കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ തന്നെ; സൂചന നല്‍കി നേതാക്കള്‍, ബിജെപിക്ക് തിരിച്ചടി
ബെംഗളൂരു: കര്‍ണാടകയില്‍ കാര്യങ്ങള്‍ മാറിമറയുകയാണ്. വന്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങിയ ബിജെപിക്ക് പണി കൊടുത്ത് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വിവരം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏത് സാധ്യതയും ആരായുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞിരിക്കുന്നത്. ഗുലാം നബി ആസാദിനെയും കോണ്‍ഗ്രസ് കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് ജെഡഎസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ കൈകളില്‍
കാര്യങ്ങള്‍ കോണ്‍ഗ്രസ് വിചാരിച്ച പോലെ മാറുന്ന കാഴ്ചയാണിപ്പോള്‍. തിരഞ്ഞടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാണെന്ന് കണ്ട ഉടനെ കോണ്‍ഗ്രസ് കരുക്കള്‍ നീക്കി തുടങ്ങിയിരുന്നു. കെസി വേണുഗോപാലിനെ സഹായിക്കാന്‍ ഗുലാംനബി ആസാദിനെ സോണിയാ ഗാന്ധി നിയോഗിച്ചതും നടപടികള്‍ വേഗത്തിലാക്കാനായിരുന്നു.

ദേവഗൗഡയെ സോണിയ വിളിച്ചു
സോണിയാ ഗാന്ധിയുടെ വിശ്വസ്തനാണ് ഗുലാം നബി ആസാദ്. അദ്ദേഹത്തെ നിയോഗിച്ചതിന് പിന്നാലെ സോണിയാ ഗാന്ധി നേരിട്ട് ജെഡിഎസ് നേതാവ് ദേവഗൗഡയെ വിളിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ വേഗത്തിലായത്.

നേതാക്കള്‍ പറയുന്നു
ദേവഗൗഡ കോണ്‍ഗ്രസ് ബന്ധത്തിന് സമ്മതിച്ചുവെന്നാണ് വിവരം. എല്ലാ സാധ്യതകളും സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ പരിശോധിച്ച് വരികയാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ജെഡിഎസിനെ പിന്തുണയ്ക്കാന്‍ തീരുമനിച്ചിട്ടുണ്ടെന്ന് സിദ്ധരാമയ്യയും വ്യക്തമാക്കി.

യെദ്യൂരപ്പയുടെ നീക്കം
അതിനിടെ ബിജെപിയും ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുക ബിജെപി ആയിരിക്കുമെന്ന് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് കളം നിറഞ്ഞ് കളിച്ചതോടെ ബിജെപി അങ്കലാപ്പിലായിട്ടുണ്ട്. ഇതോടെ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ ഒരുങ്ങുകയാണ്.
Recommended Video


എല്ലാവരും ജെഡിഎസിന് പിന്നാലെ
ജനാതാദളുമായി ചേര്‍ന്ന് മതേതര സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. വൈകീട്ട് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് ബിജെപിയും ജനതാദളിനെ പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബിജെപി നേതാക്കളും ഗവര്‍ണറെ കാണുമെന്നാണ് പറയുന്നത്.












Click it and Unblock the Notifications