വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; കുടുങ്ങി എച്ച്ഡി രേവണ്ണയും മകൻ പ്രജ്വലും, കേസെടുത്ത് പോലീസ്
ബെംഗളൂരു: ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ മകനും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണ എന്നിവർക്കെതിരെ ലൈംഗിക പരാതിയിൽ കേസെടുത്ത് പോലീസ്. വീട്ടുജോലിക്കാരിയായ സ്ത്രീയുടെ പരാതിയിലാണ് കേസെടുത്ത്. രേവണ്ണയുടെ ഭാര്യയുടെ ബന്ധു കൂടിയാണിവർ. വീട്ടിൽ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വൽ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം പ്രജ്വലിന്റെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചിരുന്നു. കർണാടകയിൽ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പ്രജ്വലിന്റെ അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ പലയിടങ്ങളിൽ നിന്നായി ലഭിക്കുകയായിരുന്നു. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജെഡിഎസിനെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തി പ്രജ്വലിനും രേവണ്ണയ്ക്കുമെതിരെ പരാതി ഉയർന്നിരിക്കുന്നത്.
2019 നും 2022 നും ഇടയിൽ പലതവണയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. ജോലിയിൽ കയറി നാല് മാസം ആയപ്പോൾ തന്നെ തന്നെ രേവണ്ണ അദ്ദേഹത്തിന്റേ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങിയിരുന്നു. ആറ് വനിതാ ജീവനക്കാരാനാണ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രജ്വൽ വരുമ്പോഴൊക്കെ ഞങ്ങൾക്ക് ഭയമായികുന്നു. പുരുഷ ജോലിക്കാരടക്കം ജാഗ്രത പാലിക്കാൻ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു', എന്നാണ് സ്ത്രീ പരാതിയിൽ പറയുന്നത്.
വീട്ടുജോലിക്കാരായ സ്ത്രീകളെ ഇരുവരും ചേർന്ന് പല തവണയായി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്തെല്ലാം രേവണ്ണ സ്ത്രീകളെ പീഡിപ്പിച്ചെന്നും പരാതിയിൽ സ്ത്രീ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (സ്ത്രീയെ അപമാനിക്കൽ) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. അതേസമയം അശ്ലീവ വീഡിയോ പ്രചരിച്ചതിന് പിന്നാലെ തന്നെ രാജ്യം വിട്ടിരിക്കുകയാണ് പ്രജ്വൽ. ജര്‍മനിയിലെ ഫ്രാന്‍ക്ഫര്‍ട്ടിലേക്കാണ് പ്രജ്വല്‍ പോയതെന്നാണ് സൂചന.
അതിനിടെ രേവണ്ണയും പ്രജ്വലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് സഹോദരനും മുൻ മുഖ്യമന്ത്രിയുമായി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ ഇതുവരെ ജെ ഡി എസ് സഖ്യകക്ഷിയായി ബി ജെ പി പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിനിടെ ഉണ്ടായ പുതിയ വിവാദം തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ഇരുനേതൃത്വങ്ങളും.












Click it and Unblock the Notifications