തമിഴ്നാടിൻ്റെ നീക്കത്തിന് കടുംവെട്ടുമായി കർണാടക; അത്തിബെലെ അതിർത്തി വരെ പുതിയ മെട്രോ പാത,9 സ്റ്റേഷനുകൾ
ബെംഗളൂരു: തമിഴ്നാട്ടിലേക്ക് അന്തഃസംസ്ഥാന മെട്രോ പാത ആരംഭിക്കില്ലെങ്കിലും തമിഴ്നാട് അതിർത്തി വരെ മെട്രോ പാത നീട്ടാനൊരുങ്ങി ബെംഗളൂരു നമ്മ മെട്രോ. കുറഞ്ഞ 9 സ്റ്റേഷനുകളുള്ള 10.5 കിലോമീറ്റർ നീളമുള്ള എലവേറ്റഡ് ഇടനാഴിയാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സാധ്യത പഠനം ബിഎംആർസിഎൽ പൂർത്തിയാക്കി.
ബൊമ്മസാന്ദ്രയിൽ നിന്ന് തുടങ്ങി തമിഴ്‌നാട് അതിർത്തിയിലെ അത്തിബെലെ വരെ പാത നീട്ടാനാണ് പദ്ധതി. ബൊമ്മസാന്ദ്രയിൽ നിന്നും 1.5 കിമി അകലെയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസ് ആയിരിക്കും ആദ്യ സ്റ്റേഷൻ. 1.8 കിമി ദൂരമുള്ള ചന്ദപുര സർക്കിൾ, പഴയ ചന്ദാപുര, തിരുമഗൊണ്ടനഹള്ളി, ബാലഗരനഹള്ളി,അത്തിബെലെ ഇൻഡസ്ട്രിയൽ ഏരിയ, യാദവനഹള്ളി,കൃഷ്ണസാഗര, അത്തിബെലെഎന്നിവയായിരക്കും മറ്റ് സ്റ്റേഷനുകൾ.

ദേശീയ പാത 44ലെ ഹൊസൂർ റോഡിന് വലതുവശത്ത് കൂടിയാണ് പാത നിർദേശിച്ചിരിക്കുന്നത്. പാതയിലുട നീളം കാൽനട മേൽപ്പാലങ്ങളും സബ്‌വേകളും നിർമ്മിക്കും. സാധ്യത പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു. വിശദമായി ഡിപിആർ തയ്യാറാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും ഇതിനായി ഉടൻ തന്നെ ടെൻഡർ ക്ഷണിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൊസൂരിനും ബൊമ്മസാന്ദ്രയ്ക്കുമിടയിൽ പുതിയൊരു മെട്രോപാത നിർമ്മിക്കുമെന്ന് കഴിഞ്ഞ ദിവസം തമിഴ്‌നാട് ധനമന്ത്രി എൻ മേരി വിൽസൺ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. 12 സ്റ്റേഷനുകളോടെ 23 കിലോമീറ്റർ നീളമുള്ള മെട്രോ പാത നിർമ്മിക്കുമെന്നും ഇതിൽ 12 കിമി കർണാടകത്തിലും 11 കിമി തമിഴ്നാട്ടിലൂടെയായിരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് കർണാടക സർക്കാരിൻ്റെ തിടുക്കപ്പെട്ട നീക്കം. തമിഴ്നാട് സർക്കാർ നിർദേശം പ്രയോഗികമല്ലെന്നും ഇരു സംസ്ഥാനങ്ങളിലേയും മെട്രോ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സാങ്കേതിക തടസങ്ങൾ ഉണ്ടെന്നും കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.
പ്രധാനമായും നാല് വ്യത്യാസങ്ങളാണ് ബിഎംആർസിഎൽ ചൂണ്ടിക്കാട്ടിയത്. ബെംഗളൂരു മെട്രോ 750V ഡിസി തേർഡ്-റെയിൽ സിസ്റ്റമാണ് ഉപയോഗിക്കുന്നത്, എന്നാൽ 25kV എസി ഓവർഹെഡ് ലൈൻ സിസ്റ്റമാണ് തമിഴ്നാട് നിർദേശിച്ചത്. ബിഎംആർസിഎൽ 6 കോച്ചുള്ള ട്രെയിൻ സെറ്റുകളാണ് പ്രവത്തിപ്പിക്കുന്നത്. ചെന്നൈ മെട്രോ കോർപറേഷൻ നിർദേശിച്ചതാകട്ടെ 3 കോച്ചുകളുള്ള ട്രെയിൻ സെറ്റുകളാണ്. ഭൂമി ആര് ഏറ്റെടുക്കുമെന്നത് സംബന്ധിച്ചോ എങ്ങനെ ഏറ്റെടുക്കുമെന്നത് സംബന്ധിച്ചോ വ്യക്തത ഉണ്ടായിരുന്നില്ല. മാത്രമല്ല വരുമാനം എങ്ങനെ പങ്കിടും എന്നത് സംബന്ധിച്ചുള്ള അവ്യക്തതയും നിലനിന്നിരുന്നു.
അതുകൊണ്ട് തന്നെ ഇരുസംസ്ഥാനങ്ങളും അവരുടെ അതിർത്തികൾ വരെ മെട്രെ നിർമ്മിക്കട്ടെയെന്നാണ് കർണാടക സർക്കാരിൻ്റെ നിർദേശം.മേൽപ്പാലങ്ങൾ വഴി ഈ മെട്രോകളേയും ബന്ധിപ്പിക്കുന്നതാകും ഉചിതമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications