ഹിജാബ് ധരിച്ച് പരീക്ഷ എഴുതണം; വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയില്‍
കഴിഞ്ഞ വര്‍ഷം ഹിജാബ് കേസില്‍ സുപ്രീംകോടതി ഭിന്ന വിധിയാണ് പുറപ്പെടുവിച്ചിരുന്നത്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയില്‍. ഹര്‍ജിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പരീക്ഷ വേളയില്‍ ഹിജാബ് ധരിച്ച് കലാലയത്തിലെത്താനുള്ള അനുമതിയാണ് അവര്‍ ആവശ്യപ്പെടുന്നത്. മാര്‍ച്ച് ഒമ്പതിന് കര്‍ണാടകയില്‍ പ്രി യൂണിവേഴ്‌സിറ്റി പരീക്ഷ ആരംഭിക്കും. ഹര്‍ജി പരിഗണിക്കുമെന്നും ഇതിന് വേണ്ടി പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിദ്യാര്‍ഥിനികള്‍ക്ക് ഉറപ്പ് നല്‍കി.
വിദ്യാര്‍ഥിനികള്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പരീക്ഷ അടുക്കുന്നതിനാല്‍ വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കണം എന്നാണ് ഇന്ന് ആവശ്യപ്പെട്ടത്. വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ ഷാദന്‍ ഫറസ്ത് ആണ് ഹാജരായത്. പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെങ്കില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകുമെന്ന് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
ആരാണ് പരീക്ഷ എഴുതുന്നതില്‍ നിന്ന് വിദ്യാര്‍ഥിനികളെ തടയുന്നത് എന്ന് കോടതി ചോദിച്ചു. തട്ടമിട്ട് സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥിനികളെ അനുവദിക്കുന്നില്ല എന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. തലമറയ്ക്കാതെ പെണ്‍കുട്ടികള്‍ പരീക്ഷ എഴുതില്ല. പരിമിതമായ ആശ്വാസമാണ് കോടതിയോട് ആവശ്യപ്പെടുന്നതെന്നും വിദ്യാര്‍ഥിനികളുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
ജനുവരി 23ന് ഹര്‍ജി പരിഗണിച്ച വേളയില്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അരോറ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചത്. തുടര്‍ന്ന് നിരവധി മുസ്ലിം പെണ്‍കുട്ടികള്‍ സ്വകാര്യ സ്‌കൂളിലേക്ക് പഠനം മാറ്റിയിരുന്നു. ചിലര്‍ കര്‍ണാടകയ്ക്ക് പുറത്തുള്ള സ്‌കൂളുകളിലേക്ക് മാറി. ചില കുട്ടികള്‍ സ്വന്തമായി പഠിക്കുകയാണ് ചെയ്തത്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനുള്ള അനുമതിയാണ് ഇപ്പോള്‍ വിദ്യാര്‍ഥിനികള്‍ തേടിയിരിക്കുന്നത്.
ഉഡുപ്പിയിലെ കോളജിലാണ് ഹിജാബ് വിഷയം ആദ്യം ഉടലെടുത്തത്. ഹിജാബ് ധരിച്ച് വിദ്യാര്‍ഥികള്‍ എത്തുന്നതിനെ ഒരു വിഭാഗം ചോദ്യം ചെയ്തു. അവര്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ഹിജാബ് വിലക്കി. ഇത് ചോദ്യം ചെയ്ത് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.
ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഭിന്ന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഹിജാബ് അവരുടെ ഇഷ്ടമാണ് എന്ന് ഒരു ജഡ്ജി വിധിച്ചപ്പോള്‍, യൂണിഫോം എല്ലാവരും പാലിക്കണം എന്ന് മറ്റൊരു ജഡ്ജി വിധിച്ചു. ഇതോടെയാണ് നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടതും സുപ്രീംകോടതി വിഷയം പരിഗണിക്കാന്‍ പോകുന്നതും.












Click it and Unblock the Notifications