അതിഥി തൊഴിലാളികൾക്കുള്ള ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി കർണാടക: കാരണം വെളിപ്പെടുത്താതെ സർക്കാർ
ബെംഗളുരു: അതിഥി തൊഴിലാളികൾക്കുള്ള ട്രെയിൻ സർവീസ് റദ്ദാക്കി കർണാടക സർക്കാർ. അതിഥി തൊഴിലാളികളോട് മടങ്ങിപ്പോകാൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികളെ എത്തിക്കുന്നതിനായി ഒരുക്കിയ എല്ലാ സ്പെഷ്യൽ ട്രെയിനുകളും റദ്ദാക്കാനുള്ള തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇന്ത്യയിൽ റെയിൽവേയ്ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
ദില്ലിയിൽ പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: ബോയ്സ് ലോക്കർ റൂം ബന്ധം തേടി പോലീസ്

റെയിൽവേയ്ക്ക് കത്ത്
ബുധനാഴ്ചത്തേക്ക് അതിഥി തൊഴിലാളികളുടെ മടക്കാത്രക്കായി തയ്യാറാക്കിയിട്ടുള്ള ട്രെയിനുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച വെസ്റ്റേൺ റെയിൽവേക്ക് കത്തയച്ചിരുന്നു. ഇതോടെ ബെംഗളൂരുവിലെ ധനപൂരിൽ നിന്ന് ബിഹാറിലേക്ക് രാവിലെ ഒമ്പത് മണിക്കും ഉച്ചയ്ക്ക് 12 മണിക്കും വൈകിട്ട് മൂന്ന് മണിക്കും പുറപ്പെടാനിരുന്ന ട്രെയിനുകൾ റദ്ദാക്കാനാണ് കത്തിനെ ഉദ്ധരിച്ച് കർണാടകത്തിലെ അതിഥി തൊഴിലാളികളുടെ ചുമതലയുള്ള നോഡൽ ഓഫീസർ എൻ മഞ്ജുനാഥ പ്രസാദ് നൽകുന്ന വിവരം. നഗരത്തിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുമ്പോഴാണ് സർക്കാർ കൂട്ടമായി ട്രെയിനുകൾ റദ്ദാക്കുന്നത്.

യാത്രക്കാരെ മടക്കി അയച്ചു
ചൊവ്വാഴ്ച 1199 യാത്രക്കാരാണ് ബെംഗളൂരുവിലെ ചിക്കബെനവാര സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ചത്. പലരും 35 കിലോമീറ്ററോളം നടന്നാണ് ബെംഗളൂരുവിന്റെ പ്രാന്ത പ്രദേശത്തുള്ള റെയിൽവേ സ്റ്റേഷനിലെത്തിയത്. മുൻകൂട്ടി യാത്രക്കായി രജിസ്റ്റർ ചെയ്യാത്ത ഇവരെ അപ്രോച്ച് റോഡിന് സമീപത്ത് വെച്ച് തടയുകയായിരുന്നു.

നിർമാണ മേഖല
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൊറോണ വൈറസ് സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നാണ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയത്. അതുകൊണ്ട് റെഡ് സോണുകൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ വ്യാപാര പ്രവർത്തനങ്ങളും നിർമാണ പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ അനുവദിക്കണമെന്നും ഇവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അതിഥി തൊഴിലാളികളുടെ സ്വദേശത്തേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കാനും നിർദേശിച്ചിരുന്നു.

സമ്പദ് വ്യവസ്ഥയ്ക്ക വേണ്ടിയോ
സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഇവർ ജോലികളിലേയ്ക്ക് മടങ്ങുകയാണ് സർക്കാരിന് വേണ്ടതെന്നാണ് സർക്കാർ പ്രതിനിധിയുടെ പ്രതികരണം. യോഗത്തിൽ സ്വാധീനിക്കപ്പെട്ടതുകൊണ്ടാണോ സർക്കാർ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നായിരുന്നു ഉയർന്നുവന്ന ചോദ്യം. എന്നാൽ തൊഴിലാളികൾ കിംവദന്തികളെ തുടർന്നാണ് സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതെന്നാണ് ക്രെഡായി പ്രതിനിധികൾ സർക്കാരിനെ അറിയിച്ചത്.

റെയിൽവേയ്ക്ക് പങ്കില്ല
അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനുള്ള കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ട്രെയിനുകൾ റദ്ദാക്കിയ വിഷയത്തിൽ റെയിൽവേയ്ക്ക് പങ്കില്ലെന്നാണ് സൌത്ത്- വെസ്റ്റ് റെയിൽവേ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്. ശ്രമിക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നതിൽ സർക്കാർ നിർദേശം അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് റെയിൽവേ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യകതയ്ക്ക് അനുസരിച്ച് യാത്രക്കാരെ തിരിച്ചറിഞ്ഞ് യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തിക്കേണ്ടതും റെയിൽവേ സ്റ്റേഷൻ തിരഞ്ഞെടുക്കുന്നതിനുമുള്ള ചുമതല സംസ്ഥാന സർക്കാരുകൾക്കണ്. യാത്രയ്ക്കാവശ്യമായ മറ്റ് ക്ലിയറൻസുകളും സർക്കാരിന്റെ കീഴിൽ വരുന്നതാണ്.

ചുമതലകൾ പരിമിതം
പ്രാഥമിക സ്ക്രീനിംഗ് നടത്തുക, സോഷ്യൽ ഡിസ്റ്റൻസിംഗ്ല പാലിക്കുക, റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഭക്ഷണവും വെള്ളവും ലഭ്യമാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് റെയിൽവേ നിർവ്വഹിക്കേണ്ടതായുള്ളത്. ഞായറാഴ്ചയാണ് ചിക്കബനവാരയിൽ നിന്ന് ആദ്യത്തെ ട്രെയിൻ ഒഡിഷയിലെ ഭുവനേശ്വറിലേക്ക് പുറപ്പെട്ടത്. അതിന് ശേഷം മൂന്ന് ട്രെയിനുകൾല ബിഹാറിലേക്കും ഒന്ന് ജാർഖണ്ഡിലേയ്ക്ക് പുറപ്പെട്ടിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നാല് ട്രെയിനുകൾ കൂടിയാണ് ഇതര സംസ്ഥാനങ്ങളിലേക്ക് പുറപ്പെടാനിരുന്നത്. ഇവയിൽ ഒന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്കും രണ്ടാമത്തേത് ബിഹാറിലെ ധനപൂരിലേക്കുമാണ്. ഉത്തർപ്രദേശിലെ ലഖ്നൊ, ജാർഖണ്ഡിലെ ബർഖാകന എന്നിവിടങ്ങളിലേക്കാണ് ചിക്കബെനവാര, മാലൂർ എന്നീ സ്റ്റേഷനുകളിൽ നിന്നായി ട്രെയിനുകൾ പുറപ്പെടാനിരുന്നത്. ശനിയാഴ്ചയക്ക് ശേഷം 9000 അതിഥി തൊഴിലാളികളാണ് സംസ്ഥാനത്ത് നിന്ന് മടങ്ങിപ്പോയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത തൊഴിലാളികളെ റെയിൽവേ സ്റ്റേഷൻ വരെ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ബിഎംടിസി സർവീസുകളും നടത്തിയിരുന്നു.