കര്‍ണാടകയില്‍ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ജൂണ്‍ 19-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയില്‍ വെച്ച് ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എം ആര്‍ രവികുമാര്‍ പറഞ്ഞു.
2018 നും 2022 നും ഇടയില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇതുമായി ബന്ധപ്പെട്ട ഫയലുകളും ചെക്കുകളും മറ്റും ബെംഗളൂരുവില്‍ എത്തിക്കണമെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറലിന്റെയും ഇന്‍സ്‌പെക്ടര്‍ ജനറലിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നഷ്ടപരിഹാരം അനുവദിച്ചതെന്ന് രവികുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കുന്നത്. ദീപക് റാവു (30), മസൂദ് (19), മുഹമ്മദ് ഫാസില്‍ (22), അബ്ദുള്‍ ജലീല്‍ (45 ) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായിരുന്ന ദീപക് റാവു ഒരു മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ഔട്ട്ലെറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. 2018 ജനുവരി 3 നാണ് ഇയാള്‍ കൊല്ലപ്പെടുന്നത്.
സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടിപ്പള്ള-കൃഷ്ണപുരയില്‍ വച്ച് 13 പേരടങ്ങുന്ന സംഘമാണ് ദീപക് റാവുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പിങ്കി നവാസ് എന്ന മുഹമ്മദ് നവാസ് ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. 2022 ജൂലൈ 19 ന് ബെല്ലാരെ പൊലീസ് പരിധിയിലെ കലഞ്ജ ഗ്രാമത്തില്‍ വെച്ചാണ് മസൂദ് ആക്രമിക്കപ്പെടുന്നത്.
എട്ട് പേരാണ് ഇയാളെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ജൂലൈ 21ന് മംഗളൂരുവിലെ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. കൊലപാതകത്തില്‍ അഭിലാഷ് എന്നയാള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെല്ലാരെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് സൂറത്ത്കലില്‍ വെച്ച് ഫാസില്‍ ആക്രമിക്കപ്പെട്ടത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് രണ്ടിന് സുഹാന്‍ ഷെട്ടിയെയും മറ്റ് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടിപ്പള്ളയില്‍ ജലീല്‍ ഡിസംബറിലാണ് കടയ്ക്കുള്ളില്‍ വെട്ടേറ്റ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ശൈലേഷ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫാസിലിന്റെ പിതാവ് ഉമ്മര്‍ ഫാറൂഖ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വര്‍ഗീയ കൊലപാതകങ്ങള്‍ക്ക് ഇരയായ എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പല സംഘടനകളും കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications