ഭക്ഷണത്തിന് മാത്രം 60000: മുന്‍ ഭർത്താവില്‍ നിന്നും മാസം 6 ലക്ഷം ജീവനാംശം തേടി യുവതി, കോടതി മറുപടി വൈറല്‍
ബെംഗളൂരു: മുന്‍ ഭർത്താവില്‍ നിന്നും പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശമായി ആവ്യശ്യപ്പെടുന്ന യുവതിയുടെ ഹർജി തള്ളി കർണ്ണാടക ഹൈക്കോടതി. മാസം ഇത്രയും രൂപ ചിലവുണ്ടെങ്കില്‍ സ്ത്രീക്ക് സ്വന്തമായി അധ്വാനിച്ച് സമ്പാദിച്ച് തുടങ്ങാമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹർജി ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കോടതി നടപടികളുടെ വീഡിയോ ഓൺലൈനിൽ ഇതിനോടകം വൈറലാണ്.
തൻ്റെ മുൻ ഭർത്താവിൽ നിന്ന് പ്രതിമാസം 6,16,300 രൂപ ജീവനാംശമായി തേടാനാണ് സ്ത്രീ അഭിഭാഷകന്‍ മുഖേന ശ്രമിച്ചത്. ഒരാൾക്ക് എങ്ങനെയാണ് പ്രതിമാസം 6 ലക്ഷം രൂപ ചെലവഴിക്കാൻ കഴിയുന്നതെന്ന് ചോദിച്ച കോടതി ഇത്രയും വലിയ തുക ജീവനാംശമായി ചോദിക്കുന്നത് യുക്തിരഹിതമാണെന്നും വ്യക്തമാക്കി.

'ഒരു വ്യക്തിക്ക് ഇതാണ് ആവശ്യമെന്ന് ദയവായി കോടതിയിൽ പറയരുത്. പ്രതിമാസം ആറുലക്ഷത്തി പതിനാറായിരത്തി മുന്നൂറോ? ആരെങ്കിലും ഇത്രയും ചെലവാക്കുന്നുണ്ടോ. ശരി, അവൾ ഇത്രയധികം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൾ സ്വന്തമായി സമ്പാദിക്കട്ടെ." കർണാടക ഹൈക്കോടതി ജഡ്ജി വ്യക്തമാക്കി.
യുവതിയുടെ ഒരു മാസത്തെ ചിലവിന്റെ വ്യക്തമായ കണക്കുകളും അഭിഭാഷകന്‍ കോടതിക്ക് മുമ്പാകെ അവതരിപ്പിക്കുന്നതായി പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമാണ്. മുട്ടുവേദന, ഫിസിയോതെറാപ്പി, മരുന്നുകൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി പ്രതിമാസം 4 മുതൽ 5 ലക്ഷം രൂപ വരെ വേണമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. വളകൾ, ചെരിപ്പുകൾ, വാച്ചുകൾ തുടങ്ങിയ"അടിസ്ഥാന ആവശ്യങ്ങൾക്ക്" പ്രതിമാസം 50000 വും ഭക്ഷണത്തിന് 60000 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
10000 രൂപ വിലയുള്ള കാൽവിൻ ക്ലീൻ ടീ-ഷർട്ടുകൾ പോലെ " ബ്രാൻഡഡ് വസ്ത്രങ്ങള്‍" മാത്രമാണ് അവളുടെ മുൻ ഭർത്താവ് ധരിക്കുന്നത്. എന്നാല്‍ തന്റെ കക്ഷി പഴയ വസ്ത്രങ്ങളാണ് ധരിക്കേണ്ടി വരുന്നതെന്നും യുവതിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതേസമയം തന്നെ മുൻ ഭർത്താവ് അവരുടെ കുട്ടികളുടെ സ്കൂളിനും ട്യൂഷൻ ഫീസിനും മറ്റും പണം നൽകുന്നുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ യുവതിയുടെ ആവശ്യം ന്യായമല്ലെന്ന് വിശദീകരിക്കാനും ജഡ്ജി യുവതിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. "നിങ്ങൾക്ക് കുടുംബത്തിൻ്റെ മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ല. നിങ്ങൾ കുട്ടികളെ പരിപാലിക്കേണ്ടതില്ല. ജീവനാംശം ഭർത്താവിനുള്ള ഒരു ശിക്ഷയാകരുത് " കോടതി കൂട്ടിച്ചേർത്തു. ഹൈക്കോടതിയുടെ വിധിക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.












Click it and Unblock the Notifications