ഗൃഹലക്ഷ്മി പദ്ധതിയില്‍ ചാമുണ്ഡേശ്വരി ദേവിയും ഗുണഭോക്താവ്; നിര്‍ദേശം അംഗീകരിച്ച് കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരൂ: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഗൃഹലക്ഷ്മി പദ്ധതിയുടെ ഗുണഭോക്താവായി മൈസൂരിലെ പ്രധാന ആരാധനാ മൂര്‍ത്തിയായ ചാമുണ്ഡേശ്വരി ദേവിയും. കോണ്‍ഗ്രസ് എം എല്‍ സിയും പാര്‍ട്ടിയുടെ സംസ്ഥാന മീഡിയ സെല്‍ വൈസ് പ്രസിഡന്റുമായ ദിനേഷ് ഗൂലിഗൗഡയാണ് ഇത് സംബന്ധിച്ച കാര്യം അറിയിച്ചിരിക്കുന്നത്.
എ പി എല്‍ / ബി പി എല്‍ കാര്‍ഡ് കൈവശമുള്ള കുടുംബത്തിന്റെ തലവനായ സ്ത്രീക്ക് എല്ലാ മാസവും 2000 രൂപ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ഗൃഹ ലക്ഷ്മി. ഈ പദ്ധതിയുടെ ഗുണംഭോക്താവായാണ് ചാമുണ്ഡേശ്വരി ദേവിയേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം എല്ലാ മാസവും ചാമുണ്ഡേശ്വരി ദേവിക്ക് 2000 രൂപ ലഭിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ദിനേഷ് ഗൂലിഗൗഡ പറഞ്ഞു.

ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴില്‍ ചാമുണ്ഡേശ്വരി ദേവിയേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രിയും കര്‍ണാടക സംസ്ഥാന അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് കത്തയച്ചതായി ദിനേഷ് ഗൂലിഗൗഡ പറഞ്ഞു. തന്റെ നിര്‍ദേശം ഡി കെ ശിവകുമാര്‍ അംഗീകരിച്ചതായും എല്ലാ മാസവും ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറോട് നിര്‍ദ്ദേശിച്ചതായും ദിനേഷ് ഗൂലിഗൗഡ പറഞ്ഞു.
''ഞാന്‍ ആവശ്യപ്പെട്ട കത്തിന് ഉപമുഖ്യമന്ത്രി ഉടന്‍ മറുപടി നല്‍കുകയും ദേവിയുടെ വകുപ്പില്‍ നിന്നോ വ്യക്തിപരമായോ എല്ലാ മാസവും 2,000 രൂപ ദേവിക്ക് നിക്ഷേപിക്കാന്‍ ലക്ഷ്മി ഹെബ്ബാള്‍ക്കറിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു,'' ദിനേഷ് ഗൂലിഗൗഡ പത്രക്കുറിപ്പില്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ ആഗസ്റ്റ് 30 ന് കൊട്ടാര നഗരമായ മൈസൂരില്‍ ആദ്യ ഗഡു ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിക്ഷേപിച്ച് കൊണ്ടാണ് ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ചത്.
ഇത് ദേവിക്ക് സമര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാമുണ്ഡേശ്വരി ദേവിയെ തന്നെ പദ്ധതിയ്ക്ക് കീഴില്‍ ഗുണഭോക്താവാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ 1.28 കോടി സ്ത്രീകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി.
സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും അവരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുമാണ് ഗൃഹ ലക്ഷ്മി യോജന ആരംഭിച്ചത്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മോഡിലൂടെ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് വീട്ടമ്മമാര്‍, ഭൂരഹിതരായ സ്ത്രീകള്‍, കര്‍ഷക സ്ത്രീ തൊഴിലാളികള്‍ എന്നിവരെ ശാക്തീകരിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications