വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറി; വിലക്കേര്‍പ്പെടുത്തി സ്‌കൂള്‍, അഞ്ച്പേര്‍ പുറത്ത്
ബംഗളൂരു: ഹിജാബ് ധരിച്ചതെക്കിയ മുസ്ലിം വിദ്യാര്‍ത്ഥിനികളോട് അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ചിക്കമംഗളൂരു ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലാണ് സംഭവം. തീവ്രഹിന്ദു സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ റാലി നടത്തിയതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഈ നടപടി. പ്രിന്‍സിപ്പള്‍ നേരിട്ട് എത്തി അഞ്ച് വിദ്യാര്‍ത്ഥിനികളോട് ക്ലാസിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിശ്ചിത ഡ്രസ് കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കാവി ഷാള്‍ അണിഞ്ഞ് കോളജിലെത്തിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുെ സമ്മര്‍ദ്ദം മൂലമാണ് വിദ്യാര്‍ത്ഥികളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം വിദ്യാര്‍ത്ഥനികള്‍ക്ക് ക്ലാസ് റൂമിന് പുറമെ മറ്റ് സ്ഥലങ്ങളില്‍ ഹിജാബ് ധരിക്കാമെന്നും കോളജ് അധികൃതര്‍ അറിയിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മുസ്ലീം പെണ്‍കുട്ടികളെ ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ പോകാന്‍ അനുവദിച്ചതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഡ്രസ് കോഡ് ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഈ വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച കാവി ഷാളുകളിട്ട് പ്രതിഷേധക്കാര്‍ തിരിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ചില സ്റ്റാഫ് അംഗങ്ങള്‍ ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ അനന്ത് എസ്സിനോട് പരാതിപ്പെട്ടിരുന്നു.

സ്‌കാര്‍ഫ് ധരിക്കുന്നത് കോളേജ് ഡ്രസ് കോഡിന്റെ ലംഘനത്തിന് തുല്യമല്ലെന്ന് പ്രിന്‍സിപ്പല്‍ അനന്ത് പറഞ്ഞു. സ്‌കാര്‍ഫ് പ്രശ്‌നം രക്ഷിതാക്കളുടെ മീറ്റിംഗില്‍ ചര്‍ച്ചചെയ്തിരുന്നുവെന്നും അതിനനുസരിച്ച് വിദ്യാര്‍ത്ഥികളെ ഉപദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും ഉയര്‍ന്നുവന്ന പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. കാമ്പസിലെ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ലെന്നും ഇത് ഉചിതമായി കൈകാര്യം ചെയ്യേണ്ട ബാധ്യത കോളേജ് മാനേജ്മെന്റിനാണെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയത്. ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാതിരുന്നത് പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. പിന്നീട് കളക്ടറുടെ ഇടപെടലില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനികളുടെ ഭരണഘടനാ പരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കളക്ടര്‍ വ്യക്തമാക്കുകയായിരുന്നു.
ഹിജാബ് ധരിച്ചെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ കോളേജില്‍ മൂന്ന് ദിവസമാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. യൂണിഫോമിലെ ഒരേ സ്വഭാവത്തിന് ഹിജാബ് വിലങ്ങ് തടിയാവുന്നെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. കോളേജിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടിരുന്നു.
ഇതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിന്ദി , കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളേജില്‍ വളപ്പില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നാണ് പ്രിന്‍സിപ്പലിന്റെ ഉത്തരവ്. ഹിജാബ് വിഷയത്തില്‍ രക്ഷിതാക്കളെത്തി ചര്‍ച്ച നടത്തിയിട്ടും കോളേജ് അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. മുസ്ലീം സമുദായത്തില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും ആറ് പേരൊഴികെ ആരും ശിരോവസ്ത്രം ധരിക്കുന്നില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് മാംസാഹാരം വിളമ്പിയ ബാഗല്‍കോട്ടിലെ സ്‌കൂള്‍ നേരത്തെ വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications