'പാകിസ്താനിലേക്ക് പോകൂ'... അധ്യാപികയ്ക്ക് സ്ഥലം മാറ്റം, വിവാദ സംഭവം കര്‍ണാടകയില്‍
ബെംഗളൂരു: മുസ്ലിം വിദ്യാര്‍ഥികളോട് അധ്യാപിക വര്‍ഗീയമായി സംസാരിച്ചുവെന്ന് ആരോപണം. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. കുട്ടികളും അധ്യാപികയും തമ്മില്‍ വാഗ്വാദമുണ്ടായ വേളയിലാണ് മോശമായി രീതിയില്‍ അധ്യാപിക സംസാരിച്ചതത്രെ. വിദ്യാര്‍ഥികളോട് പാകിസ്താനിലേക്ക് പോകൂ എന്നാണ് അധ്യാപിക മഞ്ജുള ദേവി പറഞ്ഞത്.
ഇവിടെയുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ മാതൃഭാഷ പഠിപ്പിക്കുന്ന അധ്യാപികയാണ് മഞ്ജുള ദേവി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവര്‍ ഈ സ്‌കൂളില്‍ പഠിപ്പിക്കുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അധ്യാപികയെ സ്ഥലംമാറ്റി. അധ്യാപികയ്‌ക്കെതിരെ മുസ്ലിം വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തുവെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പി നാഗരാജ് സ്ഥിരീകരിച്ചു. വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നടപടി. എന്നാല്‍ വ്യക്തമായ തെളിവ് അധ്യാപികയ്‌ക്കെതിരെ ലഭിച്ചിട്ടില്ലെന്നും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നുവരികയാണ്. മുസ്ലിം വിദ്യാര്‍ഥികളോട് വിദ്വേഷപരമായി അധ്യാപിക സംസാരിച്ചുവെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയിലും ആരോപണമുണ്ടായിരുന്നു. സര്‍വോദയ ബാല വിദ്യാലയത്തിലെ ഹേമ ഗുലാത്തിക്കെതിരെയായിരുന്നു ആരോപണം. വിഭജന കാലത്ത് നിങ്ങളുടെ പൂര്‍വികര്‍ എന്തുകൊണ്ട് പാകിസ്താനിലേക്ക് പോയില്ല എന്നായിരുന്നു അധ്യാപിക ചോദിച്ചത്. ഡല്‍ഹി പോലീസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്ത് മറ്റു കുട്ടികളെ കൊണ്ട് അടിപ്പിച്ച അധ്യാപികയുടെ നടപടിയും വിവാദമായിരുന്നു. ത്രിപ്ത ത്യാഗി എന്ന അധ്യാപികക്കെതിരെ ദേശീയതലത്തില്‍ പ്രതിഷേധം ഉയരുകയും കേസെടുക്കുകയും ചെയ്തു. പിന്നീട് അധ്യാപിക സംഭവത്തില്‍ മാപ്പ് ചോദിച്ചു. നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ് ക്രൂരത ചെയ്തത്. തുടര്‍ന്ന് സ്‌കൂള്‍ താല്‍ക്കാലികമായി അടയ്ക്കുകയും വിദ്യാര്‍ഥി മറ്റൊരു സ്‌കൂളിലേക്ക് മാറുകയും ചെയ്തു.












Click it and Unblock the Notifications