ജയിക്കാവുന്ന 25 സീറ്റ് നഷ്ടപ്പെട്ടേക്കാം... മുന്‍കൂര്‍ ജാമ്യവുമായി കുമാരസ്വാമി, കാരണം ഇതാണ്
ബെംഗളൂരു: വിജയിക്കാന്‍ സാധ്യതയുള്ള 25ഓളം സീറ്റുകളില്‍ തിരിച്ചടി നേരിട്ടേക്കാമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി കുമാരസ്വാമി. ഈ മണ്ഡലങ്ങളില്‍ നേരത്തെ ജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ചെലവഴിക്കാന്‍ പണം ഇല്ലാത്തത് തിരിച്ചടിയായി എന്നും കുമാരസ്വാമി പറയുന്നു. പാര്‍ട്ടിക്ക് സീറ്റുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറയുമെന്നാണ് കുമാരസ്വാമി വ്യക്തമാക്കുന്നത്.
സീറ്റുകള്‍ കുറയുമെങ്കിലും കോണ്‍ഗ്രസിനേക്കാളും ബിജെപിയേക്കാളും നിയമസഭാ മണ്ഡലങ്ങളില്‍ ജയിക്കുമെന്ന് കുമാരസ്വാമി വാദിക്കുന്നു. കിങ് മേക്കറല്ല, ഇത്തവണ കിങ് ആകുമെന്നും കുമാരസ്വാമി പറഞ്ഞു. പാര്‍ട്ടിയുടെ നിരവധി സ്ഥാനാര്‍ഥികള്‍ക്ക് സാമ്പത്തികമായ പിന്തുണ നല്‍കാന്‍ സാധിക്കാത്തത് വേദനയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫണ്ടിന്റെ കാര്യത്തില്‍ പൊതുജന പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നു എങ്കിലും വേണ്ടത്ര കിട്ടിയില്ല. ചിക്കബല്ലാപുര, ദോദബല്ലാപുര തുടങ്ങി വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ പണമില്ലാത്തതിനാല്‍ ഏറെ പ്രയാസപ്പെട്ടു. പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് സാമ്പത്തികമായ പിന്തുണ നല്‍കാന്‍ സാധിക്കാതെ വന്നുവെന്നും കുമാരസ്വാമി പറഞ്ഞു.
പ്രചാരണത്തിന് പണമില്ലാതെ വന്ന സാഹചര്യത്തില്‍ 25ഓളം സീറ്റുകളില്‍ തിരിച്ചടി ലഭിക്കാന്‍ സാധ്യതയുണ്ട്. ചില മണ്ഡലങ്ങളിലേക്ക് വലിയ അളവില്‍ പാര്‍ട്ടി ഫണ്ട് പോയി. എന്നാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള ചില മണ്ഡലങ്ങളിലേക്ക് വേണ്ടത്ര പണം നല്‍കാന്‍ പറ്റിയില്ല. ജനങ്ങളില്‍ നിന്ന് മതിയായ സംഭാവന ലഭിച്ചില്ലെന്നും കുമാരസ്വാമി പറഞ്ഞു.
ഇത്രയും സീറ്റില്‍ മല്‍സരിക്കേണ്ടിയിരുന്നില്ല എന്ന തോന്നല്‍ കുമാരസ്വാമിക്കുണ്ട്. 120ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എങ്കിലും കോണ്‍ഗ്രസിനേക്കാളും ബിജെപിയേക്കാളും സീറ്റ് ഇത്തവണ കിട്ടുമെന്നും കുമാരസ്വാമി അവകാശപ്പെട്ടു. തൂക്കു സഭ വന്നാല്‍ എന്തായിരിക്കും ജെഡിഎസ് നിലപാട് എന്ന് മാധ്യമപ്രവര്‍ത്തകര്‍ കുമാരസ്വാമിയോട് ചോദിച്ചു.
കാത്തിരിന്ന് കാണാം. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ജെഡിഎസ് കിങ് മേക്കറാകുമോ എന്ന ചോദ്യത്തിന് കിങ് ആകുമെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. എല്ലാം വൈകാതെ കാണാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് 37 സീറ്റുകളാണ് ലഭിച്ചത്. അന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഭരണത്തിലെത്തിയെങ്കിലും വൈകാതെ ബിജെപി മറിച്ചിട്ടു.












Click it and Unblock the Notifications