രാത്രികാല കർഫ്യൂവിൽ യുടേണടിച്ച് കർണ്ണാടക സർക്കാർ: മണിക്കൂറുകൾക്ക് മുമ്പ് തീരുമാനം പിൻവലിച്ചു!!
ബെംഗളൂരു: കൊറോണ വൈറസ് വ്യാപനഭീതിക്കിടെ നടപ്പാക്കാനിരുന്ന രാത്രികാല കർഫ്യൂ പിൻവലിച്ച് കർണ്ണാടക സർക്കാർ. കർഫ്യൂ നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പാണ് കർഫ്യൂ പിൻവലിച്ചതായുള്ള സർക്കാർ പ്രഖ്യാപനം പുറത്തുവരുന്നത്. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ നീക്കം. ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കർഫ്യൂ പിൻവലിച്ചതായുള്ള പ്രഖ്യാപനവും പുറത്തുവരുന്നത്. ഡിസംബർ 24ന് ജനുവരി രണ്ട് വരെയാണ് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. രാത്രി 10 മുതൽ രാവിലെ ആറ് മണിവരെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന സമയക്രമം.
ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈസ് ഭീതി സൃഷ്ടിക്കുന്നതിനിടയാണ് കർണ്ണാടകത്തിൽ രാത്രികാല കർഫ്യൂ നടപ്പിലാക്കാനുള്ള സർക്കാർ നീക്കം. ഡിസംബർ 23ന് അർദ്ധരാത്രി മുതൽ ജനുവരി രണ്ട് വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് കർഫ്യൂ സമയം രാത്രി 11 മുതൽ 5 വരെയാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി. വ്യാഴാഴ്ച മുതൽ മാത്രമാണ് കർഫ്യൂ ആരംഭിക്കുകയെന്നും മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യമന്ത്രി സുധാകർ ടിഎസി അംഗങ്ങളുമായി സംസ്ഥാനത്തെ മുതിർന്ന ആരോഗ്യ വിദഗ്ധരെ വിളിച്ചുചേർത്ത് ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ, ഉത്സവങ്ങൾ, പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട പാർട്ടികൾ എന്നിവയുടെ പേരിൽ ആളുകൾ ഒത്തുചേരുന്നതുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും രാത്രി 10 ഓടെ പൂർത്തിയാക്കണമെന്നും സുധാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊവിഡ് ഭീതി നിലനിൽക്കെ നവംബർ 25 മുതൽ ബ്രിട്ടനിൽ നിന്ന് സംസ്ഥാനത്ത് എത്തിയ എല്ലാവരെയും 28 ദിവസത്തേക്ക് നിർബന്ധിതമായി നിരീക്ഷണത്തിൽ വെക്കുമെന്നും മന്ത്രി പറഞ്ഞു.
കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവരും വിദേശ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരു അല്ലെങ്കിൽ മംഗളൂരു വിമാനത്താവളങ്ങളിലേക്ക് എത്തുന്നവർക്കും ആർടി-പിസിആർ പരിശോധന നടത്തിയ ശേഷമുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്ന് നിർബന്ധമാണ്. യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂർ മുമ്പ് എടുത്തതായിരിക്കണമെന്നും നിർബന്ധമാണ്. വിമാനത്താവളത്തിൽ കൊവിഡ് പരിശോധന നടത്തുന്നതിനായി എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരെയും പരിശോധിക്കാതെ നഗരത്തിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ ഉദ്യോഗസ്ഥരെ അവിടെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications