അര്‍ധരാത്രിയും കോടതി തുറന്നിരുന്നു; ഈദ്ഗാഹ് മൈതാനത്ത് ഗണേശോല്‍സവം നടത്താന്‍ അനുമതി
ബെംഗളൂരു: ഹുബ്ബള്ളിയിലുള്ള ഈദ്ഗാഹ് മൈതാനത്ത് ഗണേശോല്‍സവം നടത്താന്‍ കര്‍ണാടക ഹൈക്കോടതിയുടെ അനുമതി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി ഇക്കാര്യത്തില്‍ അനുമതി നല്‍കിയിരുന്നു എങ്കിലും വിധി ചോദ്യം ചെയ്ത് അന്‍ജുമാന്‍ ഇസ്ലാം എന്ന സംഘടന അപ്പീല്‍ നല്‍കുകയായിരുന്നു. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കാനാണ് ഹൈക്കോടതി രാത്രിയും പ്രവര്‍ത്തിച്ചത്. നേരത്തെയുള്ള ഉത്തരവില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനം കോര്‍പറേഷന്റേതാണെന്നും തര്‍ക്കത്തിലുള്ള ഭൂമിയല്ലെന്നും കോടതി വിശദീകരിച്ചു. ഇതോടെ ഇന്ന് പുലര്‍ച്ചെ മുതല്‍ ഗണേശ വിഗ്രഹം മൈതാനത്ത് സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഗ്രൗണ്ട് സന്ദര്‍ശിച്ചു. കോടതി ഉത്തരവ് അദ്ദേഹം സ്വാഗതം ചെയ്തു. മൂന്ന് ദിവസമാണ് ആഘോഷത്തിന് വേണ്ടി ഈദ്ഗാഹ് മൈതാനം അനുവദിച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ ഈദ്ഗാഹ് മൈതാനത്തിന്റെ കാര്യത്തില്‍ നിന്ന് വ്യത്യസ്തമാണ് ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനം. ബെംഗളൂരുവിലെ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശ തര്‍ക്കം സുുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹുബ്ബള്ളിയിലെ കാര്യത്തില്‍ തര്‍ക്കമില്ല. ബെംഗളൂരു ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവ് ഹുബ്ബള്ളിയിലെ ഗ്രൗണ്ടില്‍ നടപ്പാക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹുബ്ബള്ളിയിലെ ഗ്രൗണ്ട് കോര്‍പറേഷന്റേതാണ്. ആര്‍ക്ക് പരിപാടി നടത്താന്‍ നല്‍കണം എന്ന് കോര്‍പറേഷനാണ് തീരുമാനിക്കുക. റംസാനിനും പെരുന്നാളിനും നമസ്‌കരിക്കാന്‍ അനുമതി നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ കോര്‍പറേഷന്റെ തീരുമാനത്തില്‍ ഇടെപടാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് അശോക് എസ് കിനാഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബെംഗളൂരുവിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോല്‍സവം നടത്താനുള്ള നീക്കത്തിനെതിരെ വഖഫ് ബോര്‍ഡ് രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. ഗണേശോല്‍വസം നടത്തരുതെന്നും നിലവിലുള്ള സ്ഥിതി തുടരണമെന്നും സുപ്രീംകോടതി ചൊവ്വാഴ്ച വൈകീട്ട് ഉത്തരവിട്ടു. ഇവിടെ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനം. സുപ്രീംകോടതി ഉത്തരവ് ഹുബ്ബള്ളിയിലെ മൈതാനത്തിന്റെ കാര്യത്തിലും നടപ്പാക്കണമെന്ന ആവശ്യമാണ് അന്‍ജുമാന്‍ ഇസ്ലാം ആവശ്യപ്പെട്ടത്. ഇത് ഹൈക്കോടതി തള്ളുകയായിരുന്നു. ഈ മൈതാനത്ത് നമസ്‌കാരത്തിന് അനുമതി നല്‍കുന്നത് തടയണമെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications