മദനിക്ക് ജാമ്യം വേണ്ടെന്ന് കര്‍ണാടകം
ദില്ലി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ സ്വാധീനമുള്ള മദനി ജാമ്യത്തില്‍ ഇറങ്ങിയാല്‍ വിചാരണ തടസ്സപ്പെടാന്‍ പോലും ഇടയുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
മദനിയുടെ ആരോഗ്യ നിലയെപ്പറ്റിയും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ഗുരുതരമായ രോഗങ്ങളൊന്നും മദനിക്കില്ല എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രായത്തിന്‍റെ ഭാഗമായുള്ള അസുഖങ്ങള്‍ മാത്രമേ ഉള്ളൂ എന്നും സ്വകര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ കഴിയില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

2013 നവംബര്‍ 18 നാണ് സുപ്രീം കോടി വീണ്ടും മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇതിനെ കര്‍ണാടകം എതിര്‍ക്കും. മദനിക്ക് മാനുഷിക പരിഗണന നല്‍കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടും കര്‍ണാകത്തിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു നിലപാടും ഇതുവരെ ഉണ്ടായിട്ടില്ല.
നേത്ര ശസ്ത്രക്രിയ നടത്താന്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ മാസം മദനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ പ്രമേഹം നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തില്‍ ശസ്ത്രക്രിയ മാറ്റിവച്ച് മദനിയെ വീണ്ടും ജയിലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട മദനി ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ഉള്ളത്.












Click it and Unblock the Notifications