ഭാര്യയെ ഭര്‍ത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, കേസില്‍ പൊലീസ് ഉരുണ്ടുകളിച്ചു;ഒടുവില്‍ ഇടപെട്ട് ഹൈക്കോടതി
ബംഗളൂരു: കര്‍ണാടക പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് ഭാര്യ നല്‍കിയ പരാതിയിലുള്ള സംസ്ഥാന പോലീസിന്റെ അന്വേഷണത്തെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

2017ല്‍ ഭര്‍ത്താവ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ തുടരന്വേഷണത്തിന് പൊലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം നാഗപ്രസന്നയാണ് വിമര്‍ശനം ഉന്നയിച്ചത്. പരാതിക്കാരിയുടെ ചില അശ്ലീല ചിത്രങ്ങള്‍ ഭര്‍ത്താവ് പകര്‍ത്തുകയും ചില വീഡിയോ ക്ലിപ്പുകള്‍ ഷൂട്ട് ചെയ്യുകയും പിന്നീട് അവരുടെ പിതാവിനും സുഹൃത്തുക്കള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് എന്നിവയിലൂടെ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ബംഗളൂരു സിറ്റി പോലീസ് 2019 സെപ്റ്റംബര്‍ 26-ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഐ പി സി 377 (പ്രകൃതിവിരുദ്ധ ലൈംഗികത) ഐ ടി ആക്ട്, 2000 ന്റെ പ്രസക്തമായ വ്യവസ്ഥകള്‍ ചേര്‍ത്തിട്ടില്ലെന്ന് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നു. പകരം, കുറ്റപത്രത്തില്‍ ഗാര്‍ഹിക പീഡനക്കേസ് മാത്രമാണുള്ളത്. ഈ കേസില്‍ അന്വേഷണം എത്ര മോശമായാണ് നടത്തിയതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

കേസില്‍ എല്ലാ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതില്‍ സംശയമില്ല, പക്ഷേ അധികാരപരിധിയിലുള്ള പോലീസ് (ബാംഗ്ലൂര്‍ സിറ്റി പോലീസ്) നിഗൂഢമായ അന്വേഷണമാണ് നടത്തിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു. പോലീസ് ഡയറക്ടര്‍ ജനറല്‍ ( ഡി ജി പി ) ഇത്തരം മോശം അന്വേഷണങ്ങളുടെ കണക്കെടുക്കുകയും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരോട് കര്‍ശനമായി ഇടപെടുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജഡ്ജി പറഞ്ഞു.

നിലവിലെ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അത് മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. കേസിന്റെ വസ്തുതകള്‍ പ്രകാരം, ബാംഗ്ലൂര്‍ സ്വദേശികളായ യുവതിയും ഭര്‍ത്താവും 2013-ല്‍ ഐഐടി-ബോംബെയില്‍ പിഎച്ച്ഡി പഠിക്കുന്നതിനിടെ സുഹൃത്തുക്കളായി. പിന്നീട് 2015-ല്‍ ഇരുവരും വിവാഹിതരായി. വിവാഹം കഴിഞ്ഞയുടനെ തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഭര്‍ത്താവ് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും വിസമ്മതിച്ചാല്‍ അയാള്‍ തന്നെ പലപ്പോഴും പീഡിപ്പിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പിന്നീട് ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച് റായ്പൂരിലെ സ്വന്തം വീട്ടിലേക്ക് താമസം മാറി. പിന്നീട് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും അയാളുടെ സ്വഭാവത്തില്‍ മാറ്റമില്ലെന്ന് യുവതി പറയുന്നു. മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ഗ്രൂപ്പ് സെക്‌സിനായി തന്നെ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.

വിവാഹം കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് ഇതൊക്കെ സംഭവിക്കുന്നത്. തുടര്‍ന്ന് യുവതി 2016 ജനുവരി നാലിന് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. എന്നാല്‍ തന്റെ വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവ് പ്രേരിപ്പിക്കുകയും യുവതിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ചില അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചുനല്‍കുകയും ചെയ്തു.

അതേസമയം, കേസില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ അന്വേഷണം നടത്താനും രണ്ട് മാസത്തിനകം അനുബന്ധ കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനും ജഡ്ജി ഉത്തരവിട്ടു. തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന ഭര്‍ത്താവിന്റെ ഹര്‍ജിയും ഹൈക്കോടതി തള്ളി. ഭര്‍ത്താവിന് വേണ്ടി അഡ്വക്കേറ്റ് പ്രതിമ എസ് കെ ഹാജരായപ്പോള്‍ ഭാര്യക്ക് വേണ്ടി അഡ്വക്കേറ്റ് എസ് ഗുരു പ്രസന്ന ഹാജരായി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ പി യശോധയാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായത്.












Click it and Unblock the Notifications