കര്‍ണാടകയില്‍ സര്‍ക്കാര്‍ വീഴും, ഒരു വര്‍ഷം മാത്രം ആയുസ്സ്; ഒത്തുപോവില്ലെന്ന് ബിജെപി
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയിട്ട് മണിക്കൂറുകള്‍ മാത്രമാണ് പിന്നിടുന്നത്. എന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബിജെപി. സിദ്ധരാമയ്യ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശം വന്നത്. കര്‍ണാടകയുടെ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ ആണെന്നായിരുന്നു വിമര്‍ശനം.
15ാം ധനകാര്യ കമ്മീഷന്റെ 5495 കോടി രൂപയുടെ സ്‌പെഷ്യല്‍ ഗ്രാന്‍ഡ് കേന്ദ്രം കര്‍ണാടകയ്ക്കായി നല്‍കിയില്ലെന്ന് സിദ്ധരാമയ്യ ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ ഒന്നിനും കൊള്ളാത്തവരായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.

മുന്‍ സര്‍ക്കാരിന് കര്‍ണാടകയുടെ കാര്യത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല.അവര്‍ ഒന്നിനും കൊള്ളാത്തവരായിരുന്നു. കര്‍ണാടകയ്ക്ക് അര്‍ഹതപ്പെട്ട നികുതി അവര്‍ നല്‍കിയിരുന്നില്ല. കേന്ദ്ര ധനകാര്യ കമ്മീഷന്റെ നിര്‍ദേശപ്രകാരം 5495 കോടിയാണ് കര്‍ണാടകയ്ക്ക് അനുവദിച്ചത്. എന്നാല്‍ കേന്ദ്രം തന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഇതിന് പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ പ്രഖ്യാപിച്ച കാര്യങ്ങളും ഇപ്പോള്‍ നടപ്പാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ബിജെപി ആരോപിച്ചു. ജനങ്ങള്‍ ഒരുപാട് കാര്യങ്ങല്‍ പ്രതീക്ഷിച്ചിരുന്നു. അതൊന്നും സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തില്‍ ഇല്ലെന്നും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു.
പല സ്ത്രീകളും ഇതിനോടകം സൗജന്യമായി ബസ്സില്‍ യാത്രകള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പ്രഖ്യാപനം ജനങ്ങളെ നിരാശരാക്കിയെന്നും ബൊമ്മൈ പറഞ്ഞു. സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യ യാത്ര അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ ഇത് വലിയ തരംഗമായിരുന്നു.
തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ അതിരൂക്ഷമായിട്ടാണ് കര്‍ണാടക സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഈ സര്‍ക്കാരിന് ആയുസ്സില്ലെന്ന് അണ്ണാമലൈ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വീഴും. ചീട്ടുകൊട്ടാരം പോലെ അവര്‍ തകരും. ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മില്‍ 2024നുള്ളില്‍ പ്രശ്‌നങ്ങളുണ്ടായില്ലെങ്കില്‍, അവര്‍ക്ക് സമാധാന നൊബേല്‍ സമ്മാനം നല്‍കണമെന്നും അണ്ണാമലൈ പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അടിത്തറ തന്നെ ആകെ പ്രശ്‌നമുള്ളതാണ്. രണ്ട് നേതാക്കളും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിയാവും. പത്ത് മന്ത്രിമാരുമുണ്ട്. ഇത് എന്ത് അടിത്തറയാണെന്നും അണ്ണാമലൈ പറഞ്ഞു. അവര്‍ പ്രതിപക്ഷ ഐക്യത്തെ കുറിച്ചാണ് പറയുന്നത്. കോണ്‍ഗ്രസില്‍ ഐക്യം ഇല്ലാതെ എന്ത് പ്രതിപക്ഷ ഐക്യം.
അരവിന്ദ് കെജ്രിവാള്‍, കെസിആര്‍, മമത ബാനര്‍ജി പോലുള്ള പ്രതിപക്ഷ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്നും അണ്ണാമലൈ പറഞ്ഞു. ഇതിനിടെ സോണിയാ ഗാന്ധി കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ്. സംസ്ഥാന വികസനത്തിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications