കർണാടക ഫലം: 'വെറുപ്പിന്റെ കമ്പോളം അടപ്പിച്ചു, സ്നേഹത്തിന്റെ കട തുറന്നു', ജനത്തിന് നന്ദി പറഞ്ഞ് രാഹുൽ
ദില്ലി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കര്‍ണാടകത്തിലെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും നന്ദി പറയുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
''കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഒരു വശത്ത് ക്രോണി ക്യാപിറ്റലിസത്തിന്റെ കരുത്തായിരുന്നു. മറുവശത്ത് പാവപ്പെട്ട ആളുകളായിരുന്നു കരുത്ത്. ദില്ലി എഐസിസി ആസ്ഥാനത്ത് വെച്ചാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. കര്‍ണാടകത്തില്‍ സംഭവിച്ചത് തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സംഭവിക്കും''.

''കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണാടകത്തില്‍ പാവപ്പെട്ടവര്‍ക്കൊപ്പം നിന്നു. അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ശബ്ദം ഉയര്‍ത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പോരാട്ടം തങ്ങള്‍ നടത്തിയത് വെറുപ്പിനെയോ അധിക്ഷേപത്തെയോ കൂട്ടുപിടിച്ചല്ല. തങ്ങള്‍ സ്‌നേഹത്തോടെ, ഹൃദയം തുറന്നാണ് ഈ പോരാട്ടം നടത്തിയത്''. കര്‍ണാടകത്തിലെ ജനം കാണിച്ച് തന്നത് രാജ്യം സ്‌നേഹത്തിന്റെ ഭാഷ ആഗ്രഹിക്കുന്നു എന്നാണെന്നും രാഹുല്‍ പറഞ്ഞു.
''കര്‍ണാടകത്തില്‍ വെറുപ്പിന്റെ കമ്പോളം അടയ്ക്കുകയും സ്‌നേഹത്തിന്റെ കട തുറക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇത് എല്ലാവരുടേയും വിജയമാണ്. ഏറ്റവും പ്രധാനമായി ഇത് കര്‍ണാടകത്തിലെ ജനങ്ങളുടെ വിജയമാണ്. തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് 5 വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. താനും ഖാര്‍ഗെയും അടക്കമുളള നേതാക്കള്‍ ഇക്കാര്യം പ്രസംഗങ്ങളില്‍ പറഞ്ഞിരുന്നു. 5 വാഗ്ദാനങ്ങളും ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പിലാക്കും'', രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications