നെഞ്ചിടിപ്പോടെ ബിജെപിയും കോൺഗ്രസും! കരുത്ത് കാട്ടാൻ ജെഡിഎസും കുമാരസ്വാമിയും....
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസും ബിജെപിയും ആഗ്രഹിക്കുന്നില്ല.
ബെംഗളൂരു: സിദ്ധരാമയ്യയ്ക്ക് ഭരണത്തുടർച്ച ലഭിക്കുമോ? ബിജെപി തിരിച്ചു വരുമോ? കർണാടക ആര് ഭരിക്കും? ഈ ചോദ്യങ്ങൾക്കെല്ലാം ചൊവ്വാഴ്ച ഉച്ചയോടെ ഉത്തരം ലഭിക്കും. എക്സിറ്റ് പോൾ ഫലങ്ങളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകാത്ത സാഹചര്യത്തിൽ ഓരോ മണ്ഡലങ്ങളും കോൺഗ്രസിനും ബിജെപിയ്ക്കും നിർണായകമാണ്.

2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലായ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസും ബിജെപിയും ആഗ്രഹിക്കുന്നില്ല. അതേസമയം, സംസ്ഥാനത്തെ കറുത്ത കുതിരകളാവുക ജെഡിഎസ് ആയിരിക്കുമെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ഒരുപോലെ പ്രവചിച്ചിരുന്നത്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ നാൽപ്പത് സീറ്റ് വരെ നേടിയേക്കാവുന്ന ജെഡിഎസ് ആയിരിക്കും കന്നഡനാട് ആര് ഭരിക്കണമെന്ന് തീരുമാനിക്കുക.

തിരിച്ചുവരാമെന്ന്...
പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, വിവിധ കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയ നേതാക്കളുടെ വൻനിരയാണ് ഇത്തവണ കർണാടകയിൽ ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയത്. ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നേടിയ മിന്നും ജയം കർണാടകയിലും ആവർത്തിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇതിനുപുറമേ 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കണമെങ്കിലും കർണാടകയിൽ വിജയക്കൊടി നാട്ടണം.

ഭരണ തുടർച്ച...
ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തോടെ ദേശീയ നേതാവിന്റെ പ്രതിച്ഛായ നേടിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഇത്തവണ കർണാടകയിൽ പോരാട്ടത്തിനിറങ്ങിയത്. അഞ്ച് വർഷത്തെ ഭരണനേട്ടങ്ങളും മികവുകളും ഉയർത്തിക്കാട്ടിയും, ബിജെപിയുടെ വർഗീയ നയങ്ങൾക്കെതിരെയുമാണ് കോൺഗ്രസ് വോട്ട് ചോദിച്ചത്. എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളിയ സിദ്ധരാമയ്യ വിജയം ഉറപ്പാണെന്ന് ആത്മവിശ്വാസത്തിലാണ്.
Recommended Video


കുമാരസ്വാമി...
ബിജെപിയും, കോൺഗ്രസും കേവല ഭൂരിപക്ഷം നേടിയില്ലെങ്കിൽ കർണാടകയിൽ നിർണ്ണായക ശക്തിയാവുക ജെഡിഎസ് ആയിരിക്കും. മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗർ, ശ്രീരംഗപട്ടണം, കുടക് തുടങ്ങിയ മേഖലകളിൽ ശക്തമായ സ്വാധീനമുള്ള ജെഡിഎസ് ഇത്തവണ 40 വരെ സീറ്റ് നേടിയേക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചത്. അങ്ങനെയെങ്കിൽ ജെഡിഎസിന്റെ തീരുമാനമാകും നിർണായകമാവുക. ഈ സാഹചര്യം മുന്നിൽക്കണ്ട് കോൺഗ്രസിന്റെയും ബിജെപിയുടെയും ദേശീയ നേതാക്കൾ കഴിഞ്ഞദിവസം തന്നെ കർണാടകയിൽ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications