കർണാടകയിലും ഗുജറാത്ത് തന്ത്രം പയറ്റാൻ ബിജെപി; യെദ്യൂരപ്പയടക്കം 20 ശതമാനം പേരെ ഒഴിവാക്കും
ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. ഭരണം നിലനിർത്താൻ സകല തന്ത്രങ്ങളും പയറ്റുകയാണ് ബിജെപി.

ബെംഗളൂരു: ബിജെപിയെ സംബന്ധിച്ച് കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ്. ബി ജെ പിക്ക് ഭരണമുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം ലോക്സഭ തിരഞ്ഞെടുപ്പിന് കൈവിട്ടാൽ അത് പാർട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. അതിനാൽ എന്ത് വിലകൊടുത്തും കന്നഡ മണ്ണ് കാക്കാനുള്ള തന്ത്രം മെനയുകയാണ് പാർട്ടി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ പയറ്റിയ തന്ത്രം ബിജെപി കർണാടകത്തിലും ആവർത്തിക്കും.

20 ശതമാനത്തോളം പേരെയാണ് ഒഴിവാക്കുക
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ മുഖം നോക്കാതെയായിരുന്നു ബി ജെ പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. മുതിർന്ന നേതാക്കൾ, മോശം പ്രകടനം കാഴ്ചവെച്ചർ എന്തിന് മുൻ മുഖ്യമന്ത്രിക്കടക്കം പാർട്ടി ടിക്കറ്റ് നൽകിയിരുന്നില്ല. കർണായകയിലും കൂടുതൽ സിറ്റിംഗ് എം എൽ എമാരെ പാർട്ടി ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഏകദേശം 20 ശതമാനത്തോളം പേരെയാണ് ഒഴിവാക്കുക. ഭരണവിരുദ്ധ വികാരം മറികടക്കുകയാണ് ലക്ഷ്യം.

കുറഞ്ഞത് 25 പേരെയാകും ഒഴിവാക്കിയേക്കുക
'മുതിർന്ന നേതാക്കളെ പ്രായം ചൂണ്ടിക്കാട്ടി മാറ്റി നിർത്തിയേക്കും. മണ്ഡലങ്ങളിൽ ജനാഭിപ്രായം എതിരായ നേതാക്കളേയും ഒഴിവാക്കും',ബി ജെ പി നേതാക്കൾ പറഞ്ഞു. കുറഞ്ഞത് 25 പേരെയാകും ഒഴിവാക്കിയേക്കുക. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്കും സീറ്റ് നൽകിയേക്കില്ലെന്നാണ് സൂചന. ശിഖാരിപുര മണ്ഡലത്തിൽ നിന്നാണ് യെദ്യൂരപ്പ മത്സരിക്കാറുള്ളത്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേരത്തേ തന്നെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.മകൻ വിജേന്ദ്രയ്ക്ക് തന്റെ മണ്ഡലം നൽകണമെന്നതാണ് യെദ്യൂരപ്പയുടെ താത്പര്യം. മണ്ഡലത്തിൽ മകന്റെ സ്ഥാനാർത്ഥിത്വം ഇതിനോടകം തന്നെ യെദ്യൂരപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല.

കൂടുതൽ യുവാക്കൾക്ക്
അതേസമയം യെദ്യൂരപ്പയെ കൂടാതെ കെ എസ് ഈശ്വരപ്പ, ജി എച്ച് തിപ്പാറെഡ്ഡി എന്നിവർക്ക് സീറ്റ് നൽകിയേക്കില്ല. പാർട്ടിയുടെ സർവ്വേയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇത്തവണ സ്ഥാനാർത്ഥി നിർണയം. കൂടുതൽ യുവാക്കൾക്ക് സീറ്റ് ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് അതേസമയം നേതാക്കളെ ഒഴിവാക്കാനുള്ള തീരുമാനം പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിരിക്കെ ഇത്തരമൊരു തീരുമാനം ബി ജെ പിയിൽ പ്രശ്നങ്ങൾ വഷളാക്കുമെന്നും ഇത് മറികടക്കാനായില്ലെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത
പുറത്ത് വന്ന സർവ്വേകളിൽ എല്ലാം ഇത്തവണ സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയ്കക്ാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. കോൺഗ്രസിന് 100 വരെ സീറ്റുകളും ബി ജെ പിക്ക് 75 വരെ സീറ്റുകളുമാണ് പ്രവചിക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ജെ ഡി എസ് കിംഗ് മേക്കറായേക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ.












Click it and Unblock the Notifications