ഉത്സവങ്ങളില്‍ ഡിജെയും ഐറ്റംസോങ്ങും വേണ്ട; സംസ്‌കാരത്തെ നശിപ്പിക്കും: നിരോധന നീക്കവുമായി ഈ സംസ്ഥാനം
ബെംഗളൂരു: ഉത്സവ പറമ്പുകളിലും കല്യാണ ചടങ്ങുകളിലും പാര്‍ട്ടികളിലും എന്നു വേണ്ട എല്ലാ
ആഘോഷ പരിപാടികളിലും ഒഴിവാക്കാനാകാത്ത ഒന്നായി ഡിജെ മാറിയിട്ടുണ്ട്. കാതടിപ്പിക്കുന്ന സംഗീതത്തിനും മിന്നിത്തിളങ്ങുന്ന വെളിച്ചത്തിനും ഒപ്പം കാണികളും മതിമറന്ന് നൃത്തം ചെയ്യുന്നു. പൊതു പരിപാടികളില്‍ ആളു കൂടണമെങ്കില്‍ ഡിജെ വേണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാലിത് ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ത്തുന്നവരും നമ്മുടെ ഇടയിലുണ്ട്.
ഇപ്പോഴിതാ കര്‍ണാടക സുപ്രധാനമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ്. ഇത് ഒരു വിഭാഗത്തെ സന്തോഷിപ്പിക്കുമ്പോള്‍ പുതുതലമുറയില്‍ പെട്ടവരെ നിരാശപ്പെടുത്തുന്നു. കര്‍ണാടകയിലെ സാംസ്‌കാരിക പരിപാടികളിലും മതപരമായ ഘോഷയാത്രകളിലും അമിത ശബ്ദത്തിലുള്ള ഡിജെ സംവിധാനങ്ങളും ഐറ്റം സോങ്ങുകളും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു.
ബുധനാഴ്ച നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് കന്നഡ-സാംസ്‌കാരിക വകുപ്പ് മന്ത്രി ശിവരാജാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം സംഗീത പരിപാടികള്‍ നാടിന്റെ സംസ്‌കാരത്തിന് ഗുണകരമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. തൊഴില്‍ മന്ത്രി സന്തോഷ് ലാഡാണ് സഭയില്‍ ഈ വിഷയം ഉന്നയിച്ച് നിരോധനം ആവശ്യപ്പെട്ടത്.

മഹത് വ്യക്തികളുടെ ജയന്തി ആഘോഷങ്ങളിലും ഉത്സവങ്ങളിലും ഡിജെയും ഐറ്റം സോങ്ങുകളും വലിയൊരു സാംസ്‌കാരിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും, ഇത്തരം പാട്ടുകളില്ലാതെ ദൈവങ്ങളുടെ ഘോഷയാത്രകള്‍ മുന്നോട്ട് നീങ്ങാത്ത അവസ്ഥ ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് കര്‍ശനമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
നിരോധന നീക്കത്തിന് പ്രതിപക്ഷമായ ബിജെപിയുടെ പിന്തുണ മന്ത്രി ശിവരാജ് തേടിയെങ്കിലും സഭയില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. ബിജെപിക്കുള്ളില്‍ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായമാണ് ഉയര്‍ന്നുവന്നത്. ഡിജെ നിരോധിക്കുന്നതിനോടൊപ്പം തന്നെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ബാങ്ക് വിളിയും നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്ന് ശിവമൊഗ്ഗയില്‍ നിന്നുള്ള ബിജെപി എംഎല്‍എ എസ്.എന്‍ ചന്നബസപ്പ ചോദിച്ചത്.
തുടര്‍ന്ന് സ്പീക്കര്‍ യു.ടി ഖാദര്‍ ചര്‍ച്ചയില്‍ ഇടപെടുകയും ശബ്ദമലിനീകരണം സംബന്ധിച്ച് സുപ്രീം കോടതി നിശ്ചയിച്ച നിശ്ചിത ഡെസിബല്‍ പരിധി പാലിക്കാന്‍ എല്ലാ സര്‍ക്കാരുകളും ബാധ്യസ്ഥരാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അതേസമയം, ബിജെപിയിലെ മുതിര്‍ന്ന നേതാവ് എസ് സുരേഷ് കുമാര്‍ നിരോധനത്തെ പിന്തുണച്ച് രംഗത്തെത്തി. അമിത ശബ്ദമുള്ള ഡിജെകള്‍ കാരണം ഹൃദയത്തില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചവര്‍ അനുഭവിക്കുന്ന ദുരിതവും കുട്ടികള്‍ ചെവി പൊത്തി നില്‍ക്കുന്ന സാഹചര്യവും ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന് പോലും പലപ്പോഴും ഇക്കാര്യത്തില്‍ നിസഹായരായി നില്‍ക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശികമായ ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലാണ് ഡിജെ നിരോധന വിഷയം സജീവമായത്. ഓരോ പ്രദേശത്തിന്റെയും ചരിത്രവുമായി ബന്ധപ്പെട്ടായിരിക്കണം ഉത്സവങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്ന് സാംസ്‌കാരിക മന്ത്രി പറഞ്ഞു.
ഓരോ ജില്ലയ്ക്കും സ്വന്തമായ ആഘോഷങ്ങള്‍ ഉണ്ടാകുന്നത് പ്രാദേശിക സംസ്‌കാരം അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ സഹായിക്കുമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഉത്സവങ്ങള്‍ വെറുമൊരു കലാപരിപാടിയില്‍ ഒതുങ്ങാതെ പ്രാദേശിക കലാകാരന്മാര്‍ക്ക് സാമ്പത്തിക ഗുണം ലഭിക്കുന്ന രീതിയില്‍ വര്‍ഷം മുഴുവന്‍ നീളുന്ന പ്രവര്‍ത്തനങ്ങളാക്കി മാറ്റണമെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ നിര്‍ദേശിച്ചു. വെറും രണ്ട് ദിവസത്തെ പരിപാടിക്കായി കോടിക്കണക്കിന് രൂപ ചിലവാക്കുന്നതിലെ സാംഗത്യവും അദ്ദേഹം ചോദ്യം ചെയ്തു. പ്രശസ്തരായ ഗായകരെയും ഐറ്റം സോങ്ങുകളെയും കൊണ്ടുവന്നാലേ ആളുകള്‍ ഇത്തരം പരിപാടികള്‍ക്ക് എത്തൂ എന്ന സ്ഥിതിയാണെന്ന് മന്ത്രി സന്തോഷ് ലാഡ് ഇതിനോട് പ്രതികരിച്ചു. ൗ പുതിയ നയം കര്‍ണാടകയിലെ സാംസ്‌കാരിക പരിപാടികളുടെ നടത്തിപ്പില്‍ വലിയ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications