കർണാടക പൊലീസ് മേധാവി പ്രവീണ്‍ സൂദ് അടുത്ത സിബിഐ ഡയറക്ടറാവും: നിയമനം രണ്ട് വർഷത്തേക്ക്
ദില്ലി: പ്രവീണ്‍ സൂദ് അടുത്ത സി ബി ഐ ഡയറക്ടറാവും. നിലവില്‍ കർണാടക പൊലീസ് മേധാവിയാണ്. ഇപ്പോഴത്തെ സി ബി ഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാളിന്റെ കാലാവധി മേയ് 25ന് അവസാനിക്കുന്നതോടെ പ്രവീണ്‍ സൂദ് ചുമതലയേൽക്കും. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി വൈ ചന്ദ്രചൂഡ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർ ചേർന്നാണ് പുതിയ സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുത്തത്. സൂദിന്റെ പേരിനെതിരെ ചൗധരി വിയോജനക്കുറിപ്പ് സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്.

മധ്യപ്രദേശ് ഡി ജി പി സുധീർ സക്‌സേനയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റൊരു മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥൻ. കർണാടക കേഡറിലെ 1986 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് സൂദ്. മൂന്ന് വർഷം മുമ്പാണ് സംസ്ഥാന ഡി ജി പിയായി നിയമിതനായത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള അദ്ദേഹം ഐ ഐ ടി-ഡൽഹിയിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. 2024 മെയ് മാസത്തിൽ അദ്ദേഹം വിരമിക്കേണ്ടതാണെങ്കിലും ഇപ്പോൾ രണ്ട് വർഷത്തെ കാലാവധി കൂടി ലഭിച്ചതോടെ കുറഞ്ഞത് 2025 മെയ് വരെ പദവിയില്‍ തുടരുകയും ചെയ്യും.
സംസ്ഥാനത്തെ ബി ജെ പി സർക്കാരിനെ സംരക്ഷിക്കുകയാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ ആരോപണങ്ങളെ തുടർന്ന് മാർച്ചിൽ സൂദ് വാർത്തകളിൽ ഇടം നേടിയിരുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് ഡയറക്ടർ ജനറലിനെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications