
തമിഴ്നാടും കര്‍ണാടകയും നേരിട്ട് പോരിന്; മേക്കേദാട്ട് പദ്ധതിയ്ക്കെതിരായ പ്രമേയം അംഗീകരിക്കില്ലെന്ന് കര്‍ണാടക
ബെംഗളൂരു: മേക്കേദാട്ട് അണക്കെട്ട് പദ്ധതിയെ ചൊല്ലി കര്‍ണാടക - തമിഴ്നാട് പോര് മുറുകുന്നു. അണക്കെട്ട് നിര്‍മാണത്തിനെതിരെ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിനെതിരെ കര്‍ണാടക രംഗത്തെത്തി. തമിഴ്നാട് നിയമസഭയില്‍ ഐകകണ്ഠേന പാസാക്കിയ പ്രമേയം കര്‍ണാടക സര്‍ക്കാര്‍ തള്ളിക്കളയുകയും മേക്കേദാട്ടു പദ്ധതി നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അവര്‍ അറിയിച്ചു. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം 67 ടി എം സി വെള്ളം സംഭരിക്കാന്‍ ഒരു ബാലന്‍സിങ് റിസര്‍വോയര്‍ നിര്‍മ്മിക്കുന്നതാണ് മേക്കേദാട്ടു മള്‍ട്ടി പര്‍പ്പസ് (ഡ്രിങ്കിംഗ് ആന്‍ഡ് പവര്‍) പദ്ധതി.
തമിഴ്നാട് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിന് യാതൊരു വിലയുമില്ലെന്നും കര്‍ണാടക മേക്കേദാട്ട് പദ്ധതി നടപ്പാക്കുമെന്നും അതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ജലവിഭവ മന്ത്രി ഗോവിന്ദ് കാര്‍ജോള്‍ ട്വീറ്റില്‍ പറഞ്ഞു. അടുത്തിടെ അന്തര്‍ സംസ്ഥാന ജലപ്രശ്നങ്ങളില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സര്‍വകക്ഷിയോഗം വിളിക്കുകയും യോഗത്തില്‍ മേക്കേദാട്ട് വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. കര്‍ണാടകയ്ക്കും പ്രത്യേകിച്ച് ബെംഗളൂരുവിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനും മേക്കേദാട്ട് ആവശ്യമാണെന്ന് എല്ലാ പാര്‍ട്ടികളും സമ്മതിച്ചിരുന്നു.
ശബരിമല സ്ത്രീപ്രവേശനത്തോടനുബന്ധിച്ച അക്രമം; കെ പി ശശികലയ്ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

മേക്കേദാട്ട് പദ്ധതിക്ക് കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അംഗീകാരം നല്‍കുന്നതിനായി മന്ത്രി കര്ജോള് ഡല്‍ഹിയിലേക്ക് വൈകാകെ പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര ഷെഖാവത്തിനെ കാണാന്‍ എല്ലാ പാര്‍ട്ടി അംഗങ്ങളുടെയും പ്രതിനിധി സംഘത്തെ കൊണ്ടുപോകുന്ന കാര്യവും കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും (4.75 ടി എം സി) കുടിവെള്ളം ഉറപ്പാക്കാനാണ് മേക്കേദാട്ട് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. അണക്കെട്ട് നിര്‍മാണത്തില്‍ നിന്ന് കര്‍ണാടക സര്‍ക്കാരിനെ തടയാനും തമിഴ്നാട്ടിലെ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനും എടുത്ത എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ നല്കുന്ന പ്രമേയം തിങ്കളാഴ്ചയാണ് തമിഴ്നാട് നിയമസഭയില്‍ പാസാക്കിയത്.

തമിഴ്നാട് വെള്ളത്തിനായി കേഴേണ്ട അവസ്ഥയിലാണെന്നും പദ്ധതിക്ക് അനുമതി നല്‍കരുതെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലവിഭവ മന്ത്രി ദുരൈ മുരുകന് പറഞ്ഞു. അതേസമയം മേക്കേദാട്ട് പദ്ധതിയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് എ ഐ എ ഡി എം കെ കോ - ഓര്‍ഡിനേറ്റര്‍ ഒ പനീര്‍ശെല്‍വം രംഗത്തെത്തിയത്. പദ്ധതിയ്ക്കെതിരെ തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടില്‍ ബി ജെ പി, എ ഐ എ ഡി എം കെയുമായി സഖ്യത്തിലാണ്. കര്‍ണാടകത്തിലാകട്ടെ ബി ജെ പിയാണ് സംസ്ഥാനം ഭരിക്കുന്നത്. മേക്കേദാട്ട് അണക്കെട്ട് നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ബി ജെ പി പൊതുവെ സ്വീകരിച്ചിട്ടുള്ളത്.

ബെംഗളൂരുവിലും സമീപ ജില്ലകളിലും കുടിവെള്ളം എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് മേക്കേദാട്ട് അണക്കെട്ട് പദ്ധതി. കര്‍ണാടക സര്‍ക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. ബെംഗളൂരുവിലും സമീപ ജില്ലകളിലും കുടിവെള്ളത്തിനുള്ള ആവശ്യം നിറവേറ്റുന്നതിനായി 2013 -ല്‍ പ്രഖ്യാപിച്ച മേക്കേദാട്ട് പദ്ധതിക്ക് 9000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരിക്കുന്നത്. എന്നാല്‍, കാവേരി നദിയില്‍ അണക്കെട്ട് വന്നാല്‍ തമിഴ്നാടിന് ലഭിക്കുന്ന വെള്ളത്തില്‍ കുറവ് വരും എന്നാണ് തമിഴ്നാട് ഉന്നയിക്കുന്ന പ്രധാനപ്പെട്ട വിഷയം.

എന്നാല്‍ തമിഴ്നാടുമായുള്ള മേക്കേദാട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാടുമായി ചര്‍ച്ച നടത്തേണ്ടതില്ല എന്ന നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍. ഡി പി ആര് അംഗീകരിക്കുകയും പാരിസ്ഥിതിക അനുമതി നേടുകയും ചെയ്യുക എന്നതാണ് തങ്ങളുടെ മുന്നിലുള്ള ഒരേയൊരു അജണ്ട എന്നാണ് കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബാസവരാജ ബൊമ്മെ പറഞ്ഞത്. മേക്കേദാട്ട് പദ്ധതിയില്‍ കര്‍ണാടകയും തമിഴ്നാടും തമ്മില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞിരുന്നു.