ഹിജാബിട്ട് പരീക്ഷക്കെത്തിയാല്‍ നടപടി; മുന്നറിയിപ്പുമായി മന്ത്രിമാര്‍, വിദ്യാര്‍ഥികളെ തടഞ്ഞു
ബെംഗളൂരു: ഹിജാബ് ധരിച്ച് പരീക്ഷയ്ക്ക് എത്തിയാല്‍ കടുത്ത നടപടിയെടുക്കുമെന്ന് കര്‍ണാടക മന്ത്രിമാര്‍. സംസ്ഥാനത്ത് ഇന്ന് മുതല്‍ പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ പ്രതികരണം. പല സ്‌കൂളിലും ഹിജാബ് ധരിച്ച് വിദ്യാര്‍ഥിനികള്‍ എത്തിയെങ്കിലും അവരെ അധ്യാപകര്‍ തടഞ്ഞു. ചിലയിടത്ത് വാക്കേറ്റമുണ്ടായി. ഹിജാബ് അഴിപ്പിച്ച ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കയറ്റിയത്. സര്‍ക്കാരിന്റെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിദ്യാര്‍ഥികള്‍ കോടതി ഉത്തരവ് ലംഘിക്കരുത് എന്ന് കര്‍ണാടക മന്ത്രിമാര്‍ പറയുന്നു.

കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡും കേസില്‍ കക്ഷി ചേര്‍ന്നു. ഹിജാബ് വിഷയത്തില്‍ സമസ്തയും കോടതിയിലെത്തി. യൂണിഫോമിന് അനുസൃതമായ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നും തല മറയ്ക്കല്‍ മുസ്ലിം സ്ത്രീകള്‍ക്ക് വിശ്വാസത്തിന്റെ ഭാഗമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹിജാബ് ധരിച്ച് പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. യാതൊരു വിട്ടുവീഴ്ചയുമില്ല. ഹൈക്കോടതി ഉത്തരവ് എല്ലാവരും പാലിക്കണം. പരീക്ഷ എഴുതണമെങ്കില്‍ ഹിജാബ് എടുത്തുമാറ്റണമെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് സ്വാഭാവികമായും നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പ്രതികരിച്ചു. അത്തരം സംഭവങ്ങള്‍ കുട്ടികള്‍ സൃഷ്ടിക്കില്ലെന്നാണ് കരുതുന്നത്. ഭയം കൂടാതെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതണമെന്നും അദ്ദേഹം പറഞ്ഞു.
8.74 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. 48000 പരീക്ഷാ ഹാളുകള്‍ ഒരുക്കിയിട്ടുണ്ട്. അവസാന പരീക്ഷ ഏപ്രില്‍ 11നാണ്. അതേസമയം, പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് ചില മുസ്ലിം വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹിജാബ് വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമല്ല എന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചാണ് കോടതി ഹിജാബ് നിരോധനം ശരിവച്ചിരിക്കുന്നത്.
അതേസമയം, ഹുബ്ബള്ളി ജില്ലയില്‍ ഹിജാബ് ധരിച്ച് വന്ന വിദ്യാര്‍ഥിനികളെ അധ്യാപകര്‍ തടഞ്ഞു. ഒരു വിദ്യാര്‍ഥി വീട്ടിലേക്ക് മടങ്ങി ഹിജാബില്ലാതെ മടങ്ങിയെത്തി പരീക്ഷ എഴുതി. വസ്ത്രം മാറിവരുന്നതിന് അധിക സമയം ഈ വിദ്യാര്‍ഥിനിക്ക് നല്‍കി. അതേസമയം, ബാഗല്‍കോട്ടില്‍ അധ്യാപകര്‍ തടഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങി. ഉഡുപ്പിയില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥിനികള്‍ ഹിജാബ് നിരോധനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി എന്ന് പരിഗണിക്കുമെന്ന് വ്യക്തമല്ല. മുസ്ലിം വ്യക്തി നിയമബോര്‍ഡ്, സമസ്ത എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications