കറുത്ത കുതിരയാകാന്‍ ജെഡിഎസ്; മജ്‌ലിസ് പാര്‍ട്ടിയുമായി ചര്‍ച്ച... പരസ്യമാക്കി കുമാരസ്വാമി
ബെംഗളൂരു: അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ജെഡിഎസ് നീക്കം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ എച്ച്ഡി കുമാരസ്വാമി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എഐഎംഐഎമ്മുമായി മാത്രമല്ല, മറ്റു ചില കക്ഷികളുമായും ജെഡിഎസ് ചര്‍ച്ച നടത്തി വരികയാണെന്ന് കുമാരസ്വാമി പറഞ്ഞു.
മജ്‌ലിസ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ മൂന്നോ നാലോ സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ഏതൊക്കെ സീറ്റ് നല്‍കാം എന്ന ആലോചനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടാക്കിയാല്‍ സഖ്യം സംബന്ധിച്ച് തീരുമാനമാകുമെന്നും കുമാരസ്വാമി പറഞ്ഞു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളിലും അദ്ദേഹം പ്രതികരിച്ചു.

നേരത്തെ മജ്‌ലിസ് പാര്‍ട്ടിയുടെ കര്‍ണാടക അധ്യക്ഷന്‍ ഉസ്മാന്‍ ഗനിയും ജെഡിഎസുമായുള്ള സഖ്യ ചര്‍ച്ച സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 25 മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കുമാരസ്വാമി പറയുന്നത് മൂന്നോ നാലോ സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത് എന്നാണ്.
കര്‍ണാടക നിയമസഭയില്‍ 224 സീറ്റുകളാണുള്ളത്. എല്ലാ സീറ്റുകളിലും മല്‍സരിക്കുമെന്ന് നേരത്തെ ജെഡിഎസ് നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കുമാരസ്വാമി പറയുന്നത് മറ്റൊന്നാണ്. ചില സീറ്റുകളില്‍ സഖ്യമുണ്ടാക്കി മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതൊക്കെ പാര്‍ട്ടികളുമായിട്ടാണ് സഖ്യമുണ്ടാക്കുക എന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
ജെഡിഎസ് വലിയ വെല്ലുവിളി നേരിടുന്നത് ഹാസന്‍ നിയമസഭാ മണ്ഡലത്തിലാണ്. ഈ സീറ്റിന് കുമാരസ്വാമിയുടെ ജേഷ്ഠന്റെ ഭാര്യ ഭവാനി രേവണ്ണ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എച്ച്ഡി രേവണ്ണിയുടെ രഹസ്യപിന്തുണ ഇതിനുണ്ട് എന്നാണ് കരുതുന്നത്. എന്നാല്‍ കുമാരസ്വാമി എതിര്‍ക്കുന്നു. ഹാസനിലെ മുന്‍ എംഎല്‍എ എച്ച്എസ് പ്രകാശിന്റെ മകന്‍ എച്ച്പി സ്വരൂപിനെ മല്‍സരിപ്പിക്കാമെന്ന് കുമാരസ്വാമി പറയുന്നു.
പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുത്ത് പാര്‍ട്ടി നേതാവ് എച്ച്ഡി ദേവഗൗഡ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. രേവണ്ണയും ഇതേ പ്രതികരണമാണ് നടത്തിയത്. കഴിഞ്ഞാഴ്ച വിഷയത്തില്‍ ഇരുവരുമായും ദേവഗൗഡ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഭവാനി പിന്തിരിയാന്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് നേതാക്കള്‍ വെട്ടിലായത്.
കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഇരുപാര്‍ട്ടികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല എങ്കില്‍ ജെഡിഎസ് നിര്‍ണായക ശക്തിയാകും. നേരത്തെ ജെഡിഎസ് പിന്തുണയില്‍ കോണ്‍ഗ്രസും ബിജെപിയും ഭരിച്ച സംസ്ഥാനമാണ് കര്‍ണാടക. ജെഡിഎസ് ആരെ പിന്തുണച്ചോ അവര്‍ക്ക് ഭരിക്കാമെന്ന സാഹചര്യമുണ്ടായിരുന്നു.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഏറ്റവും വലിയ കക്ഷിയായത്. എന്നാല്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കുകയായിരുന്നു. പക്ഷേ, ഒന്നര വര്‍ഷം തികയും മുമ്പേ ഈ സര്‍ക്കാര്‍ നിലം പൊത്തി. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണിത്.












Click it and Unblock the Notifications