50 ൽ 30 നേടിയ കിറ്റൂർ-കർണാടക; ഇക്കുറി ബിജെപി വിയർക്കും..കോൺഗ്രസിന് ചിരി
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മേഖലയാണ് ബിജെപിക്ക് സ്വാധീനമുണ്ടായിരുന്ന കിറ്റൂർ-കർണാടക. ബിജെപിയിലെ വൻ മരങ്ങളുടെ കൂടുമാറ്റം, ലിംഗായത്ത് വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങൾ, പാർട്ടിയിലെ വിമത നീക്കങ്ങൾ എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് കിറ്റൂർ-കർണാടകയെ ഇക്കുറി നിർണായകമാക്കുന്നത്. മേഖലയിൽ നിന്നും സീറ്റിലും വോട്ട് വിഹിതത്തിലും വരുന്ന നേരിയ വ്യത്യാസങ്ങൾ പോലും ബിജെപിയുടെ കണക്ക് കൂട്ടലുകൾ പാടെ തെറ്റിക്കും
2018ൽ കിറ്റൂർ- കർണാടക മേഖലയിലെ 50ൽ 30 സീറ്റും ബി ജെ പി നേടിയിരുന്നു. 2019 ലെ ഉപതെരഞ്ഞെടുപ്പിലും അഞ്ച് സീറ്റുകളിലും വിജയം നേടാൻ ബിജെപിക്ക് സാധിച്ചു. എങ്കിലും മാറിയ രാഷ്ട്രീയ സമവാക്യങ്ങൾ പ്രതിപക്ഷത്തേക്കാൾ ഭരണപക്ഷത്തിന് തിരിച്ചടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

മുതിർന്ന നേതാക്കളും ലിംഗായത്ത് സമുദായാംഗങ്ങളുമായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി എന്നിവരുടെ ബി ജെ പിയിൽ നിന്നുള്ള രാജിയും കോൺഗ്രസ് പ്രവേശവും ലിംഗായത്ത് വോട്ടുകളെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് പ്രധാന ചർച്ച. കിറ്റൂർ കർണാടക, കല്യാൺ കർണാടക മേഖലകളിലെ ബെലഗാവി മുതൽ ബിദർ വരെയുള്ള 10 മുതൽ 12 വരെ മണ്ഡലങ്ങളിൽ സവാദിക്ക് സ്വാധീനമുണ്ട്. ബിഎസ് യെദിയൂരപ്പയെ പോലെ തന്നെ ലിംഗായത്തുകൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന നേതാവാണ് ഷെട്ടാർ. നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ബാധിക്കില്ലെന്ന് ബി ജെ പി അവകാശപ്പെടുമ്പോഴും ഇരു നേതാക്കളുടേയും സമുദായ പിന്തുണ ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
ലിംഗായത്ത് ഉപവിഭാഗമായ പഞ്ചമസാലി സമുദായത്തിന്റെ സംവരണം ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധങ്ങളും ബിജെപിക്ക് ക്ഷീണമായേക്കും. അവസാന നിമിഷവും ലിംഗായത്ത് വിഭാഗത്തിന് പുതിയ സംവരണം ഏർപ്പെടുത്തിയെങ്കിലും അത് സമുദായത്തെ പൂർണമായും തൃപ്തിപ്പെടുത്തിയിട്ടില്ല. ബനാജിഗ, പഞ്ചമസാലി, ഗനിഗ വിഭാഗങ്ങൾ പോലുള്ള ചില ലിംഗായത്ത് ഉപജാതികൾക്ക് കാര്യമായ സ്വാധീനമുള്ള ബാഗൽകോട്ട്, വിജയപുര ജില്ലകളിൽ ഈ രണ്ട് വിഷയങ്ങളും തിരിച്ചടി നൽകിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്..
കിറ്റൂർ കർണാടക മേഖലയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെ നിരവധി പ്രമുഖരാണ് ബിജെപിക്ക് വേണ്ടി പേരിനിറങ്ങുന്നത്. മുൻ മന്ത്രിമാരായ മുരുഗേഷ് നിരണ്ണി, ഗോവിന്ദ് കാർജോൾ, രമേഷ് ജാർക്കിഹോളി,എം ബി പാട്ടീൽ, എച്ച്കെ പാട്ടീൽ, വർഗീയ പരാമർശങ്ങൾക്ക് പേരുകേട്ട നേതാവായ ബസനഗൗഡ പാട്ടീൽ യത്‌നാൽ തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ട്. ബൊമ്മൈയെ സംബന്ധിച്ച് ഷിഗാഗോൺ മണ്ഡലത്തിൽ നിന്നും എളുപ്പത്തിൽ അദ്ദേഹം വിജയിച്ച് കയറുമെങ്കിലും ലലിംഗായത്ത് നേതാവെന്ന നിലയിൽ അദ്ദേഹത്തിന് കാര്യമായ സ്വാധീനം ചെലുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് ബിജെപിയുടെ ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.
നിലവിൽ ജെ ഡി എസിന് ഒരു സീറ്റ് മാത്രമാണ് കിറ്റൂർ -കർണാടകയിൽ ഉള്ളത്. സീറ്റ് വർധിപ്പിക്കാൻ ജെ ഡി എസും കന്നിയങ്കത്തിന് ആം ആദ്മിയും മേഖലയിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിലുണ്ട്. അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എമ്മും നിരവധി മണ്ഡലങ്ങളിൽ ഇവിടെ മത്സരിക്കുന്നുണ്ട്.
അതേസമയം മധ്യ-കർണാടക ജില്ലകളായ ദാവൻഗരെയിലും ചിത്രദുർഗയിലും ബി ജെ പിക്ക് ഭൂരിപക്ഷം സീറ്റുകളും 2018 ൽ ലഭിച്ചെങ്കിലും അതേ പ്രകടനം ഇത്തവണ ആവർത്തിക്കുക പാർട്ടിയെ സംബന്ധിച്ച് എളുപ്പമായേക്കില്ല. ഈ രണ്ട് ജില്ലകളെയും സഹായിക്കുന്ന അപ്പർ ഭദ്ര പദ്ധതി - ദേശീയ പദ്ധതിയായി കേന്ദ്രം പ്രഖ്യാപിച്ചത് നേട്ടമാകുമെന്നാണ് ബി ജെ പി പ്രതീക്ഷ. 2018ലെ തിരഞ്ഞെടുപ്പിൽ ഈ രണ്ട് ജില്ലകളിലെ 14 സീറ്റുകളിൽ ബി ജെ പി 11 സീറ്റും കോൺഗ്രസിന് മൂന്ന് സീറ്റുമാണ് ലഭിച്ചത്.












Click it and Unblock the Notifications