വനിതാ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഈ സംസ്ഥാനത്ത് ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി
ബെംഗളൂരു: സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ വനിതാ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ശമ്പളത്തോടു കൂടിയ ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനം. സ്ത്രീകളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ഈ തീരുമാനം ജോലി സ്ഥലങ്ങളിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഉത്തരവ് പ്രകാരം എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ അവധി നയങ്ങളില്‍ ഉടനടി മാറ്റം വരുത്തേണ്ടതുണ്ട്. ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് തന്നെ ഇത്തരമൊരു നിയമം സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഒരുപോലെ നടപ്പാക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരു ഉള്‍പ്പെടുന്ന കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ അനവധി കമ്പനികളുണ്ട്. ഇവിടെ ആയിരക്കണക്കിന് സ്ത്രീകള്‍ ജോലി ചെയ്യുന്നുമുണ്ട്. 18 വയസിനും 52 വയസിനും ഇടയിലുള്ള സ്ത്രീകള്‍ക്കാണ് ഈ അവധിക്ക് അര്‍ഹതയുള്ളത്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ ഐടി കമ്പനികള്‍, മള്‍ട്ടി നാഷണല്‍ കമ്പനികള്‍, ഗാര്‍മെന്റ് യൂണിറ്റുകള്‍ തുടങ്ങി സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ജോലി സ്ഥലങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കര്‍ണാടക സര്‍ക്കാര്‍ ആര്‍ത്തവ അവധി നയം ഔദ്യോഗികമായി നടപ്പാക്കിയത്. ഇനി മുതല്‍ സ്ഥാപന മേലധികാരിക്ക് ഈ അവധി അനുവദിക്കാതിരിക്കാന്‍ ആകില്ല. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ഔട്ട്സോഴ്സിംഗ് ജീവനക്കാര്‍ക്കും ഈ അവധി ലഭിക്കും.
നടപ്പാക്കുന്നത് ഇങ്ങനെ
മാസത്തില്‍ ഒരു ദിവസം എന്ന കണക്കില്‍ വര്‍ഷത്തില്‍ ആകെ 12 ദിവസമാണ് ശമ്പളത്തോടു കൂടിയ അവധി ലഭിക്കുന്നത്. ഈ അവധി ലഭിക്കുന്നതിനായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഹാജരാക്കേണ്ടതില്ല. ഈ പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന് ചില നിബന്ധനകളും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
ഒരു മാസത്തെ അവധി ഉപയോഗിച്ചില്ലെങ്കില്‍ അത് അടുത്ത മാസത്തേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കില്ല. കാഷ്വല്‍ ലീവ്, സിക്ക് ലീവ് തുടങ്ങി നിലവിലുള്ള അവധികള്‍ക്ക് പുറമെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇത് മറ്റ് അവധികളുമായി ചേര്‍ത്ത് ഉപയോഗിക്കാന്‍ കഴിയില്ല. അവധി എടുക്കുന്ന ദിവസം ഓഫീസിലെ അടിയന്തര ഫയലുകളെക്കുറിച്ചോ കോടതി കാര്യങ്ങളെക്കുറിച്ചോ കൃത്യമായ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications