ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പിച്ചു; 17ന് സത്യപ്രതിജ്ഞയെന്ന് യെദ്യൂരപ്പ; സമനില തെറ്റിയെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ ആത്മവിശ്വാസം ഇരട്ടി വര്‍ധിപ്പിച്ച് ബിജെപി. വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദ്യുരപ്പ മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പിന് ശേഷമുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനെ പരഹസിച്ചായിരുന്നു മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ മറുപടി. ബിജെപി നേതാവിന് മാനിസിക നില തെറ്റിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യെദ്യൂരപ്പയുടെ വാക്കുകള്‍ അമിത പ്രതീക്ഷയുടേതാണ്. പാര്‍ട്ടി നേതാക്കളെ പോലും ആശ്ചര്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. രസകരമാണ്് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍...

224ല്‍ 222 മണ്ഡലങ്ങള്‍
224 സീറ്റാണ് കര്‍ണാടക നിയമസഭയില്‍. പക്ഷേ രണ്ടിടത്ത് വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. സ്ഥാനാര്‍ഥി മരിച്ചതും തിരിമറി നടന്നെന്ന ആരോപണവുമാണ് രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കാന്‍ കാരണം. ബാക്കി 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

യെദ്യൂരപ്പയുടെ വാദങ്ങള്‍
ഇതില്‍ 145-150 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് യെദ്യൂരപ്പ അവകാശപ്പെടുന്നത്. 15നാണ് വോട്ടെണ്ണല്‍. അന്നു തന്നെ പ്രധാനമന്ത്രിയെയും മറ്റു പ്രമുഖരെയും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കാന്‍ ദില്ലിയിലേക്ക് പോകുമെന്ന് യെദ്യൂരപ്പ പറഞ്ഞു. 17ന്് സത്യപ്രതിജ്ഞ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനസിക നില തെറ്റി
വോട്ടെടുപ്പ് പൂര്‍ത്തിയാക്കുംമുമ്പ് സത്യപ്രതിജ്ഞ പ്രഖ്യാപിക്കാന്‍ യെദ്യൂരപ്പയ്ക്ക് മാത്രമേ സാധിക്കൂവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. യെദ്യൂരപ്പയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കളിയാക്കി. രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുന്നുണ്ട് സിദ്ധരാമയ്യ.

സിദ്ധരാമയ്യ പറയുന്നത്
കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സിദ്ധരാമയ്യ പറയുന്നത്. തൂക്കുസഭയാകുമെന്ന വാദം അദ്ദേഹം തള്ളി. ബിജെപിക്ക് 65ല്‍ താഴെ സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടക കോണ്‍ഗ്രസിന്റെ 2019ലേക്കുള്ള ചവിട്ടുകല്ലാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മാന്ത്രിക സംഖ്യ 113
ആര്‍ക്കും ഫലം പ്രഖ്യാപിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് കര്‍ണാടകയില്‍ മൂന്ന് മണിവരെ 56 ശതമാനമാണ് പോളിങ്. 113 സീറ്റ് നേടുന്ന പാര്‍ട്ടിക്കാണ് ഭരിക്കാന്‍ സാധിക്കുക. യെദ്യൂരപ്പ നേരത്തെ നടത്തിയ ചില പ്രസ്താവനകളും വിവാദമായിരുന്നു.

അങ്ങനെയാണ് യെദ്യൂരപ്പ സ്റ്റൈല്‍
വോട്ടര്‍മാരെ കയ്യും കാലും കെട്ടി പോളിങ് ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കണമെന്നാണ് അദ്ദേഹം അടുത്തിടെ പ്രചാരണത്തില്‍ പറഞ്ഞത്. സംസ്ഥാനത്ത് ഏറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുമെന്നും യെദ്യൂരപ്പ പറയുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ദിവസങ്ങളോളം ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.

ആദ്യ മുഖ്യമന്ത്രി യെദ്യൂരപ്പ
ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാരിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് യെദ്യൂരപ്പ. 2008ല്‍ കര്‍ണാടകയില്‍ ബിജെപി ജയിച്ചപ്പോള്‍ മുഖ്യമന്ത്രിയായത് യെദ്യൂരപ്പയായിരുന്നു. 2011 വരെ മുഖ്യമന്ത്രിയായ അദ്ദേഹം അഴിമതി ആരോപണത്തെ തുടര്‍ന്നാണ് രാജിവച്ചത്. പിന്നീട് അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് യെദ്യൂരപ്പ ബിജെപി വിട്ടു.

സിദ്ധരാമയ്യക്കും റെക്കോര്‍ഡ്
തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 2013ല്‍ 122 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുകയായിരുന്നു. ഏറെ കാലത്തിന് ശേഷം അഞ്ച് വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്ത് തികച്ച വ്യക്തിയെന്ന ഖ്യാതി സിദ്ധരാമയ്യക്ക് സ്വന്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മല്‍സരിച്ച യെദ്യൂരപ്പക്ക് ആറ് സീറ്റ് മാത്രമേ നേടാനായുള്ളൂ.

മുഖ്യമന്ത്രിയാകുമോ
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ തിരിച്ചെത്തിയ യെദ്യൂരപ്പയുടെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്തിരുന്നു. 28ല്‍ 17 സീറ്റ് സംസ്ഥാനത്ത് ബിജെപി നേടി. ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകുക യെദ്യൂരപ്പയാകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

മോദിയുടെ തന്ത്രങ്ങള്‍
അതേസമയം, നരേന്ദ്ര മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. നേപ്പാള്‍ സന്ദര്‍ശനവും കര്‍ണാടക തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമുണ്ടെന്നാണ്് കോണ്‍ഗ്രസ് പറയുന്നത്. നേപ്പാളിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് കര്‍ണാടകയിലെ ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ഇത് മോദിയുടെ നിശബ്ദ പ്രചാരണമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ബസ് സര്‍വീസ്
രാമന്റെയും സീതയുടെയും വിവാഹം നടന്നുവെന്ന് വിശ്വസിക്കുന്ന ജനക്പൂര്‍ ക്ഷേത്രത്തിലാണ് മോദി ആദ്യം സന്ദര്‍ശിച്ചത്. സീതയുടെ ജന്മസ്ഥലമായിട്ടാണ് ജനക്പൂര്‍ കണക്കാക്കുന്നത്. ഇവിടെ നിന്ന് അയോധ്യയിലേക്ക് നേരിട്ട് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയതും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

മോദിക്ക് സാധിക്കില്ലെന്ന് സിദ്ധരാമയ്യ
മുക്തനാഥ്, പശുപതിനാഥ് തുടങ്ങിയ ക്ഷേത്രങ്ങളിലും മോദി സന്ദര്‍ശിച്ചു. ഈ ദൃശ്യങ്ങളും വാര്‍ത്തകളും മാധ്യമങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തിരുന്നു. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം തടയാന്‍ മോദിയുടെ ക്ഷേത്ര സന്ദര്‍ശനം കൊണ്ട് സാധിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.












Click it and Unblock the Notifications