ഐസ് ക്രീം നുണഞ്ഞും സിനിമാ ആരാധകരെ കയ്യിലെടുത്തും ബാംഗ്ലൂരിൽ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം കൊഴുക്കുന്നു
ബാഗ്ലൂർ: പൊരിയുന്ന വേനലില്‍ ഐസ് ക്രീം നുണഞ്ഞും കന്നഡസിനിമാ ആരാധകരെ കൈയ്യിലെടുത്തും ബെംഗളൂരുവില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. ബെംഗളൂരുവിലെ വേനല്‍ ചൂടില്‍ ഐസ്ക്രീം നുണഞ്ഞും ജനങ്ങളോട് സല്ലപിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. പതിവിലും ചൂടേറിയ തിരഞ്ഞെടുപ്പാണ് ഇക്കുറി ബെംഗളൂരുവില്‍, അതുപോലെ തന്നെയാണ് ഇത്തവണ ബെംഗളൂരുവിലെ കാലാവസ്ഥയും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം പൊള്ളുന്ന വേനല്‍ ചൂടില്‍ നിന്നും എങ്ങനെ രക്ഷ നേടാമെന്ന് ജനങ്ങള്‍ക്ക് രാഹുലിന്റെ വക ജനകീയക്ലാസും ഉണ്ടായിരുന്നു.
ബെംഗളൂരു ഐടി ഹബ്ബില്‍ കഴിഞ്ഞ ശനിയാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ലിംഗായത്തുകൾ പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ഒരു വോട്ടു പോലും ചോരരുത് എന്നുറപ്പിച്ചു തന്നെയാണ് ഇത്തവണ രാഹുലിന്റെ പ്രചരണം. ഇതിനിടയിലായിരുന്നു വഴിയരികിലെ ഐസ്ക്രീം കടയില്‍ ഐസ് ക്രീം കഴിക്കാനും രാഹുല്‍ സമയം കണ്ടെത്തിയത്. ഒരു സംഘം അനുയായികളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഐസ് ക്രീം കഴിക്കുക മാത്രമല്ല അതിന്റെ രുചിയെ കുറിച്ചും കടക്കാരുടെ സഹകരണമനോഭാവത്തെ കുറിച്ചും പോരും വഴി രാഹുല്‍ ഗാന്ധി ആവോളം പുകഴ്ത്തി ട്വീറ്റും ചെയ്തു. പോകുന്ന വഴി കടയുടെ ഉടമയ്ക്കൊപ്പവും കസ്റ്റമേഴ്സിനൊപ്പവും സമയം ചിലവിടാനും രാഹുല്‍ തയ്യാറായി.

കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ആറാം ഘട്ട സന്ദർശനമായിരുന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നടത്തിയത്. അന്തരിച്ച കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും രാഹുല്‍ മറന്നില്ല. കഴിഞ്ഞ ദിവസമാണ് രാജ്കുമാറിന്റെ മകനും ഇപ്പോഴത്തെ കന്നഡയിലെ മിന്നും താരവുമായ പുനീറ്റ് രാജ്കുമാറും ഭാര്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു പിതാവിന്റെ ചിത്രം അദേഹത്തിന് സമ്മാനിച്ചത്.
കന്നഡസിനിമാ ആരാധകര്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള രാജ്കുമാര്‍ കുടുംബം ഒരു പാര്‍ട്ടിയെ പിന്തുണച്ചാല്‍ അവര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് ചരിത്രം. ഈ അവസരത്തില്‍ രാഹുലിന്റെ ഈ സന്ദര്‍ശനം ഏറെ ശ്രദ്ധയോടെയാണ് പാര്‍ട്ടി നോക്കികാണുന്നത്. മെയ് 15നാണ് രാജ്യം ഏറെ ഉറ്റുനോക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications