കന്നുകാലി വ്യാപാരിയെ അടിച്ചുകൊന്നു; ക്രൂരമായ സംഭവം കര്‍ണാടകയില്‍, പ്രതിഷേധം, കേസ്
ബെംഗളൂരു: കര്‍ണാടകയില്‍ കന്നുകാലി വ്യാപാരിയെ മര്‍ദ്ദിച്ച് അവശനാക്കി കൊലപ്പെടുത്തി. രാമനഗര ജില്ലയിലാണ് ക്രൂരമായ സംഭവം. പശുസംരക്ഷകരെന്ന് അവകാശപ്പെടുന്നവരാണ് കൊലപാതകം നടത്തിയത്. ശനിയാഴ്ചയാണ് സംഭവം. യുവാവിന്റെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇദ്രീസ് പാഷയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. വലിയ പ്രതിഷേധമാണ് സംഭവത്തില്‍ നടക്കുന്നത്. ഇതോടെ പ്രതികള്‍ക്കെതിരെ പോലീസ് വ്യാപരമായ തിരച്ചില്‍ നടത്തുകയാണ്. പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു.
പുനീത് കേരഹള്ളി എന്ന ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകനാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാത്തനൂര്‍ സ്വദേശിയാണ് ഇദ്രീസ് പാഷ. ഇദ്ദേഹത്തിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടൊപ്പം പ്രദേശവാസികളും ചേര്‍ന്നു. വലിയ പ്രതിഷേധമാകുമെന്ന് കണ്ടതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കൂ എന്ന് ഇദ്രീസിന്റെ കുടുംബം അറിയിച്ചു. ഇതോടെയാണ് പോലീസ് നടപടി വേഗത്തിലാക്കിയത്.

പുനീത് കേരഹള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇദ്രീസിന്റെ കുടുംബം രംഗത്തുവന്നു. ഇദ്രീസിനെ പിടിച്ചുവച്ചിട്ടുണ്ടെന്നും വിട്ടയക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ വേണമെന്നും പുനീത് വെള്ളിയാഴ്ച വൈകീട്ട് ആവശ്യപ്പെട്ടുവെന്ന് കുടുംബം പറയുന്നു. പണം തന്നില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയത്രെ. പശുസരംക്ഷകരായ ആളുകളാണ് പാഷയുടെ കന്നുകാലി വാഹനം തടഞ്ഞതെന്ന് പോലീസ് എഫ്‌ഐആറില്‍ പറയുന്നു.
പ്രാദേശിക ചന്തകളില്‍ നിന്നാണ് ഇദ്രീസ് പാഷ കന്നുകാലികളെ വാങ്ങാറുള്ളത്. ഇതിന് മതിയായ രേഖകളുമുണ്ട്. പാകിസ്താനിലേക്ക് പോകൂ എന്ന ആക്രോശിച്ചാണ് പുനീത് മര്‍ദ്ദിച്ചത്. ഇവിടെ നിന്ന് പാഷ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുനീതും സംഘവും പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പാഷയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. ഇതാണ് മരണകാരണമന്ന് പോലീസ് പറയുന്നു.
ശനിയാഴ്ച റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ഇതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ജനക്കൂട്ടം തടിച്ചുകൂടി. ഇദ്രീസിന്റെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചു. തുടര്‍ന്ന് പോലീസ് എത്തുകയും ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് മൃതദേഹം പോലീസിന് കൈമാറിയത്. ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ത്യ ശിക്ഷാ നിയമത്തിലെ 302, 341, 504 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റു പ്രതികളെ വൈകാതെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ക്രമസമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പുനീതിന്റെ കൂട്ടു പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.












Click it and Unblock the Notifications