കോണ്‍ഗ്രസ് തൂത്തുവാരും; ഒറ്റയ്ക്ക് ഭരിക്കും... കര്‍ണാടകയില്‍ പുതിയ സര്‍വ്വെ ഫലം
ജെഡിഎസിന്റെ സഹായമില്ലാതെ തന്നെ കോണ്‍ഗ്രസിന് ഭരിക്കാന്‍ സാധിക്കുമെന്നാണ് അഭിപ്രായ സര്‍വ്വെ ഫലം

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് പ്രീ പോള്‍ സര്‍വ്വെ. ലോക് പോള്‍ നടത്തിയ സര്‍വ്വെ ഫലമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വ്വെയില്‍ പറയുന്നു. മെയ് മാസത്തിലാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത.
കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും ശക്തമായ പ്രചാരണം ആരംഭിച്ചിരിക്കെ പുറത്തുവന്ന സര്‍വ്വെ ഫലം കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ്. 113 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരണം നടത്താം. അറിയാം വിശദാംശങ്ങള്‍ ...

2018ല്‍ സംഭവിച്ചത് ഇതാണ്
2018ല്‍ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഏറ്റവും വലിയ കക്ഷിയായത് ബിജെപിയായിരുന്നു. എന്നാല്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കി ഭരണം പിടിച്ചു. ഇതോടെ പ്രതിപക്ഷത്തായ ബിജെപി സര്‍ക്കാരിനെ മറിച്ചിടാന്‍ കരുനീക്കം നടത്തി. മാസങ്ങള്‍ക്ക് ശേഷം അവര്‍ ലക്ഷ്യം കാണുകയും ചെയ്തു.

എല്ലാവരും ഒറ്റയ്ക്ക്
കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ കൂട്ടത്തോടെ കളംമാറി. ഇവര്‍ മുംബൈയിലേക്ക് പോകുകയും ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലംപതിച്ചു. ഈ സഖ്യം പിന്നീട് പിരിയുകയും ചെയ്തു. ഇത്തവണ തിരഞ്ഞെടുപ്പില്‍ മൂന്ന് കക്ഷികളും വേറിട്ടാണ് മല്‍സരിക്കുന്നത്.

ജെഡിഎസ് ഇല്ലെങ്കിലും...
കര്‍ണാടകയില്‍ പലപ്പോഴും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായത് ജെഡിഎസിന്റെ നിലപാടായിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വരുമ്പോള്‍ ജെഡിഎസ് പിന്തുണയ്ക്കുന്നവര്‍ക്ക് ഭരണം നടത്താമെന്ന സാഹചര്യം വരും. അതുകൊണ്ടുതന്നെ ബിജെപിക്കൊപ്പവും കോണ്‍ഗ്രസിനൊപ്പവും നിന്ന ചരിത്രമുണ്ട് ജെഡിഎസിന്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാകുമെന്നാണ് അഭിപ്രായ സര്‍വ്വെ.

സര്‍വ്വെ ഫലം ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ലഭിക്കുമെന്ന് സര്‍വ്വെയില്‍ പറയുന്നു. 116 മുതല്‍ 122 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വ്വെ ഫലം. ബിജെപിക്ക് 77 മുതല്‍ 83 സീറ്റ് വരെ ലഭിച്ചേക്കും. ജെഡിഎസിന് 21 മുതല്‍ 27 വരെ സീറ്റുകളും. മറ്റു കക്ഷികള്‍ക്ക് 4 സീറ്റ് വരെ കിട്ടിയേക്കും. ഈ ഫലം ശരിയാകുകയാണെങ്കില്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണം പിടിക്കും.

മോദി ഫാക്ടര്‍
224 മണ്ഡലങ്ങളില്‍ നിന്നും 200 സാംപിള്‍ വീതമെടുത്താണ് സര്‍വ്വെ നടത്തിയിരിക്കുന്നത്. ജനുവരി 15 മുതല്‍ ഫെബ്രുവരെ 28 വരെയാണ് സര്‍വ്വെ നടത്തിയത്. ഓരോ മണ്ഡലത്തിലെയും 30 ബൂത്തുകള്‍ കണക്കാക്കിയായിരുന്നു സര്‍വ്വെ. സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് ബിജെപിക്ക് തിരിച്ചടിയാകുക എന്ന് സര്‍വ്വെയില്‍ സൂചിപ്പിക്കുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കര്‍ണാടകയിലെ വോട്ടര്‍മാര്‍ ഇപ്പോഴും വിശ്വാസമര്‍പ്പിക്കുന്നു എന്നും സര്‍വ്വെയില്‍ വ്യക്തമാണ്.












Click it and Unblock the Notifications