുപ്പ്: വീണ്ടും ബിജെപിയെന്ന് ബൊമ്മൈ: കോണ്‍ഗ്രസിന് 141 ലേറെ സീറ്റെന്ന് ഡികെയും
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ അവകാശവാദങ്ങളുമായി പ്രമുഖ നേതാക്കള്‍. കര്‍ണാടകയിലെ ജനങ്ങള്‍ വികസനത്തിനായി വോട്ട് ചെയ്യുമെന്നും ബി ജെ പിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവകാശപ്പെട്ടു. വോട്ട് ചെയ്ത് ജനാധിപത്യത്തിനായുള്ള എന്റെ കടമ നിറവേറ്റി. സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യുക എന്നത് ഒരു ഭാഗ്യമാണ്. താന്‍ റെക്കോര്‍ഡ് മാര്‍ജിനില്‍ വിജയിക്കുമെന്നും ഷിഗോണ്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടുംബ സമേതമായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ബസവരാജ് ബൊമ്മൈ 50,000-ത്തിലധികം വോട്ടുകള്‍ക്കും ബി ജെ പി സംസ്ഥാനത്ത് 150-ലധികം സീറ്റുകളിലും വിജയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഭാര്യ അവകാശപ്പെട്ടു. ജനം ബി ജെ പിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് എനിക്ക് 100% ഉറപ്പുണ്ടെന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ബിഎസ് യെഡിയൂരപ്പ അവകാശപ്പെട്ടത്. 75-80% ത്തിലധികം പേർ ബിജെപിയെ പിന്തുണയ്ക്കും. ഞങ്ങൾ 130-135 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളും വിജയത്തില്‍ പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ജെ ഡി എസുമായുള്ള സഖ്യത്തിന് സാധ്യതയില്ലെന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാർ വ്യക്തമാക്കിയത്. കർണാടകയില്‍ കോണ്‍ഗ്രസ് തനിച്ച് ഭൂരിപക്ഷം നേടി സ്വന്തം സർക്കാർ രൂപീകരിക്കും സംസ്ഥാനത്ത് പാർട്ടി 141 സീറ്റുകള്‍ നേടുമെന്നത് 200 ശതമാനം ഉറപ്പാണെന്നും അദ്ദേഹ പറഞ്ഞു.
തന്റെ ഭര്‍ത്താവ് വിജയിക്കുമെന്നതില്‍ തനിക്ക് 100% ഉറപ്പുണ്ടെന്ന് ഡികെ ശിവകുമാറിന്റെ ഭാര്യയും പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ വരും. 'ദ കേരള സ്‌റ്റോറി' കര്‍ണാടകത്തില്‍ യാതൊരു സ്വാധീനവും ചെലുത്തില്ല. കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേർത്തു. രാമനഗരയിലെ ശ്രീ കെങ്കേരമ്മ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷമായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്താനായി എത്തിയത്.

പ്രവർത്തിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നതായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ ഈ രാജ്യത്തിന്റെ ഭാവിയും ഉൾപ്പെട്ടിട്ടുണ്ട്. വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എനിക്ക് 60 ശതമാനത്തിലധികം വോട്ടുകൾ ലഭിക്കും. സംസ്ഥാനത്ത് കോൺഗ്രസ് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കും. ഞാന്‍ വിരമിക്കാന്‍ പോവുന്നില്ലെങ്കിലും ഇത് എന്റെ അവസാന തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കർണാടകയില്‍ ഇത്തവണ തന്റെ പാർട്ടി മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ കുമാരസ്വാസമിയുടെ അവകാശവാദം. വികസനത്തിനായി ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം. തന്റെ പാർട്ടി ഇത്തവണയും കിങ്മേക്കറായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications