Karnataka Assembly Election: കോൺഗ്രസിന് 130ന് മേലെ സീറ്റുകൾ, മോദി ഫാക്ടർ ഫലിക്കില്ലെന്ന് വീരപ്പ മൊയ്ലി
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളാണുളളത്. പുറത്ത് വന്ന സര്‍വ്വേകളില്‍ പലതും കോണ്‍ഗ്രസിന് സാധ്യത പ്രവചിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് ഭരണമാറ്റത്തിന്റെ കാറ്റ് വീശുന്നതായാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി വിലയിരുത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി 130 സീറ്റുകൾക്ക് മേലെ നേടി വിജയിക്കുമെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു.
ഈ നിയമസഭാ തിരഞ്ഞെടുപ്പോട് കൂടി ദക്ഷിണേന്ത്യയില്‍ ബിജെപിക്കുളള ഏക വാതിലും അടയുമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു. കേന്ദ്രത്തില്‍ ആര് സര്‍ക്കാരുണ്ടാക്കുമെന്നതില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകാറുണ്ട്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിലെ വിജയം 2024ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കുന്നതിലേക്ക് വഴി തുറക്കുമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

മെയ് 10ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 130ല്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കുമെന്നും ബിജെപിയുടെ വിജയം 60 സീറ്റിനുളളില്‍ ഒതുങ്ങുമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയാണ് വീരപ്പ മൊയ്‌ലി. എച്ച് ഡി ദേവഗൗഡയുടെ ജനതാ ദള്‍ സെക്യുലറിനെ വീരപ്പ മൊയ്‌ലി വിമര്‍ശിച്ചു.
ബിജെപിയുമായി ചേര്‍ന്നുളള ജനതാ ദള്‍ സെക്യുലറിന്റെ അവസരവാദ രാഷ്ട്രീയത്തെ ജനം തളളിക്കളയും. മാറ്റത്തിന്റെ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമായാണ് വീശിക്കൊണ്ടിരിക്കുന്നത്. ബിജെപി ആകെ തകര്‍ന്ന അവസ്ഥയിലാണുളളത്. ബിജെപിക്കുളളില്‍ യാതൊരു ഐക്യവും ഒത്തൊരുമയും ഇല്ല. നിരവധി നേതാക്കള്‍ ടിക്കറ്റ് നിഷേധിക്കപ്പട്ടതിന്റെ പേരില്‍ പാര്‍ട്ടി വിടുകയാണ്. അവര്‍ കോണ്‍ഗ്രസിലും മറ്റ് പാര്‍ട്ടികളിലും അഭയം തേടുന്നുവെന്നും വീരപ്പ മൊയ്‌ലി കൂട്ടിച്ചേര്‍ത്തു.
ബസവരാജ് ബൊമ്മൈ നയിക്കുന്ന കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ വന്‍ പരാജയം ആണെന്ന് വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അഴിമതി വ്യാപകമാണ്. ബിജെപി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരായി മാറിയിരിക്കുന്നുവെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ വീരപ്പ മൊയ്‌ലി പരിഹസിച്ചു. ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ ഒരൊറ്റ പദ്ധതി പോലും നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും വീരപ്പ മൊയ്‌ലി ആരോപിച്ചു.
ബിജെപി ഭരണകാലത്ത് സംസ്ഥാനത്ത് ഒരൊറ്റ വലിയ വ്യവസായ പദ്ധതിക്ക് പോലും തുടക്കം കുറിക്കാനായിട്ടില്ല. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. അധ്യാപകരുടേയും അടക്കം നിരവധി തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. കര്‍ണാടകത്തിലെ ഓരോ തെരുവുകളിലേയും സംസാരം അഴിമതിയെ കുറിച്ച് ആണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
കര്‍ണാടകത്തില്‍ മോദി ഫാക്ടര്‍ വിജയിക്കില്ല. തമിഴ്‌നാട്ടില്‍ അവര്‍ അത് പരീക്ഷിച്ചതാണ്. എന്നാല്‍ ഫലമുണ്ടായില്ല. ഇതേ മോദി ഫാക്ടറും കൊണ്ടാണ് അവര്‍ കേരളത്തില്‍ പോയത്, മോദിയും അമിത് ഷായും വലിയ തോതില്‍ പ്രചാരണം നടത്തി, എന്നാല്‍ അവിടെയും വിജയിച്ചില്ല. ഹിമാചല്‍ പ്രദേശിലും പശ്ചിമ ബംഗാളിലും ഈ തന്ത്രം വിജയം കണ്ടില്ല. കര്‍ണാടക തിരഞ്ഞെടുപ്പോട് കൂടി തെക്കേ ഇന്ത്യയില്‍ ബിജെപിയുടെ ഏക വാതില്‍ കൂടി പൂര്‍ണമായി അടയുമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.












Click it and Unblock the Notifications